22 July Sunday

ലൈംഗികാതിക്രമത്തിനെതിരെ ഹോളിവുഡില്‍ വനിതാ കൂട്ടായ്‌മ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018

വാഷിങ്‌‌‌‌‌‌ടണ്‍ > സ്ത്രീകള്‍ക്കുനേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ഹോളിവുഡില്‍ വനിതകളുടെ കൂട്ടായ്‌മ. ടൈം ഈസ് അപ്പ് (സമയം ഇതാണ്) എന്നപേരില്‍ പ്രചാരണമാരംഭിച്ചിരിക്കയാണ് പ്രശസ്തരായ ഒരുകൂട്ടം നടിമാര്‍. റീസ് വെതര്‍സ്പൂണ്‍, നിക്കോള്‍ കിഡ്‌മാന്‍, നതാലി പോര്‍ട്ട്മാന്‍, എമ്മ സ്റ്റോണ്‍, ജെന്നിഫര്‍ അനിസ്റ്റണ്‍, ഷോന്‍ഡ റൈംസ്, ആഷ്‌ലി ജൂഡ്, കെറി വാഷിങ്‌‌‌‌ടണ്‍ തുടങ്ങി മുന്നൂറിലേറെ പ്രമുഖനടിമാര്‍ കൂട്ടായ്‌മയിലുണ്ട്.

ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയിന്‍ ബലാത്സംഗത്തിനിരയാക്കിയതായി പ്രശസ്ത ബോളിവുഡ് നടിമാര്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കൂട്ടായ്‌മയുടെ രൂപീകരണം. ന്യൂയോര്‍ക്ക് ടൈംസാണ് വനിതാ കൂട്ടായ്മയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആദ്യം പുറത്തുവിട്ടത്. തുടര്‍ന്ന് നൂറുകണക്കിന് നടിമാര്‍ ഒപ്പിട്ട തുറന്ന കത്ത് കൂട്ടായ്‌മയുടെ രൂപീകരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജോലിസ്ഥലത്ത് നടിമാരടക്കമുള്ള സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന ലൈംഗികാതിക്രമത്തിന് നിയമപരമായ പരിഹാരം കാണുക, ഇരയാകുന്ന വനിതകള്‍ക്ക് നിയമസുരക്ഷ ഉറപ്പാക്കാന്‍ 1.5കോടി ഡോളറിന്റെ ഫണ്ട് രൂപീകരിക്കുക എന്നിവയാണ് കൂട്ടായ്‌മയുടെ പ്രാഥമിക ലക്ഷ്യങ്ങള്‍.

ഇതില്‍ 1.3കോടി ഡോളര്‍ ഇതിനോടകം സമാഹരിച്ചുകഴിഞ്ഞു. ഫണ്ടിലേക്ക് പണം സംഭാവന ചെയ്‌തവരില്‍ കാറ്റി മക്ഗ്രാത്ത്, ജെ ജെ എബ്രാംസ്, ജെന്നിഫര്‍ അനിസ്റ്റണ്‍, മെറില്‍ സ്ട്രീപ്പ്, കേറ്റ് കേപ്പ്ഷാ, സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്റെ വണ്ടര്‍കിന്‍ഡര്‍ ഫൌണ്ടേഷന്‍ എന്നിവ ഉള്‍പ്പെടുന്നു. അടുത്ത ഗോള്‍ഡന്‍ ഗ്ളോബ് അവാര്‍ഡുദാന ചടങ്ങില്‍ കറുത്ത വസ്ത്രം ധരിച്ചെത്തി തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താനും നടിമാര്‍ തീരുമാനമെടുത്തു. ജോലിസ്ഥലത്ത് തുല്യതയ്ക്കും ലൈംഗികാതിക്രമം തടയുന്നതിനും ഡിസംബറില്‍ കൂട്ടായ്‌മ കമീഷന് രൂപംനല്‍കി.

പ്രധാന വാർത്തകൾ
Top