21 October Sunday

മാധ്യമപ്രവർത്തകന്റെ തിരോധാനം; സൗദി പ്രതിക്കൂട്ടിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

ഇസ‌്താംബുൾ > മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ വധിക്കാൻ 15 അംഗ പ്രത്യേക സംഘത്തെ സൗദി നിയോഗിച്ചതായി ആരോപണം. ന്യൂയോർക്ക‌് ടൈംസാണ‌് ഖഷോഗി തിരോധാനത്തിൽ സൗദിയുടെ പങ്ക‌് വ്യക്തമാക്കുന്ന വാർത്ത പുറത്തുവിട്ടത‌്. ഇവരെ സംഭവദിവസം പ്രത്യേക വിമാനത്തിൽ ഇസ‌്താംബുളിലെത്തിച്ചു. ഖഷോഗി സൗദി കോൺസുലേറ്റിൽ എത്തുമ്പോൾ കൊലയാളി സംഘം ഇതിനകത്തുണ്ടായിരുന്നു എന്നാണ‌് വിവരം. ഫോറൻസിക‌് വിദഗ‌്ധരും ഡോക‌്ടർമാരും അടക്കം കൊലയാളി സംഘത്തിൽ ഉൾപ്പെട്ടിരുന്നുവെന്ന‌ാണ‌് സൂചന. ഖഷോഗിയെ വധിച്ച ശേഷം എല്ലാ തെളിവുകളും നശിപ്പിക്കാനായിരുന്നു ഇത‌്. രണ്ട‌് മണിക്കൂറിനകം കൃത്യം നടപ്പാക്കി ഇവർ വിവിധ രാജ്യങ്ങളിലേക്ക‌് ഒളിവിൽപ്പോയെന്നും പറയുന്നു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഉന്നത തുർക്കി അധികൃതർ നൽകിയ വിവരങ്ങളാണിത‌്.

ആരോപണങ്ങൾ കനത്തതോടെ സൗദി പ്രതിസന്ധിയിലായി. ഖഷോഗി കോൺസുലേറ്റിലേക്ക‌് കയറിപ്പോകുന്നതിന്റെ ദൃശ്യങ്ങളും ഇസ‌്താംബുളിലിറങ്ങിയ സൗദിയുടെ പ്രത്യേക വിമാനത്തിന്റെ ദൃശ്യങ്ങളും തുർക്കി ചാനലുകൾ പുറത്തുവിട്ടു. സൗദി രാജകുടുംബത്തിന്റെ വിമർശകനായിരുന്നു ജമാൽ ഖഷോഗി. ശനിയാഴ‌്ച കോൺസുലേറ്റിലെത്തിയ ഖഷോഗി തിരിച്ചുപോയെന്നാണ‌് സൗദിയുടെ വാദം. ഇത‌് തെളിയിക്കാൻ തുർക്ക‌ി പ്രസിഡന്റ റസിപ‌് തയ്യിപ‌്  എർദോഗാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സൗദിക്ക‌് സാധിച്ചിട്ടില്ല. സംഭവത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ അമേരിക്കൻ പ്രസിഡന്റ‌് ഇടപെടണമെന്ന‌് ഖഷോഗിയുടെ പ്രതിശ്രുത വധു ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും സംയുക്തമായി അന്വേഷണം നടത്തണമെന്ന‌് അമേരിക്ക കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

തിരോധാനത്തെ കുറിച്ച് അന്വേഷിക്കുന്ന തുര്‍ക്കി സംഘം ഇസ്താംബുളിലെ സൗദികോണ്‍സുലേറ്റില്‍ പരിശോധന നടത്തുമെന്ന‌് അറിയിച്ചിട്ടുണ്ട‌്. സംഭവത്തിന്റെ സത്യാവസ്ഥ ഉടൻ പുറത്തുകൊണ്ടുവരണമെന്ന‌് യുഎൻ മനുഷ്യാവകാശ കമീഷൻ തുർക്കിയോടും സൗദിയോടും ആവശ്യപ്പെട്ടിരിക്കുകയാണ‌്. സൗദി കിരീടാവകാശി മുഹമ്മദ‌് ബിൻ സൽമാന്റെ രൂക്ഷ വിമർശകനായിരുന്നു ഖഷോഗി. സൽമാൻ അധികാരത്തിലേക്ക‌് എത്തിയതോടെയാണ് അമേരിക്കയിലേക്ക‌് താമസം മാറ്റിയത്.


പ്രധാന വാർത്തകൾ
Top