Top
19
Sunday, November 2017
About UsE-Paper

ലോക വ്യാപാര സംഘടനയെ വിമര്‍ശിച്ച് ട്രംപ്

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

ഹാനോയ് > ലോകവ്യാപാര സംഘടന ശരിയായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിയത്നാമില്‍ ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (അപെക്) ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സംഘടനയിലെ അംഗരാജ്യങ്ങള്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. അമേരിക്ക വ്യാപാരത്തിനായി തടസ്സങ്ങള്‍ പരമാവധി ഒഴിവാക്കി. ദശലക്ഷക്കണക്കിന് അമേരിക്കന്‍ തൊഴിലവസരങ്ങള്‍ ഇതിന്റെ ഭാഗമായി നഷ്ടമായി. എന്നാല്‍, ഇതിനോട് വേണ്ടവിധം പ്രതികരിക്കാന്‍ മറ്റ് രാജ്യങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി.

വ്യാപാരമേഖലയിലെ മോശം പ്രവണത അധികകാലം സഹിക്കാനാകില്ല. താന്‍ അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്കാണ് എല്ലായ്പോഴും മുന്തിയ പരിഗണന നല്‍കുക. ഇതറിഞ്ഞുവേണം അപെക് രാജ്യങ്ങള്‍ പ്രവര്‍ത്തിക്കാനും സഹകരിക്കാനുമെന്നും ട്രംപ് പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിലെ ഏതു രാജ്യവുമായും അമേരിക്ക ഉഭയകക്ഷി വ്യാപാര കരാറിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രസംഗത്തിലുടനീളം ട്രംപ് ഏഷ്യ-പസഫിക് എന്നതിനുപകരം ഇന്തോ-പസഫിക് എന്നാണ് ഉപയോഗിച്ചത്. ഇത് ട്രംപിന്റെ ഏഷ്യന്‍ മേഖല സംബന്ധിച്ച പുതിയ കാഴ്ചപ്പാടാണ് കാണിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈന സന്ദര്‍ശനത്തിന് ശേഷമാണ് ട്രംപ് വിയത്നാമില്‍ അപെക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയത്.