16 July Monday

അമേരിക്കന്‍ കുടിയേറ്റനിയമം കച്ചവടസ്ഥാപനങ്ങളില്‍ റെയ്ഡ്; 21 പേര്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 12, 2018

വാഷിങ്ടണ്‍ > അമേരിക്കയില്‍ കുടിയേറ്റനിയമം കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ 21പേര്‍ അറസ്റ്റിലായി. നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നതായി സംശയമുണ്ടായതിനെ തുടര്‍ന്നാണ് അറസ്റ്റന്ന് അമേരിക്കന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവര്‍ക്ക് കുടിയേറ്റ കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി.  

7-ഇലവന്‍ സ്റ്റോറുകളിലാണ് റെയ്ഡ് നടന്നത്. അമേരിക്കന്‍ വിപണിയിലെ പ്രധാനികളായ 7-ഇലവന്‍ സ്റ്റോറുകള്‍ക്ക് റെയ്ഡുകളും അറസ്റ്റും ഭീഷണിയാവുകയാണ്. മതിയായ രേഖകളില്ലാതെ കച്ചവടസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ ലക്ഷ്യംവെച്ച് നടത്തുന്ന റെയ്ഡ് കച്ചവടക്കാര്‍ക്കുള്ള മുന്നറിയിപ്പാണ്. മറ്റുരാജ്യങ്ങളില്‍നിന്നെത്തി നിയമവിരുദ്ധമായി താമസിക്കുന്നവര്‍ക്ക് ജോലി നല്‍കിയാല്‍ തൊഴിലുടമകള്‍ ശിക്ഷ നേരിടേണ്ടിവരും.

കൊളംബിയ അടക്കം 17 അമേരിക്കന്‍ സ്റ്റേറ്റുകളില്‍ 98 7-ഇലവന്‍ സ്റ്റോറുകള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. തൊഴിലാളികള്‍ നിയമപരമായി ജോലി ചെയ്യുന്നവര്‍ തന്നെയെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ തൊഴിലുടമകള്‍ക്കും സ്ഥാപനങ്ങളുടെ മാനേജര്‍മാര്‍ക്കും മൂന്നുദിവസം സമയം നല്‍കി. കാലിഫോര്‍ണിയ, കോളറാഡോ, ഫ്ളോറിഡ, ഇല്ലിനോയിസ്, ഇന്ത്യാന, മേരിലാന്റ്, മിഷിഗണ്‍, മിസൌറി, നെവാദ, ന്യൂജഴ്സി, ന്യൂയോര്‍ക്ക്, നോര്‍ത്ത് കരോലിന, ഒറിഗണ്‍, പെന്‍സില്‍വാനിയ, ടെക്സാസ്, വാഷിങ്ടണ്‍ തുടങ്ങിയയിടങ്ങളിലെ സ്റ്റോറുകള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ടെക്സാസിലെ ഇര്‍വിങ്ങിലാണ് 7-ഇലവന്റെ ആസ്ഥാനം. വ്യക്തികളെ ചുമതലപ്പെടുത്തി മറ്റിടങ്ങളില്‍ നടത്തുന്ന സ്റ്റോറുകളിലെ നിയമനങ്ങളില്‍ കമ്പനിക്ക് പങ്കില്ലെന്ന് 7-ഇലവന്‍ അധികൃതര്‍ അറിയിച്ചു. 18 രാജ്യങ്ങളിലാണ് കമ്പനിക്ക് സ്ഥാപനങ്ങളുള്ളത്. ഇവയില്‍ 8500 ശാഖകള്‍ അമേരിക്കയിലാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top