20 May Sunday

കഠ്‌വ ബലാൽസംഗം: ബഹ്‌റൈനിലെ പ്രവാസി പ്രതിഷേധങ്ങള്‍ തടയാൻ ഇന്ത്യന്‍ എംബസി ശ്രമിക്കുന്നതായി ആക്ഷേപം

വെബ് ഡെസ്‌ക്‌Updated: Friday Apr 20, 2018

മനാമ > ജമ്മു കാശ്മീരിലെ കഠ്‌വയില്‍ എട്ടുവയസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രവാസികള്‍ നടത്തുന്ന പ്രതിഷേധങ്ങൾ തടയാൻ  ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയുടെ ശ്രമം. പ്രതിഷേധങ്ങൾ തടയുന്ന ഇന്ത്യൻ എംബസിക്ക്‌ ഐക്യദാർഢ്യവുമായി സംഘപരിവാർ അനുകൂലികളും രംഗത്തെത്തിയതോടെ എംബസി രാഷ്‌ട്രീയ പ്രേരിതമായ നീക്കം നടത്തുന്നതായുള്ള ആക്ക്ഷോണ്‌ ഉയരുന്നത്‌.   

ഒരു മലയാളി പ്രവാസി കൂട്ടായ്മ ബഹ്‌റൈനിലെ കന്നഡ സംഘത്തില്‍ വ്യാഴാഴ്ച വൈകീട്ട് പ്രതിഷേധ സംഗമം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാല്‍ എംബസി നിർദേശമുള്ളതിനാൽ വേദി നല്‍കാനാകില്ലെന്നായിരുന്നു വ്യാഴാഴ്ച രാവിലെ അറിയിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. പരിപാടിയുമായി മുന്നോട്ടുപോകുമെന്നും സംഘാടകര്‍ വ്യക്തമാക്കി.

‘കഠ്‌വ പെൺകുട്ടിക്ക്‌ നീതി’ എന്ന മുദ്രാവാക്യമുയർത്തി കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടിന് ബഹ്‌റൈന്‍ കേരളീയ സമാജം വനിതാ വേദി നടത്താനിരുന്ന പരിപാടിയും അവസാന നിമിഷം മാറ്റിവെച്ചിരുന്നു. മലയാളം ക്ലാസ് ഉള്ളതിനാലും നൃത്ത പരിശീലനം നടക്കുന്നതിനാലുമാണ് പരിപാടി മാറ്റിയതെന്നായിരുന്നു സമാജം വിശദീകരണം. എന്നാല്‍, എംബസി ഇടപെട്ടാണ് പരിപാടി ഒഴിവാക്കിയതെന്നാണ് വിവരം. ഇക്കാര്യം സമാജം സ്ഥിരീകരിച്ചിട്ടില്ല.

എന്നാൽ പ്രവാസി പ്രതിഷേധ സംഗമങ്ങള്‍ തടസപ്പെടുത്തുന്നതായുള്ള ആരോപണം ഇന്ത്യന്‍ എംബസി നിഷേധിച്ചു. തങ്ങള്‍ ആരും നടത്തുന്ന പരിപാടികള്‍ തടയാറില്ലെന്നും അതിനുള്ള അവകാശമില്ലെന്നുമായിരുന്നു ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ എംബസി ഫസ്റ്റ് സെക്രട്ടറി ആനന്ദിന്റെ പ്രതികരണം.

അതേസമയം, എംബസി ഇടപെടല്‍ സ്വാഗതം ചെയ്തും എംബസിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. സമാജം പരിപാടിയിലും എംബസി ഇടപെടല്‍ ഉണ്ടായിരുന്നെന്നും രാജ്യത്തിനു പുറത്തും വിഷം വമിപ്പിച്ച് രാജ്യത്തെ അവമതിക്കുക എന്നതു മാത്രമാണ് കഠ്‌വ വിഷയത്തിൽ പ്രതിഷേധിക്കുന്നവരുടെ ലക്ഷ്യമെന്നാണ്‌ സംഘപരിവാർ അനുകൂലികളുടെ പ്രചരണം. പ്രതിഷേധങ്ങൾ മുടക്കാനായി ഇടപെടൽ നടത്തുന്ന എംബസിക്ക്‌ ഇവര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.    

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top