21 May Monday

പാനമ കേസ് : പാക് സുപ്രീംകോടതി വാദംകേള്‍ക്കല്‍ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 18, 2017


ഇസ്ളാമാബാദ് > പാനമ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് പാക് സുപ്രീംകോടതി വാദംകേള്‍ക്കല്‍ തുടങ്ങി. പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെയുള്ള അഴിമതി ആരോപണങ്ങളും അനധികൃത സ്വത്തുസമ്പാദനത്തെക്കുറിച്ചുള്ള ആരോപണങ്ങളുമടങ്ങിയ 254 പേജ് റിപ്പോര്‍ട്ടാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ ഫലമായി നവാസ് ഷെരീഫ് രാജിവയ്ക്കേണ്ടിവരുമോയെന്ന് രാജ്യം ഉറ്റുനോക്കുകയാണ്. എന്നാല്‍, ഷെരീഫിനെതിരെ തെളിവുകളില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരുടെ ആരോപണങ്ങളും തെളിവുകളും വ്യാജമാണെന്ന് ഷെരീഫിന്റെ മന്ത്രിസഭാംഗമായ മറിയം ഔറംഗസേബ് കോടതിക്കുപുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം നടത്തുന്ന സമിതിയും പാക് സൈന്യവും ഒത്തുകളിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.

രാജിവയ്ക്കണമെന്ന പ്രതിപക്ഷ പാര്‍ടികളുടെ ആവശ്യം നവാസ് ഷെരീഫ് തള്ളി. രാജ്യത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിക്കാനുള്ള ശ്രമങ്ങളാണ് സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളില്‍ ഷെരീഫ്് കോടതിയില്‍ ഹാജരാകേണ്ടിവരും. മുമ്പ് രണ്ടുതവണ പ്രധാനമന്ത്രിയായപ്പോഴും സൈന്യം അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. മൂന്നാംതവണയും സൈന്യവുമായി അദ്ദേഹം നല്ല ബന്ധത്തിലല്ല.

പ്രധാന വാർത്തകൾ
Top