21 May Monday

റഷ്യന്‍ ബന്ധം : ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 15, 2017

വാഷിങ്ടണ്‍ > യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്ളിന്‍ രാജിവച്ചു.  റഷ്യന്‍ ബന്ധമുണ്ടെന്ന ആരോപണത്തെതുടര്‍ന്നാണ് രാജി. ഫ്ളിന്‍ റഷ്യക്ക് രഹസ്യം ചോര്‍ത്തിയെന്നായിരുന്നു ആരോപണം. 

ട്രംപ് റഷ്യക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന വിവരമാണ് ഫ്ളിന്‍ റഷ്യക്ക് കൈമാറിയതെന്നായിരുന്നു ആക്ഷേപം. റഷ്യക്കുവേണ്ടി രാജ്യവിവരം ചോര്‍ത്തിയ ഒരാള്‍ സുപ്രധാന സ്ഥാനത്തിരിക്കുന്നതില്‍ വ്യാപക വിമര്‍ശം ഉയര്‍ന്നിരുന്നു.

സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ട്രംപ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് രാജി. ഫ്ളിനിനെ ട്രംപ് നിര്‍ബന്ധിപ്പിച്ച് രാജിവയ്പിക്കുകയായിരുന്നുവെന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചു. റിട്ട. ജനറല്‍ കെയ്റ്റ് കെല്ലോഗ് ആയിരിക്കും ഫ്ളിനിനു പകരം സുരക്ഷാ ഉപദേഷ്ടാവുക.

പ്രധാന വാർത്തകൾ
Top