16 August Thursday

സൗദി തൊഴില്‍ മേഖലയില്‍ സ്ത്രീ പുരുഷ സമത്വം ഉറപ്പുവരുത്താന്‍ നിയമാവലി

അനസ് യാസിന്‍Updated: Thursday Jan 25, 2018
മനാമ > സൗദി സ്വകാര്യ മേഖലയില്‍ സ്ത്രീപുരുഷ സമത്വം ഉറപ്പു വരുത്തുന്ന പുതിയ തൊഴില്‍ നിയമാവലിക്ക് അംഗീകാരം. രണ്ടു വര്‍ഷം മുമ്പ് ആവിഷ്‌കരിച്ച തൊഴില്‍ നിയമാവലിയില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമാവലി ഉണ്ടാക്കിയത്. ഒരേ ജോലി നിര്‍വഹിക്കുന്ന സ്ത്രീ പുരുഷ ജീവനക്കാരുടെ വേതനം സമമായിരിക്കണമെന്നതാണ് ഭേദഗതികളില്‍ പ്രധാനം. 
 
വനിതാ ജീവനക്കാരുടെ സ്വകാര്യത സംരക്ഷിക്കണമെന്നും പൊതുജനങ്ങളെ സ്വീകരിക്കുന്ന സ്ഥാപനങ്ങളില്‍ വനിതാ ജീവനക്കാര്‍ക്ക് സുരക്ഷ ലഭ്യമാക്കണമെന്നും നിയമാവലി നിഷ്‌കര്‍ശിക്കുന്നു.  വനിതകളുടെ തൊഴില്‍ സാഹചര്യവുമായി ബന്ധപ്പെട്ട് പഴയ നിയമാവലിയില്‍ പരാമര്‍ശിക്കാത്ത ചില വ്യവസ്ഥകളും മാനദണ്ഡങ്ങളും പുതിയ നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
വനിതകളെ ജോലിക്കു വെക്കുന്നതിന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തില്‍നിന്നോ മറ്റേതെങ്കിലും വകുപ്പുകളില്‍നിന്നോ മുന്‍കൂട്ടി അനുമതി നേടേണ്ടതില്ലെന്ന് പുതിയ നിയമാവലി വ്യക്തമാക്കുന്നു. ഓഫീസ് ജോലി നിര്‍വഹിക്കുന്ന വനിതകള്‍ക്ക് സ്വകാര്യത സംരക്ഷിക്കുന്ന മുറികള്‍ ലഭ്യമാക്കല്‍ നിര്‍ബന്ധമാണ്. പൊതുജനങ്ങളെ സ്വീകരിക്കുന്ന സ്ഥാപനങ്ങളാണെങ്കില്‍ ജീവനക്കാര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കണം. 
 
പഴയ നിയമാവലി തൊഴിലുടമകള്‍ക്കുള്ള മോഡല്‍ ഗൈഡ് ആയിരുന്നു. എന്നാല്‍ പുതിയ നിയമാവലി മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങളും പാലിക്കല്‍ നിര്‍ബന്ധമായ ഏകീകൃത ഗൈഡ് ആണ്. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തില്‍നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങി പൊതുമാതൃകാ നിയമാവലിയില്‍ ചില വ്യവസ്ഥകള്‍ തൊഴിലുടമകള്‍ക്ക് കൂട്ടിച്ചേര്‍ക്കാം. തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ. അലി അല്‍ഗഫീസാണ് നിയാവലി അംഗീകരിച്ചത്. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top