19 November Monday

വിദേശികൾക്കും തൊഴിൽ വർധിക്കും: സൗദി കിരീടാവകാശി

അനസ് യാസിൻUpdated: Sunday Apr 8, 2018

മനാമ > സൗദിയിൽ സ്വദേശികൾക്കും വിദേശികൾക്കും തൊഴിലവസരം വർധിക്കുമെന്ന് സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഒരു കോടിയിലധികം വിദേശികൾ ഒറ്റയ്ക്കും കുടുംബമായും സൗദിയിൽ താമസിക്കുന്നു. ഇവരിൽ ഭൂരിപക്ഷവും ജോലിക്കാരാണ്. ഇവരുടെ എണ്ണം കുറയില്ലെന്നാണ് ഞങ്ങൾ വിശ്വാസിക്കുന്നത്. മറിച്ച്, കൂടാനാണ് സാധ്യത. സൗദി ലക്ഷ്യമിടുന്ന വളർച്ച സാക്ഷാൽക്കരിച്ചാൽ ധാരാളം മാനവ വിഭവശേഷിയും തൊഴിലാളികളെയും ആവശ്യമായി വരും.

മതിയായ വിദ്യാഭ്യാസയോഗ്യതയും വൈദഗ്ധ്യവുമുള്ള സ്വദേശികൾക്കും വിദേശികൾക്കും അനവധി തൊഴിൽ അവസരം സൃഷ്ടിക്കപ്പെടും‐ടൈം മാഗസിന് നൽകിയ അഭിമുഖത്തിൽ കിരീടാവകാശി വ്യക്തമാക്കി.
പലസ്തീൻ പ്രശ്നം പരിഹരിക്കാതെ ഇസ്രേയലുമായി സൗദി അറേബ്യക്ക് നയതന്ത്രബന്ധം സാധ്യമല്ലെന്ന് കിരീടാവകാശി വ്യക്തമാക്കി.

ജറുസലേം ആസ്ഥാനമാക്കി പൂർണ സ്വാതന്ത്ര്യമുള്ള പലസ്തീൻ രാജ്യം സ്ഥാപിതമാകുന്നതിനാണ് സൗദി ആഗ്രഹിക്കുന്നത്. ഇരുപക്ഷത്തിനും അവിടെ ജീവിക്കാനും സഹവർത്തിക്കാനും അവകാശമുണ്ട്. സമാധാനപരിഹാരത്തെ സൗദി പിന്തുണയ്ക്കും‐അദ്ദേഹം വ്യക്തമാക്കി. ടൈം മാഗസിന്റെ അടുത്തയാഴ്ചയിലെ മുഖച്ചിത്രവും മുഖലേഖനവും കിരീടാവകാശിയുടേതാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top