Top
20
Monday, November 2017
About UsE-Paper

ഇറാനില്‍ മരണം 540 കടന്നു

Wednesday Nov 15, 2017
വെബ് ഡെസ്‌ക്‌
പ്രസിഡന്റ് റൗഹാനി ഭൂകമ്പ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു

തെഹ്റാന്‍ > ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലെ കുര്‍ദ് മേഖലയില്‍ ഞായറാഴ്ചയുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 540 കടന്നു. പരിക്കേറ്റവരുടെ എണ്ണം എണ്ണായിരംകടന്നു. ഭൂകമ്പത്തില്‍ തകിടംമറിഞ്ഞ പടിഞ്ഞാറന്‍ ഇറാനിയന്‍ പ്രവിശ്യയായ കെര്‍മാന്‍ഷായില്‍ നൂറുകണക്കിന് വീടുകള്‍ നിലംപൊത്തി. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഉറ്റവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ രാപ്പകലില്ലാതെ തുടരുന്നു. ആയിരങ്ങള്‍ കൊടുംതണുപ്പില്‍ നരകയാതന അനുഭവിക്കുന്നു.  കെര്‍മാന്‍ഷാ പ്രവിശ്യയില്‍ പാതിരാതാപനില പൂജ്യത്തിനും താഴെയാണ്.

ശക്തമായ തുടര്‍ച്ചലനങ്ങള്‍ അനുഭവപ്പെടുന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. മണിക്കൂറില്‍ രണ്ട് തുടര്‍ചലനങ്ങള്‍ വീതം മേഖലയില്‍ അനുഭവപ്പെടുന്നു. ഇരുനൂറിലേറെ തുടര്‍ചലനങ്ങള്‍ രേഖപ്പെടുത്തി. ദുരന്തമേഖലയില്‍ ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി സന്ദര്‍ശനം നടത്തി.

വടക്കന്‍ ഇറാഖിലെ കുര്‍ദിഷ് ഭരണമേഖലയായ സുലൈമാനിയയിലെ തെക്കുകിഴക്കന്‍ മേഖലയായ ഹലെബ്ജായില്‍ ഞായറാഴ്ച രാത്രിയാണ് റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ഇറാനിലെ 14 പ്രവിശ്യയില്‍ ഭൂകമ്പം അനുഭവപ്പെട്ടു.