Top
23
Tuesday, January 2018
About UsE-Paper

ജറുസലേം: പ്രതിഷേധം പടരുന്നു; പ്രക്ഷോഭകര്‍ക്കുനേരെ സൈനികനടപടി

Monday Dec 11, 2017
വെബ് ഡെസ്‌ക്‌

ഗാസ/ബെയ്റൂത്ത് > ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ലോകമെങ്ങും പ്രതിഷേധം ശക്തമായി. വിവിധയിടങ്ങളില്‍ പ്രതിഷേധക്കാരും സുരക്ഷാസൈന്യവും തമ്മില്‍ ഏറ്റുമുട്ടി. തെക്കന്‍ ഗാസയില്‍ പലസ്തീന്‍ പ്രക്ഷോഭകര്‍ക്കുനേരെ ഇസ്രയേല്‍ സൈനികര്‍ ബലപ്രയോഗം നടത്തി. വന്‍ ആയുധശേഖരവുമായാണ് പട്ടാളക്കാര്‍ പ്രക്ഷോഭകരെ നേരിട്ടത്.

ലബനനില്‍ അമേരിക്കന്‍ എംബസിയിലേക്ക് മാര്‍ച്ചുനടത്തിയ പ്രതിഷേധക്കാര്‍ക്കുനേരെ സുരക്ഷാസൈന്യം കണ്ണീര്‍വാതകം പ്രയോഗിച്ചു. വടക്കന്‍ ബെയ്റൂതിലെ അവകര്‍ മേഖലയിലെ അമേരിക്കന്‍ എംബസിയിലേക്ക് ഞായറാഴ്ച മാര്‍ച്ച് നടത്തിയ പലസ്തീന്‍കാരടക്കമുള്ള പ്രതിഷേധകാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. റോഡില്‍ ബാരിക്കേഡുവച്ച് തടഞ്ഞതിന്ശേഷമാണ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. എംബസിക്ക് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ സുരക്ഷ ശക്തമാക്കി. ആരെയും ഇതുവഴി കടത്തിവിടുന്നില്ല. 

അവകറില്‍ സുരക്ഷാസൈന്യവും പ്രക്ഷോഭകാരികളും തമ്മില്‍ ഏറ്റുമുട്ടി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ അറബ് നേതാക്കള്‍ പേരിന് വിമര്‍ശനം ഉന്നയിക്കുകയല്ലാതെ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഈമാസം മേഖലയില്‍ സന്ദര്‍ശത്തിന് എത്തുന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് പലസ്തീന്‍ പ്രസിഡന്റ് മെഹമൂദ് അബ്ബാസ് വ്യക്തമാക്കി. ഡിസംബര്‍ 19ന് ബത്ലഹേമിലായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.

അതേസമയം ട്രംപിന്റെ പ്രഖ്യാപനം അപകടകരവും അസ്വീകാര്യവുമാണെന്ന് അറബ് ലീഗ് പ്രസ്താവനയില്‍ പറഞ്ഞു. ശനിയാഴ്ച ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ ചേര്‍ന്ന അറബ് ലീഗ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ശേഷം സെക്രട്ടറി ജനറല്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ട്രംപിന്റെ നടപടിയെ വിമര്‍ശിച്ചത്. ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷത്തിന് അയവുവരുത്താനുള്ള രാഷ്ട്രീയ പരിഹാരത്തിന് നേരെയുള്ള പ്രത്യക്ഷമായുള്ള ആക്രമണമാണ് ട്രംപിന്റെ ഇസ്രയേല്‍ അനുകൂല പ്രസ്താവന. ഇത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഇതിനിടെ ബഹ്റൈന്‍ പ്രതിനിധി സംഘം ഇസ്രയേലില്‍ എത്തി. ട്രംപിന്റെ പ്രസ്താന ഇസ്രയേല്‍- പലസ്തീന്‍ ബന്ധത്തില്‍ വലിയ വിള്ളല്‍ വരുത്തുകയും മേഖലയെ സംഘര്‍ഷത്തിലേക്ക് തള്ളിവിടുകയും ചെയ്ത സാഹചര്യത്തിലാണ് ബഹ്റൈന്‍ സംഘം നാലുദിവസത്തെ സന്ദര്‍ശനത്തിനായി ടെല്‍ അവീവില്‍ എത്തിയത്. അറബ് ലീഗ് അംഗരാജ്യംകൂടിയാണ് ബഹ്റൈന്‍. കഴിഞ്ഞ ദിവസം ഗാസാ മുനമ്പില്‍ ഇസ്രായേല്‍ സേനയുടെ വ്യോമാക്രമണത്തില്‍ രണ്ട് പലസ്തീന്‍കാര്‍കൊല്ലപ്പെട്ടിരുന്നു. ആറു മാസം പ്രായമുള്ള കുഞ്ഞടക്കം 25 പേര്‍ക്ക് പരിക്കേറ്റു.