Top
27
Saturday, May 2017
About UsE-Paper
സ്വതന്ത്രനാക്കാറായിട്ടില്ലെന്ന് ലണ്ടന്‍ പൊലീസ്

അസാഞ്ചെയ്ക്കെതിരായ ബലാത്സംഗക്കേസ് ഉപേക്ഷിച്ചു

Saturday May 20, 2017
വെബ് ഡെസ്‌ക്‌

സ്റ്റോക്ക്ഹോം > വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയ്ക്കെതിരായ ബലാത്സംഗക്കേസ് സ്വീഡന്‍ ഉപേക്ഷിച്ചു. ഏഴുവര്‍ഷത്തെ അന്വേഷണത്തിന് ഒടുവിലാണ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നതായി സ്വീഡിഷ് പബ്ളിക് പ്രോസിക്യൂട്ടര്‍ ഡയറക്ടര്‍ മാരിനെ നി അറിയിച്ചത്. കേസില്‍ അദ്ദേഹത്തിന് എതിരായ അറസ്റ്റ് വാറണ്ട് പിന്‍വലിക്കാന്‍ മാരിയാനെ നി സ്റ്റോക്ക്ഹോം ജില്ലാ കോടതിയെ സമീപിച്ചു.

സ്റ്റോക്ക്ഹോമില്‍ ഒരു പരിപാടിക്കെത്തിയപ്പോള്‍ അസാഞ്ചെ തങ്ങളെ ബലാത്സംഗംചെയ്തെന്ന രണ്ട് യുവതികളുടെ പരാതിയിലാണ് സ്വീഡിഷ് പൊലീസ് അസാഞ്ചെയ്ക്കെതിരെ കേസ് എടുത്തത്. വിക്കിലീക്സ് വളന്റിയര്‍മാരായ രണ്ട് വനിതകളായിരുന്നു ആരോപണത്തിന് പിന്നില്‍.

എന്നാല്‍, ഉഭയകക്ഷി  സമ്മതപ്രകാരമാണ് താന്‍ അവരുമായി ബന്ധപ്പെട്ടതെന്ന് അസാഞ്ചെ പറഞ്ഞു. തങ്ങളുടെ നയതന്ത്രരഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പ്രതികാരമായി അമേരിക്ക രാഷ്ട്രീയപ്രേരിതമായി  കെട്ടിച്ചമച്ചതാണ് കേസ് എന്നാണ് അസാഞ്ചെയുടെ വാദം. തുടര്‍ന്നാണ് ഇക്വഡോര്‍ എംബസി അസാഞ്ചെയ്ക്ക് അഭയം നല്‍കിയത്. 

അതേസമയം അസാഞ്ചെയെ അറസ്റ്റ്് ചെയ്യാനുള്ള മറ്റുവകുപ്പുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി ലണ്ടന്‍ പൊലീസ് അറിയിച്ചു. നിലവില്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലാണ് അസാഞ്ചെ അഭയാര്‍ഥിയായി കഴിയുന്നത്. കേസ് ഉപേക്ഷിച്ച സാഹചര്യത്തില്‍ അസാഞ്ചെ ഉടന്‍ ലണ്ടന്‍ വിടുമെന്ന് വിക്കിലീക്സ് പ്രതിനിധികള്‍ പറഞ്ഞു.

എന്നാല്‍, 2012ല്‍ അസാഞ്ചെയ്ക്കെതിരെ കോടതി പുറപ്പെടുവിച്ച അറസ്റ്റ്് വാറണ്ട് നിലനില്‍ക്കുന്നുവെന്നും അതിനാല്‍ അസാഞ്ചെയ്ക്ക് ലണ്ടന്‍ വിടാന്‍ കഴിയില്ലെന്നും ലണ്ടന്‍ പൊലീസ് അറിയിച്ചു.

2012മുതല്‍ അസാഞ്ചെ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയാര്‍ഥിയാണ്. ലണ്ടന്‍ പൊലീസ് പിടികൂടി തന്നെ സ്വീഡന് കൈമാറുമെന്ന ഭയമാണ് അസാഞ്ചെയെ അഭയാര്‍ഥിയാകാന്‍ പ്രേരിപ്പിച്ചത്.  സ്വീഡന്‍ തന്നെ അമേരിക്കയ്ക്ക് കൈമാറുമെന്നും അസാഞ്ചെ കരുതുന്നു. 2010ല്‍ അമേരിക്കയുടെ നയതന്ത്രരഹസ്യങ്ങള്‍ ചോര്‍ത്തി വിക്കിലീക്സിലൂടെ പുറത്തുവിട്ട സംഭവത്തില്‍ അമേരിക്ക അസാഞ്ചെയെ തേടുന്നുണ്ട്.