23 September Sunday

കൊളംബിയയിൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ്‌ തുടങ്ങി; യുവാക്കൾക്കിടയിൽ ആവേശമായി ഇടതുപക്ഷ നേതാവ്‌ ഗുസ്‌താവോ പെട്രോ

വെബ് ഡെസ്‌ക്‌Updated: Sunday May 27, 2018

ബൊഗോത്ത > കൊളംബിയയിൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ആദ്യ റൗണ്ട്‌ വോട്ടെടുപ്പ്‌ തുടങ്ങി. പ്രധാനമായും ഇടതുപക്ഷ നേതാവ്‌ ഗുസ്‌താവോ പെട്രോയും ഇവാൻ ദുക്വെയും തമ്മിലാണ്‌ മത്സരം.

രാജ്യത്തൊട്ടാകെ 11000 പോളിങ്‌ സ്‌റ്റേഷനുകളറ്റോണ്‌ തെരഞ്ഞെടുപ്പ്‌. പ്രാദേശിക സമയം രാവിലെ എട്ടിന്‌ ആരംഭിച്ച വോട്ടെടുപ്പ്‌ വൈകിട്ട്‌ നാലിന്‌ അവസാനിക്കും. 3.6 കോടി വോട്ടർമാരുള്ള കൊളംബിയയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ കണക്കുകൾ വച്ച്‌ നോക്കിയാൽ പകുതിയോളം പേർ മാത്രമേ വോട്ട്‌ രേഖപ്പെടുത്താൻ സാധ്യതയുള്ളൂ. ആഭ്യന്തര ആക്രമണങ്ങളാൽ കലുഷിതമായ കൊളംബിയയിൽ ഒന്നര ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌.

ഇടതുപക്ഷ നേതാവായ ഗുസ്താവോ പെട്രോ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ രണ്ടാം റൗണ്ടിലെത്തുമെന്നാണ്‌ അഭിപ്രായ സർവേകൾ പ്രവചിക്കുന്നത്‌. യുവാവായിരിക്കുമ്പോൾ ഗറില്ലാ സമരപാതയിലൂടെ രാജ്യത്തിന്റെ വിമോചനത്തിനായി പ്രവർത്തിച്ച പെട്രോ പിടിക്കപ്പെടുകയും പൊലീസ് മർദ്ദനത്തിനു ഇരയാവുകയും തുടർന്ന്‌ തടവിലാവുകയും ചെയ്‌തു. പിന്നീട്‌ ജനാധിപത്യത്തിന്റെ പാതയിലേക്ക്‌ മാറി സഞ്ചരിച്ച അദ്ദേഹം തലസ്ഥാന നഗരമായ ബൊഗോത്തയിലെ മേയറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

ഇടതുപക്ഷ‐പുരോഗമന രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാണ്‌ ഗുസ്‌താവോ പെട്രോ തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌. സാർവത്രിക പൊതുവിദ്യാഭ്യാസവും ആരോഗ്യപരിപാലനവും ഉറപ്പുനൽകുന്നതാണ്‌ ഗുസ്‌തവോയുടെ പ്രകടന പത്രിക. അഴിമതിയും രാഷ്ട്രീയത്തിലെ പാരാമിലിറ്ററി മാഫിയാവൽക്കരണവും അവസാനിപ്പിക്കുമെന്നും നികുതി ഘടനയിലൂടെയുള്ള ഭൂപരിഷ്കരണം കൊണ്ടുവരുമെന്നും തന്റെ പ്രകടനപത്രികയിലൂടെ ഗുസ്‌താവോ വാഗ്‌ദാനം ചെയ്യുന്നു. ഗുസ്‌താവോയുടെ പ്രകടന പത്രികക്ക്‌ വോട്ടർമാരിൽ നിന്നും മികച്ച പിന്തുണയാണ്‌ ലഭിക്കുന്നത്‌. ഗുസ്‌താവോയുടെ അനുയായികളിൽ അധികവും യുവാക്കളാണെന്നതും ശ്രദ്ധേയമാണ്‌. 

പരമ്പരാഗതമായി വലതുപക്ഷ രാഷ്‌ട്രീയത്തിനാണ്‌ കൊളംബിയയിൽ മേൽക്കെ. ആക്രമണോത്സുകരായ വലതുപക്ഷ സായുധസംഘങ്ങൾ ഇടതുപക്ഷ‐പുരോഗമന പക്ഷത്തു നിലയുറപ്പിക്കുന്ന നേതാക്കളെ കൊലപ്പെടുത്തിയതായ നിരവധി സംഭവങ്ങൾ കൊളംബിയൻ ചരിത്രത്തിലുണ്ട്‌. കൊളംബിയയിൽ നിന്നുള്ള വിഖ്യാത സാഹിത്യകാരൻ ഗബ്രിയേൽ ഗാർസ്യ മാർക്വേസിന്റെ കൃതികളിലും ഇത്തരം കഥാ പശ്ചാത്തലങ്ങൾ കാണാം.

താൻ കൊല്ലപ്പെടുകയോ വലിയ രീതിയിലുള്ള തിരഞ്ഞെടുപ്പു ക്രമക്കേടുകൾ നടക്കാതിരിക്കുകയോ ചെയ്‌താൽ വിജയ സാധ്യതയുണ്ടെന്ന ആത്മവിശ്വാസത്തിലാണ്‌ ഗുസ്‌താവോ പെട്രോ.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top