20 September Thursday

ചാന്ദ്രോപരിതലത്തിൽ മഞ്ഞ‌്; ചാന്ദ്രയാൻ 1 ലെ വിവരങ്ങൾ അപഗ്രഥിച്ചാണ‌് കണ്ടെത്തൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

ന്യൂയോർക്ക‌് > ചന്ദ്രന്റെ ഉപരിതലത്തിൽ ജലഹിമത്തിന് വ്യക്തമായ തെളിവുമായി ശാസ്‌ത്രജ്ഞർ. വടക്കും തെക്കുമുള്ള മഞ്ഞുപാളികൾ പുരാതന കാലത്ത‌് ഉത്ഭവിച്ചതാണെന്നാണ‌് വിലയിരുത്തൽ. 2008‐09ൽ ചന്ദ്രനിൽ പര്യവേക്ഷണം നടത്തിയ ഇന്ത്യയുടെ ചന്ദ്രയാൻ 1 ദൗത്യത്തിൽ നിന്നുള്ള വിവരങ്ങൾ അപഗ്രഥിച്ചാണ‌് ചന്ദ്രനിലെ ജലസാന്നിധ്യം ശാസ‌്ത്രജ്ഞർ ഉറപ്പിച്ചത‌്. ഇതിന്റെ വിശദാംശങ്ങൾ പ്രൊസീഡിങ‌്സ‌് ഓഫ‌് ദ നാഷണൽ അക്കാഡമി ഓഫ് സയൻസസ‌് ജേണലിൽ പ്രസിദ്ധീകരിച്ചു. ചാന്ദ്രയാനിലെ മൂൺ മിനറലോജി മാപ്പർ (ങ3) ഉപകരണം ചന്ദ്രന്റെ ഉപരിതലത്തിൽ ജലഹിമത്തിന്റെ മൂന്ന് പ്രത്യേക സാന്നിധ്യം തിരിച്ചറിഞ്ഞു.

ങ3 മഞ്ഞുകട്ടയിൽ നിന്ന് പ്രതീക്ഷിക്കുന്ന പ്രതിഫലനം മാത്രമല്ല, ഇൻഫ്രാറെഡ് വെളിച്ചം ആഗിരണം ചെയ്യുന്ന തന്മാത്രകളെ വിലിയിരുത്തിയാണ‌് ജലസാന്നിധ്യം ഉറപ്പാക്കിയത‌്. ജലം, നീരാവി, ഖരാവസ്ഥ എന്നിങ്ങനെ വേർതിരിച്ചറിയാൻ ഇതിലൂടെ സാധിച്ചു. ദക്ഷിണധ്രുവത്തിൽ മഞ്ഞിലേറെയും ഗർത്തങ്ങളിലാണ‌്. ഉത്തരധ്രുവത്തിൽ ജലഹിമം കുറവാണെങ്കിലും കൂടുതൽ വ്യാപകമാണ‌്.

ചന്ദ്രോപരിതലത്തിലെ താപനില  പകൽ സമയം 100 ഡിഗ്രി സെൽഷ്യസ‌് വരെയെത്തും. ഇത് ഉപരിതലത്തിലെ മഞ്ഞിന്റെ നിലനിൽപ്പ‌് അസാധ്യമാക്കുന്നു. എന്നാൽ, ചന്ദ്രൻ അച്ചുതണ്ടിൽ 1.54 ഡിഗ്രി ചരിഞ്ഞുനിൽക്കുന്നതിനാൽ ധ്രുവങ്ങളിൽ പ്രകാശമെത്താത്ത സ്ഥലങ്ങളുണ്ട‌്. ഇവിടെയാണ‌് ജലഹിമം കണ്ടെത്തിയത‌്. ദീർഘകാലത്തേക്ക് ജലഹിമത്തിന്റെ സാന്നിധ്യം സ്ഥിരമായി നിലനിൽക്കുന്ന അന്തരീക്ഷം ഉണ്ടാകുമെന്നാണ‌് ശാസ‌്ത്രജ്ഞരുടെ വിലയിരുത്തൽ.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഉപരിതല ഹിമത്തിന്റെ മുൻകാല സാന്നിധ്യം പഠിക്കാനും മറ്റും ഈ ഫലങ്ങൾ സഹായിക്കും. ഉപരിതലത്തിൽ ഏതാനും മില്ലിമീറ്ററുകളിൽ കാര്യമായ അളവിൽ മഞ്ഞ് ഉണ്ടെങ്കിൽ  ഭാവിയിൽ ചന്ദ്രനിലെ മനുഷ്യദൗത്യങ്ങളുടെ ജലസ്രോതസായി ഇതിനെ ഉപയോഗിക്കാനാകും. ബുധന്റെ ഉത്തരധ്രുവത്തിലും കുള്ളൻഗ്രഹമായ സിറസിലും ഉപരിതല ജലഹിമം കണ്ടെത്തിയിട്ടുണ്ട്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top