21 November Wednesday

സൗദിയും കുവൈത്തും യുഎഇയും ജോര്‍ദാന് 250 കോടി ഡോളർ നല്‍കും

അനസ് യാസിന്‍Updated: Tuesday Jun 12, 2018

മനാമ  > സാമ്പത്തികപ്രതിസന്ധിയിലകപ്പെട്ട ജോർദാന് 250 കോടി ഡോളറിന്റെ ധനസഹായം നൽകാൻ സൗദി അറേബ്യയും യുഎഇയും കുവൈത്തും തീരുമാനിച്ചു. ജോർദാനെ സഹായിക്കാനായി ഞായറാഴ്ച രാത്രി മക്കയിൽ സൗദി വിളിച്ചുചേർത്ത  ഉച്ചകോടിയിലാണ് തീരുമാനം.

ജോർദാൻ സെൻട്രൽ ബാങ്കിൽ നേരിട്ടുള്ള നിക്ഷേപം, ജോർദാന‌് ലോകബാങ്ക് ഗ്യാരന്റി, അഞ്ചുവർഷത്തേക്ക‌് ജോർദാൻ ബജറ്റിന‌് വാർഷികസഹായം, വികസനപദ്ധതികൾക്ക‌് ധനസഹായം എന്നിങ്ങനെയായിരിക്കും തുക നൽകുകയെന്ന‌് മക്ക ഉച്ചകോടി കമ്യൂണിക്കെ വ്യക്തമാക്കി.പുതിയ ആദായനികുതിനിയമവും ഇന്ധന വിലവർധനയും വേണമെന്ന അന്താരാഷ്ട്ര നാണയനിധി നിർദേശം അടിച്ചേൽപ്പിക്കുന്ന സർക്കാർ നടപടിക്കെതിരെ ജോർദാൻ ജനത പ്രതിഷേധവുമായി തെരുവിലാണ്. തലസ്ഥാനമായ അമ്മാനിലടക്കം സർക്കാർവിരുദ്ധ പ്രക്ഷോഭം ശക്തമായതിനെതുടർന്ന് പ്രധാനമന്ത്രി ഹാനി മുൽക്കി രാജിവച്ചു. ഇതേത്തുടർന്ന് ജോർദാൻ രാജാവ് അബ്ദുള്ള, കുവൈത്ത് അമീർ ഷേഖ‌് സബാ അൽ അഹമ്മദ് അൽ സബ, അബുദാബി കിരീടാവകാശി ഷേഖ‌് മുഹമ്മദ് ബിൻ സായദ് എന്നിവരുമായി സൗദി ഭരണാധികാരി സൽമാൻ രാജാവ് ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ രാജ്യങ്ങളുടെ യോഗം വിളിച്ചുചേർത്തത്. മക്ക ഉച്ചകോടി തീരുമാനത്തെ ജോർദാൻ രാജാവ് അബ്ദുള്ള സ്വാഗതം ചെയ്തു.

കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. അയൽരാജ്യമായ സിറിയയിലെ പ്രതിസന്ധി ജോർദാന്റെ സാമ്പത്തികപ്രതിസന്ധി വർധിപ്പിച്ചു. ആറരലക്ഷത്തോളം സിറിയക്കാർ ഇവിടെ അഭയാർഥികളായുണ്ട്. 18 ശതമാനത്തിലേറെയാണ് രാജ്യത്തെ തൊഴിലില്ലായ്മനിരക്ക്. ഇവിടെയുണ്ടാകുന്ന പ്രശ്‌നങ്ങൾ മേഖലയുടെ സ്ഥിരതയ‌്ക്കു ഭീഷണിയാകുമെന്ന ആശങ്കയുണ്ട്. നികുതിപരിഷ്‌കരണ ബിൽ പിൻവലിക്കാമെന്ന് പുതിയ പ്രധാനമന്ത്രി ഒമർ അൽ റസ്സാസ് പ്രഖ്യാപിച്ചിട്ടുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top