12 December Wednesday

മരിച്ച യുവതിയുടെ ഗർഭപാത്രം മാറ്റിവച്ചു; കുഞ്ഞുപിറന്നു; ഇത്‌ ചരിത്രനേട്ടം

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

ബ്രസീലിയ>മരിച്ച സ്‌ത്രീയുടെ ഗർഭപാത്രം സ്വീകരിച്ച യുവതിക്ക‌് പെൺകുഞ്ഞ‌് പിറന്നു. ബ്രസീലിലെ സാവോപോളോ യൂണിവേഴ‌്സിറ്റി ആശുപത്രിയിലാണ‌് അവയവദാന ചരിത്രത്തിലെ നാഴികക്കല്ലായ വൈദ്യശാസ‌്ത്രവിജയം.

ശസ‌്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞിന‌് 2.5 കിലോഗ്രം തൂക്കമുണ്ട‌്.  ആദ്യമായാണ‌് മരിച്ച സ്ത്രീയുടെ ഗർഭപാത്രം സ്വീകരിച്ചയാൾ പ്രസവിക്കുന്നത‌്. ജന്മനാ ഗർഭപാത്രമില്ലാതിരുന്ന യുവതിക്ക‌് 2016 സെപ‌്തംബറിലാണ‌് പക്ഷാഘാതത്തെ തുടർന്ന‌് മരിച്ച നാൽപ്പത്തഞ്ചുകാരിയുടെ ഗർഭപാത്രം മാറ്റിവച്ചത‌്.യുവതിയുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

വൈദ്യശാസ്ത്രത്തിലെ ഈ പുത്തന്‍ മുന്നേറ്റം വന്ധ്യതമൂലം വിഷമിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. നിലവില്‍ 11 സ്ത്രീകള്‍ക്ക് ജീവിച്ചിരിക്കുന്ന ദാതാവില്‍നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ ആരോഗ്യമുള്ള കുഞ്ഞ് ജനിച്ചിട്ടുണ്ട്. എന്നാല്‍ മരിച്ചയാളില്‍നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍നിന്ന് ആരോഗ്യത്തോടെ കുഞ്ഞ് ജനിക്കുന്ന ആദ്യത്തെ സംഭവമാണ് ഇത്.

2016 സെപ്റ്റംബറിലായിരുന്നു യൂണിവേഴ്‌സിറ്റി ഓഫ് സാവേ പോളോയിലെ ദാസ് ക്ലിനിക്കസ് ആശുപത്രിയില്‍ മരിച്ച സ്ത്രീയില്‍ നിന്നുള്ള ഗര്‍ഭപാത്രം ജീവിച്ചിരിക്കുന്ന സ്ത്രീയിലേയ്ക്ക് മാറ്റിവച്ചത്. സ്‌ട്രോക്ക് വന്നു മരിച്ച 45 വയസ് പ്രായമുള്ള സ്ത്രീയുടെ ഗര്‍ഭപാത്രം 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് യുവതിയില്‍ മാറ്റിവച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം രണ്ടുദിവസം യുവതിയുടെ ശരീരം ഗര്‍ഭപാത്രം അവഗണിക്കാതിരിക്കുന്നതിനുള്ള മരുന്നുകള്‍ നല്‍കിരുന്നു.

ഗര്‍ഭപാത്രം മാറ്റിവച്ച്‌ 37-ാം ദിവസം യുവതിക്ക് ആദ്യത്തെ ആര്‍ത്തവം ഉണ്ടായി. തുടര്‍ന്ന് ഏഴു മാസങ്ങള്‍ക്ക് ശേഷം യുവതി ഗര്‍ഭിണിയാകുന്നിടം വരെ സ്ഥിരമായി ആര്‍ത്തവം ഉണ്ടാകുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കു വിധയമാകുന്നതിന് മുമ്പു തന്നെ യുവതിയുടെ അണ്ഡങ്ങള്‍ ശീതികരിച്ച്‌ സൂക്ഷിച്ചിരുന്നു. തുടര്‍ന്ന് ഐവിഎഫ് വഴി ആദ്യത്തെ ശ്രമത്തില്‍ തന്നെ ഇവര്‍ ഗര്‍ഭിണിയായി. ഗര്‍ഭത്തിന്റെ എട്ടാം മാസം (35 ആഴ്ചയും മൂന്നു ദിവസവും) സിസേറിയന്‍ വഴി ഇവര്‍ പൂര്‍ണ്ണആരോഗ്യമുള്ളകുഞ്ഞും സ്വന്തമായി.
 


പ്രധാന വാർത്തകൾ
Top