Top
17
Sunday, December 2017
About UsE-Paper

ജെറുസലേമില്‍ എംബസി ; യുഎസിന് മുന്നറിയിപ്പുമായി പലസ്തീന്‍

Tuesday Dec 5, 2017
വെബ് ഡെസ്‌ക്‌

രാമല്ല > ജെറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ പലസ്തീന്‍ ശക്തമായി രംഗത്തെത്തി. അമേരിക്കയുടെ പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങളെ ഇത്തരം നീക്കം അട്ടിമറിക്കുമെന്ന് പലസ്തീന്‍ പ്രസിഡന്റ് മൊഹമ്മദ് അബ്ബാസ് പറഞ്ഞു.

അമേരിക്കന്‍ നീക്കത്തിനെതിരെ ലോകരാഷ്ട്രങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമവും പലസ്തീന്‍ ആരംഭിച്ചു. ജെറുസലേമില്‍ അമേരിക്കന്‍ സ്ഥാനപതികാര്യാലയം തുറക്കാനുള്ള നീക്കം പലസ്തീന്‍ ജനതയും അറബ് ലോകവും അംഗീകരിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജെറുസലേമില്‍ ഇസ്രയേല്‍ സ്ഥാനപതികാര്യാലയം തുറക്കുക എന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് വൈറ്റ്ഹൌസ് വക്താക്കളുടെ വെളിപ്പെടുത്തല്‍. നിലവില്‍ ജെറുസലേമിനെ തലസ്ഥാനമായിട്ടാണ് ഇസ്രയേല്‍ പരിഗണിക്കുന്നതെങ്കിലും സമാധാന ചര്‍ച്ചകളിലൂടെമാത്രമേ ഇതുസംബന്ധിച്ച അന്തിമ തീര്‍പ്പ് ഉണ്ടാക്കാകൂ എന്നാണ് അന്താരാഷ്ട്രസമൂഹത്തിന്റെ നിലപാട്. പലസ്തീന്‍ ജനത തലസ്ഥാനമായി കരുതുന്ന കിഴക്കന്‍ ജെറുസലേം ഇസ്രയേല്‍ 1967ല്‍ പിടിച്ചെടുക്കുകയായിരുന്നു.

Related News

കൂടുതൽ വാർത്തകൾ »