Top
16
Saturday, December 2017
About UsE-Paper

ആണവവിരുദ്ധകൂട്ടായ്മയ്ക്ക് സമാധാന നൊബേല്‍

Saturday Oct 7, 2017
വെബ് ഡെസ്‌ക്‌

ഓസ്ലോ > ആണവ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആഗോളകൂട്ടായ്മയായ ഇന്റര്‍നാഷണല്‍ ക്യാമ്പയിന്‍ ടു അബോളിഷ് ന്യൂക്ളിയര്‍ വെപ്പണ്‍സ് (ഐസിഎഎന്‍) എന്ന സംഘടനയ്ക്ക് ഈ വര്‍ഷത്തെ സമാധാന നൊബേല്‍. 100 ലേറെ രാജ്യങ്ങള്‍ അംഗങ്ങളായ സന്നദ്ധ സംഘടനയാണിത്. ഓസ്ട്രേലിയയില്‍ ആരംഭിച്ച കൂട്ടായ്മയ്ക്ക് 2007ല്‍ വിയന്നയിലാണ് ഔദ്യോഗിക തുടക്കം. ഐ ക്യാന്‍ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സംഘടന ആണവ നിരായുധീകരണ ഉടമ്പടി പ്രാബല്യത്തില്‍ കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

മനുഷ്യത്വപരമായ നിലപാടുകളിലൂടെ ആണവ നിര്‍വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് സംഘടനയെ നൊബേല്‍ പുരസ്കാരത്തിന് അര്‍ഹമാക്കിയത്. ആണവായുധങ്ങള്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും ഇല്ലാതാക്കണമെന്നതാണ് കൂട്ടായ്മയുടെ ആവശ്യം. അടുത്തിടെ ഉത്തരകൊറിയ- യുഎസ് വെല്ലുവിളികള്‍ ഉയര്‍ന്നപ്പോഴും കിം ജോങ് അന്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയപ്പോഴും ഐ ക്യാന്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

300 നാമനിര്‍ദേശങ്ങളില്‍നിന്നാണ് നൊബേല്‍ സമിതി പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 215 വ്യക്തികളും 103 സംഘടനയുമാണ് പട്ടികയിലുണ്ടായിരുന്നത്.
1985 ലെ സമാധാന നൊബേല്‍ പുരസ്കാരം നേടിയ, ആണവായുധങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ഐപിപിഡബ്ള്യു (ഇന്റര്‍നാഷണല്‍ ഫിസിഷ്യന്‍സ് ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ന്യൂക്ളിയര്‍ വാര്‍) വിന്റെ ഹെല്‍സിങ്കി സമ്മേളനത്തിലാണ് ഐ ക്യാന്‍ രൂപീകരിച്ചത്.  ബിയാട്രിസ് ഫിന്‍ ആണ് സംഘടനയുടെ എക്സിക്യൂട്ടിവ് ഡയറക്ടര്‍.