26 September Wednesday

ധനപ്രതിസന്ധി രൂക്ഷം; അമേരിക്ക 'അടച്ചുപൂട്ടി'

വെബ് ഡെസ്‌ക്‌Updated: Sunday Jan 21, 2018


വാഷിങ്ടൺ > ഡോണൾഡ് ട്രംപ് അധികാരമേറ്റതിന്റെ ഒന്നാംവാർഷികവേളയിൽ അമേരിക്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. അടുത്ത മാസത്തേക്കുള്ള ധനബിൽ പാസാക്കാത്തതിനെ തുടർന്ന് അമേരിക്കയിൽ സർക്കാർ ഓഫീസുകളും സേവനസംവിധാനങ്ങളും അടച്ചിടേണ്ടിവരുന്ന 'ഷട്ട്ഡൗൺ' എന്ന പ്രതിസന്ധി ഉടലെടുത്തു. പണമില്ലാത്തതിനാൽ ആഭ്യന്തരസുരക്ഷ അടക്കമുള്ള മിക്ക സർക്കാർ സംവിധാനങ്ങളും അടച്ചുപൂട്ടേണ്ടിവരും.

ജീവനക്കാർക്കാകെ ശമ്പളം മുടങ്ങും. ശമ്പളമില്ലാത്ത നിർബന്ധിത അവധിയെടുക്കാൻ ജീവനക്കാർക്ക് നോട്ടീസ് നൽകി. ആദ്യ ദിവസം തന്നെ പതിനായിരങ്ങൾക്ക് ജോലി നഷ്ടമായി. പ്രതിഷേധ സാധ്യത മുന്നിൽകണ്ട് ജനങ്ങൾ കൂട്ടംകൂടാനിടയുള്ള ദേശീയപാർക്കുകളും മറ്റ് കേന്ദ്രങ്ങളും അടച്ചുപൂട്ടി. 2013 ലുണ്ടായ 'ഷട്ട്ഡൗൺ' പ്രതിസന്ധി 16 ദിവസം നീണ്ടുനിന്നിരുന്നു.

നിലവിൽ പാസ്സാക്കിയ ബജറ്റ് അനുസരിച്ച് ഫണ്ട് വിനിയോഗിക്കാനുള്ള കാലവാധി ശനിയാഴ്ച അവസാനിച്ചു. തുടർന്നുള്ള ചെലവുകൾക്ക് പണം വിനിയോഗിക്കാൻ അനുമതി തേടിയുള്ള ധനബിൽ ശനിയാഴ്ച പുലർച്ചെ ചേർന്ന സെനറ്റ് യോഗത്തിൽ പാസാക്കാനായില്ല. ഇതോടെയാണ് ട്രഷറിയിൽ പണമുണ്ടെങ്കിലും നിയമപരമായി സർക്കാരിന്  ചെലവഴിക്കാൻ പറ്റാത്ത സാഹചര്യം ഉയർന്നത്. സെനറ്റ് യോഗത്തിൽ ബിൽ പാസാകാൻ 60 വോട്ട് വേണം. എന്നാൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർടി കൊണ്ടുവന്ന ബില്ലിന് 50 വോട്ട് മാത്രമാണ് ലഭിച്ചത്. എതിർത്ത് വോട്ട് ചെയ്തവരിൽ നാല് റിപ്പബ്ലിക് അംഗങ്ങളും പെടും.

അതേസമയം പ്രതിസന്ധി നൂറുശതമാനവും ഒഴിവാക്കാനാകുമായിരുന്നു എന്നും ഡെമോക്രാറ്റുകൾക്ക് അനധികൃത കുടിയേറ്റക്കാരോടാണ് കൂടുതൽ അനുഭാവമെന്നും  അവർ രാജ്യതാൽപര്യം ബലികഴിപ്പിച്ചെന്നും ട്രംപ് ട്വിറ്ററിൽ പ്രതികരിച്ചു.

ഒന്നാംവാർഷികം പ്രമാണിച്ച് സുഹൃത്തുക്കൾക്കായി ഫ്‌ളോറിഡയിലെ മാർ അലാഗോ എസ്റ്റേറ്റിൽ ഒരുക്കിയ ആഘോഷവിരുന്നിനായി ട്രംപ് പോകാനിരിക്കെയാണ് രാജ്യം ധനപ്രതിസന്ധിയിലായ വാർത്ത പുറത്തുവന്നത്. ഇതോടെ യാത്ര മാറ്റി. പ്രശ്‌നം പരിഹാരിക്കാൻ മുതിർന്ന നേതാക്കളുമായി ട്രംപ് വൈറ്റ്ഹൗസിൽ ചർച്ച നടത്തി.
 

പ്രധാന വാർത്തകൾ
Top