24 September Monday

ഇമ്രാൻ മന്ത്രിസഭാംഗങ്ങളുടെ പട്ടികയായി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

ഇസ്ലാമാബാദ‌് > പാകിസ്ഥാൻ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ 18ന‌് അധികാരമേൽക്കും. അന്നുതന്നെ  മന്ത്രിമാരും ചുമതലയേൽക്കും. മന്ത്രിമാരെ തീരുമാനിച്ചതായി പിടിഐ നേതാക്കൾ അറിയിച്ചു. ഷാ മെഹമൂദ‌് ഖുറൈഷി വിദേശമന്ത്രിയാകും. പർവേസ‌് ഖട്ടക‌് ആഭ്യന്തരവും അസദ‌് ഉമർ ധനകാര്യവും കൈകാര്യംചെയ്യും. വ്യാപാരിയായ അബ്ദുൾ റസാഖ‌് ദാവൂദിനെ ധനകാര്യ ഉപദേശകനാക്കും. നേരത്തെ പർവേസ‌് മുഷറഫിന്റെ കാലത്ത‌് മന്ത്രിസഭാംഗമായിരുന്നു ഇദ്ദേഹം.

സ‌്‌‌പീക്കർ, ഡെപ്യൂട്ടി സ‌്പീക്കർ തെരഞ്ഞെടുപ്പ‌് ബുധനാഴ‌്ച നടക്കും. അസദ‌് ഖൈസറിനെയാണ‌് പിടിഐ സ‌്പീക്കർ സ്ഥാനത്തേക്ക‌് നിർദേശിക്കുന്നത‌്. പിപിപിയും മറ്റു പാർടികളും ചേർന്ന‌് സയിദ‌് ഖുർഷിദ‌് ഷായെയും മത്സരിപ്പിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റിന്റെ ആദ്യയോഗം തിങ്കളാഴ‌്ച ചേർന്നു. 331 അംഗങ്ങൾ സത്യപ്രതിജ്ഞചെയ‌്തു. നിലവിലെ സ‌്പീക്കർ അയസ‌് സാദിഖ‌് അധ്യക്ഷനായി. ജൂലൈ 25ന‌് നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പിടിഐക്ക‌് 116 സീറ്റാണ‌് ലഭിച്ചത‌്. ഒമ്പത‌് സ്വതന്ത്രരും പിടിഐയിൽ ചേർന്നതോടെ പിടിഐക്ക‌് 125 സീറ്റായി.

സ‌്ത്രീകൾക്ക‌് സംവരണചെയ‌്ത 60 സീറ്റിൽ 28 എ‌ണ്ണം ആനുപാതികമായി കിട്ടിയതോടെ പിടിഐ കേവല ഭൂരിപക്ഷത്തിന‌് അടുത്തെത്തിയിരിക്കുകയാണ‌്. പിഎംഎൽഎന്നിന‌് 82 സീറ്റും പിപിപിക്ക‌് 53 സീറ്റും ലഭിച്ചു. ഇമ്രാൻ ഖാൻ സൈന്യത്തിന്റെ കളിപ്പാവയാണെന്നും അദ്ദേഹത്തിലൂടെ സൈന്യമാണ‌് ഭരിക്കാൻ പോകുന്നതെന്നും ഇമ്രാന്റെ മുൻ ഭാര്യയും മാധ്യമപ്രവർത്തകയുമായ റഹം ഖാൻ ആരോപിച്ചു.

പ്രധാന വാർത്തകൾ
Top