17 November Saturday

സൗദിയിൽ റെന്റ് എ കാറും സ്വദേശിവൽക്കരിക്കുന്നു

അനസ് യാസിൻUpdated: Monday Mar 19, 2018

മനാമ > സൗദിയിൽ റെന്റ് എ കാർ മേഖലയിലെ തൊഴിലുകൾ തദ്ദേശിയർക്കു മാത്രമായി പരിമിതപ്പെടുത്തി നിർബന്ധിത സ്വദേശിവൽക്കരണം തുടങ്ങി. റെന്റ് എ കാർ സ്ഥാപനങ്ങളിലെ അക്കൗണ്ടിങ്, സൂപ്പർവൈസിങ്, സെയിൽസ്, റസീവിങ്, ഡെലിവറി എന്നീ തൊഴിലുകളാണ് സൗദിവൽക്കരിച്ചത്. തൊഴിൽവിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം ഉയർത്താൻ ലക്ഷ്യമിട്ടാണ് നീക്കം.

ഈ രംഗത്ത് വിദേശികളെ വിലക്കാനും നിയമലംഘകരെ കണ്ടെത്തി ശിക്ഷാനടപടികൾ സ്വീകരിക്കാനും ശക്തമായ പരിശോധന നടത്തുമെന്ന് തൊഴിൽ, സാമൂഹ്യവികസന മന്ത്രാലയം അറിയിച്ചു. നിയമം ലംഘിച്ച് വിദേശികളെ ജോലിക്ക് വയ്ക്കുന്ന സ്ഥാപനങ്ങൾക്ക് തൊഴിലാളികളിൽ ഒരാൾക്ക് 20,000 റിയാൽ വീതം പിഴചുമത്തും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. തൊഴിൽവിപണിയിലെ നിയമലംഘനങ്ങളെക്കുറിച്ച് അറിയിക്കാൻ സ്മാർട്ട്ഫോൺ ആപ്പ് പുറത്തിറക്കിയതായി മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു.

റെന്റ് എ കാർ മേഖലയിൽ തൊഴിൽ തേടുന്ന സൗദികൾക്ക് തൊഴിൽ, സാമൂഹികവികസന മന്ത്രാലയവും അനുബന്ധ സ്ഥാപനങ്ങളും സൗജന്യപരിശീലനം നൽകുന്നുണ്ട്. സ്വയംതൊഴിൽ പദ്ധതിയെന്നോണം സ്വന്തംനിലയ്ക്ക് റെന്റ് എ കാർ സ്ഥാപനങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് സാങ്കേതിക പിന്തുണയും ലഘുവായ്പകളും ലഭ്യമാക്കും. വിദേശികൾ വൻതോതിൽ ജോലി ചെയ്യുന്ന മേഖലയാണിത്. ആയിരകണക്കിന് പ്രവാസികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെന്റ് എ കാർ സ്ഥാപനം നടത്തുകയോ ജോലി ചെയ്യുകയോ ചെയ്യുന്നത്. ഇതിൽ വലിയൊരു വിഭാഗം മലയാളികളാണ്. ഇവർക്ക് ഞായറാഴ്ചയോടെ തൊഴിൽ നഷ്ടപ്പെട്ടു. പുതുതായി പന്ത്രണ്ടു മേഖലകളിൽ കൂടി സമ്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കുന്നത് പ്രവാസികൾക്ക് ആഘാതമാകും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top