16 November Friday

പുതിയ ഗ്രഹസംരക്ഷണ ഉദ്യോഗസ്ഥനെ അന്വേഷിച്ച് നാസ

വെബ് ഡെസ്‌ക്‌Updated: Friday Aug 4, 2017

വാഷിങ്ടണ്‍ > നാസയില്‍ ഗ്രഹസംരക്ഷണ ഉദ്യോഗസ്ഥന്റെ ഒഴിവ്. ബഹിരാകാശത്ത് ഗ്രഹങ്ങളെയും ഉപഗ്രഹങ്ങളെയും ആരും മലിനമാക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയായിരിക്കും ഉദ്യോഗസ്ഥന്റെ ജോലി. വര്‍ഷം 1,87,000 ഡോളര്‍  (ഏകദേശം 1.2 കോടി രൂപ) ശമ്പളം നല്‍കും. അമേരിക്കന്‍ പൌരന്മാര്‍ക്കുമാത്രമേ അപേക്ഷിക്കാനാകൂ.

ബഹിരാകാശയാത്രയില്‍ യന്ത്രങ്ങളില്‍നിന്നും മനുഷ്യരില്‍നിന്നുമെല്ലാം മാലിന്യങ്ങള്‍ ബഹിരാകാശത്ത് പരക്കാം. ബഹിരാകാശപേടകങ്ങള്‍ ഭൂമിയില്‍നിന്ന് കൊണ്ടുപോകുന്ന വസ്തുക്കള്‍ മറ്റ് ഗ്രഹങ്ങളില്‍ നിക്ഷേപിക്കാനും സാധ്യതയുണ്ട്. ഇത് തടയുകയാണ് സുരക്ഷാ ഉദ്യോഗസ്ഥന്റെ ജോലി.
യൂറോപ്യന്‍ സ്പെയ്സ് ഏജന്‍സിയിലാണ് സാമന പദവി ഉള്ളതെന്ന് 2014 മുതല്‍ നാസയുടെ ഗ്രഹസംരക്ഷണ ഉദ്യോഗസ്ഥയായ കാതറിന്‍ കോണ്‍ലി പറയുന്നു. കാതറിന് സ്ഥാനമാറ്റം വന്നതിനെത്തുടര്‍ന്നാണ് പുതിയ ഉദ്യോഗസ്ഥനെ അന്വേഷിക്കുന്നത്.

നാസയുടെ അടുത്ത ബഹിരാകാശ ദൌത്യം ജൂപ്പിറ്ററിന്റെ ഉപഗ്രഹമായ യൂറോപ്പയിലേക്കാണ്. പുതിയ ഉദ്യോഗസ്ഥന്‍ ദൌത്യത്തിന്റെ ഭാഗമാകേണ്ടിവരും. ഉദ്യോഗസ്ഥന് നാസ ചില യോഗ്യതകള്‍ പറയുന്നുണ്ട്. തുടര്‍ച്ചയായി യാത്രചെയ്യാന്‍ കഴിയുന്നയാളായിരിക്കണം. ഒരു വര്‍ഷമെങ്കിലും സര്‍ക്കാരിന്റെ ഉന്നത സ്ഥാനത്തിരുന്നയാളാകണം. ഭൌതികശാസ്ത്രം, എന്‍ജിനിയറിങ്, ഗണിതം എന്നിവയില്‍ ഏതെങ്കിലുമൊന്നില്‍ ബിരുദമുണ്ടായിരിക്കണം. പോരാത്തതിന് ഗ്രഹസംരക്ഷണത്തെക്കുറിച്ച് അഗാധജ്ഞാനവും വേണം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top