ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പുറത്ത്

സോള്‍ > ദക്ഷിണ കൊറിയന്‍ പ്രസിഡന്റുസ്ഥാനത്തുനിന്ന് പക് യുന്‍ ഹേ പുറത്തായി. ഹേയെ ഇംപീച്ച്ചെയ്ത പാര്‍ലമെന്റിന്റെ നടപടി ഭരണഘടനാ കോടതി ശരിവച്ചു. ജഡ്ജിമാര്‍ ഏകകണ്ഠമായാണ് വിധി പറഞ്ഞത്. രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച അഴിമതിക്കേസിലാണ് നടപടി. ജനാധിപത്യപരമായി തെരഞ്ഞെടുത്തശേഷം പുറത്താക്കുന്ന ആദ്യ ദക്ഷിണകൊറിയന്‍ ഭരണാധികാരിയാണ് ഹേ. സുഹൃത്തായ ചോയ് സൂണ്‍ സിലുമായി ബന്ധപ്പെട്ട അഴിമതിയാണ് പക് യുന്‍ ഹേയെയും കുടുക്കിയത്. സൂണ്‍ സിലിന് പ്രസിഡന്റുമായുള്ള സൌഹൃദത്തിന്റെ മറവില്‍ അനധികൃതമായി സംഭാവനകള്‍ സ്വീകരിക്കുകയും പണം തിരിമറി നടത്തുകയും ചെയ്തെന്നാണ് കേസ്. കോടികളുടെ അനധികൃതസമ്പാദ്യം നേടിയെന്ന കേസില്‍ സൂണ്‍ സില്‍ അറസ്റ്റിലായി. ഇതേത്തുടര്‍ന്നാണ് പ്രസിഡന്റിനെ ഇംപീച്ച്ചെയ്യാന്‍ പാര്‍ലമെന്റ് നടപടി ആരംഭിച്ചത്. ഇംപീച്ച്ചെയ്ത നടപടി ഭരണഘടനാ കോടതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. പാര്‍ലമെന്റിന്റെ നടപടി അംഗീകരിക്കുകയോ തള്ളുകയോ ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം ഭരണഘടനാകോടതിക്കാണ്.
ആരോപണങ്ങള്‍ തള്ളിയ പക് യുന്‍ ഹേയും ചോയും ജനങ്ങളോട് മാപ്പപേക്ഷിച്ചിരുന്നു. എന്നാല്‍, പ്രതിപക്ഷം ശക്തമായ പ്രക്ഷോഭം തുടര്‍ന്നു. ഇതിനിടെ ചോയുടെ മകള്‍ ചുങ് യൂ റാ ഡെന്‍മാര്‍ക്കില്‍ അറസ്റ്റിലായി. കോളിളക്കം സൃഷ്ടിച്ച അഴിമതിക്കേസില്‍ സാംസങ് മേധാവിയും അറസ്റ്റിലായിരുന്നു. കൈക്കൂലി, പണാപഹരണം, കള്ളസാക്ഷി പറയല്‍ തുടങ്ങിയ കുറ്റങ്ങളാണ് സാംസങ്ങിന്റെ അനന്തരാവകാശി ലീ ജയ് യോങ്ങിനെതിരെ ചുമത്തിയിരിക്കുന്നത്.










0 comments