19 September Wednesday

തുര്‍ക്കി തെരഞ്ഞെടുപ്പ്: എര്‍ദോഗാന് വീണ്ടും വിജയം

വെബ് ഡെസ്‌ക്‌Updated: Monday Jun 25, 2018

ഇസ്താംബൂൾ > തുർക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ  നിലവിലെ പ്രസിഡന്റ് റസിപ‌് തയിബ‌് എർദോഗാന്‌ വിജയം. പ്രസിഡന്റ‌് തെരഞ്ഞെടുപ്പിൽ  52.5 ശതമാനം വോട്ട‌് നേടിയാണ്‌ എർദോഗാൻ വീണ്ടും അധികാരത്തിലെത്തിയത്‌. എതിർ സ്ഥാനാർത്ഥിയായ റിപ്പബ്ലിക്കൻ പീപ്പിൾസ‌് പാർടി നേതാവ‌് മുഹറോം ഇൻസിന‌് 30.7 ശതമാനം വോട്ട്  ലഭിച്ചു.

പ്രസിഡന്റ‌് തെരഞ്ഞെടുപ്പിന‌് പുറമെ നടന്ന പാർലമെന്റ‌് തെരഞ്ഞെടുപ്പിലും എർദോഗാന്റെ പാർടിയായ ജസ‌്റ്റിസ‌് ആൻഡ‌് ഡെവലപ‌്മെന്റ‌് പാർടി (എകെ) മുൻതൂക്കം നേടി.  എകെ പാർടി 42 ശതമാനവും സഖ്യകക്ഷിയായ എംഎച്ച്‌പി 11 ശതമാനവും വോട്ട‌് നേടി.

ചരിത്രത്തിലാദ്യമായാണ‌് തുർക്കി പാർലമെന്റിലേക്കും പ്രസിഡന്റ‌് സ്ഥാനത്തേക്കും ഒരുമിച്ച‌് തെരഞ്ഞെടുപ്പ‌് നടക്കുന്നത‌്. 2019 നവംബറിലായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും തെരഞ്ഞെടുപ്പ‌് എർദോഗാൻ നേരത്തെയാക്കുകയായിരുന്നു. 2016 മുതൽ അടിയന്തിരാവസ്ഥ നിലനിൽക്കുന്ന രാജ്യത്ത്‌ ഞായറാഴ‌്ച നടന്ന തെരഞ്ഞെടുപ്പിൽ 56 കോടി ജനങ്ങളാണ‌് സമ്മതിദാനാവകാശം വിനിയോഗിച്ചത‌്.

എർദോഗാൻ അനുകൂല മേഖലകളിലെ ഫലങ്ങൾ ആദ്യം പ്രഖ്യാപിച്ച് തുർക്കി സ്‌റ്റേറ്റ് മീഡിയ കൃത്രിമം കാണിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

2014ൽ പ്രസിഡന്റ് പദവിയിലെത്തുന്നതിന് മുമ്പ് പതിനൊന്ന‌് വർഷം പ്രധാനമന്ത്രിയായിരുന്നയാളാണ് എർദോഗൻ. ഇതോടെ പ്രസിഡന്റിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന ഭരണഘടനയ്ക്ക് കീഴിൽ എർദോഗാൻ വീണ്ടും പ്രസിഡന്റാവുമെന്നുറപ്പായി.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top