Top
24
Wednesday, May 2017
About UsE-Paper

വോട്ടെടുപ്പ് :ഇറാന്‍ പ്രസിഡന്റിനെ ഇന്നറിയാം

Saturday May 20, 2017
വെബ് ഡെസ്‌ക്‌

തെഹ്റാന്‍ > ഇറാനില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് തുടങ്ങി. വെള്ളിയാഴ്ച രാവിലെ എട്ടിന് തുടങ്ങിയ വോട്ടെടുപ്പ് സമാധാനപരമായി തുടരുകയാണ്. എല്ലാവിഭാഗം ജനങ്ങളും നിര്‍ബന്ധമായും സമ്മതിദാനാവകാശം കഴിവതും നേരത്തെ വിനിയോഗിച്ച് വോട്ടെടുപ്പില്‍ പങ്കാളിയാകണമെന്ന് പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി ആഹ്വാനം ചെയ്തു.

വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 63,500 പോളിങ് സ്റ്റേഷനാണ് പ്രവര്‍ത്തിക്കുന്നത്. 5.4 കോടി വോട്ടര്‍മാരാണുള്ളത്.  ഫലപ്രഖ്യാപനം ശനിയാഴ്ചയുണ്ടാകും. 50 ശതമാനം വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ഥിയാണ് അടുത്ത പ്രസിഡന്റാകുക. ആര്‍ക്കും 50 ശതമാനംവോട്ട് ലഭിക്കാത്തപക്ഷം ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മില്‍ വീണ്ടും മത്സരിക്കും.

നിലവിലുള്ള പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയും ഇബ്രാഹിം റൈസിയും തമ്മിലാണ് പ്രധാന മത്സരം. നാല് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 1985 മുതല്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ രണ്ടാമതും ജനവിധി തേടുന്ന സിറ്റിങ് പ്രസിഡന്റുമാര്‍ ജയിക്കുന്നത് പതിവാണ്. അതിനാല്‍ തന്നെ മിതവാദിയായ ഹസ്സന്‍ റൂഹാനി വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. ഹസ്സന്‍ റൂഹാനിയും ഇബ്രാഹിം റൈസിയും തമ്മിലാണ് പ്രധാന മത്സരമെങ്കിലും മുസ്തഫ മിര്‍സലിമും മൊസ്തഫ ഹഷെമിതാബയും ശക്തമായി രംഗത്തുണ്ട്.

തെരഞ്ഞെടുപ്പില്‍ റൂഹാനി പരാജയപ്പെട്ടാല്‍ പരിഷ്കരണവാദികള്‍ക്ക് കനത്ത തിരിച്ചടിയാകും. യാഥാസ്ഥിതിക വാദികള്‍ അധികാരത്തിലെത്തുകയും ചെയ്യും. പരമോന്നതനേതാവ് ആയത്തൊള്ള അലി ഖമേനിയുടെ വിലക്ക് മറികടന്ന് മുന്‍ പ്രസിഡന്റ് അഹമ്മദി നെജാദ് മത്സരിക്കാന്‍ രംഗത്തെത്തിയത് പരിഷ്കരണവാദികളായ റൂഹാനി പക്ഷത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.  എന്നാല്‍, നെജാദിനെ ഗാര്‍ഡിയന്‍ കൌണ്‍സില്‍ അയോഗ്യനാക്കി.