Top
19
Friday, January 2018
About UsE-Paper

ജറുസലേം പ്രമേയം പൊതുസഭയില്‍: എതിര്‍ത്താല്‍ ധനസഹായം റദ്ദാക്കുമെന്ന് ട്രംപിന്റെ ഭീഷണി

Friday Dec 22, 2017
വെബ് ഡെസ്‌ക്‌

വാഷിങ്ടണ്‍ > ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നടപടിയെ അംഗീകരിക്കാത്ത  രാജ്യങ്ങള്‍ക്കുള്ള ധനസഹായം റദ്ദാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. അമേരിക്കന്‍ നടപടിെക്കതിരെ പൊതുസഭയില്‍ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് അംഗരാഷ്ട്രങ്ങള്‍ക്ക് ട്രംപിന്റെ താക്കീത്. രക്ഷാസമിതിയില്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തിരുന്നു. ''ഞങ്ങളുടെ കൈയില്‍നിന്ന് ശതകോടിക്കണക്കിനു പണം സ്വീകരിക്കുകയും ഞങ്ങള്‍ക്കെതിരെ രക്ഷാസമിതിയില്‍ വോട്ട് ചെയ്യുകയും പൊതുസഭയില്‍ വോട്ട് ചെയ്യാന്‍ തുനിയുകയും ചെയ്യുന്ന രാജ്യങ്ങളെ ഞങ്ങള്‍ക്ക് അറിയാം. അവര്‍ വോട്ട് ചെയ്യട്ടെ. പക്ഷേ, അത് ഞങ്ങള്‍ മറക്കുമെന്ന് കരുതേണ്ട'' വൈറ്റ് ഹൗസില്‍ മാധ്യമങ്ങളെ കണ്ട ട്രംപ് പറഞ്ഞു.

അമേരിക്കയുടെ പലസ്തീന്‍ വിരുദ്ധ നിലപാടുകള്‍ക്കെതിരെ രംഗത്തെത്തിയ ആഫ്രിക്കന്‍, ഏഷ്യന്‍, ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളെ ഉന്നംവച്ചാണ് ട്രംപിന്റെ പരാമര്‍ശം. പൊതുസഭയില്‍ അംഗങ്ങളായ 193ല്‍ 180 രാഷ്ട്രത്തിനും അമേരിക്കന്‍ നിലപാട് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസിന്റെ യുന്‍ പ്രതിനിധി നിക്കി ഹാലി കത്തെഴുതിയിരുന്നു. എതിര്‍ത്ത് വോട്ടുചെയ്യാന്‍ സാധ്യതയുള്ള രാഷ്ട്രങ്ങള്‍ക്കെതിരെ കത്തില്‍ ഭീഷണി മുഴക്കി.

അറബ്മുസ്ലിം രാഷ്ട്രങ്ങളുടെ പ്രത്യേക ആവശ്യത്തെതുടര്‍ന്നാണ് ഐക്യരാഷ്ട്രസഭ ജറുസലേം വിഷയത്തില്‍ അടിയന്തരയോഗം ചേരുന്നത്. യോഗത്തില്‍ അമേരിക്കന്‍ നീക്കത്തെ അപലപിച്ചുകൊണ്ടുള്ള പ്രമേയത്തിന്റെ കരട് വോട്ടിനിടും. 15 അംഗ രക്ഷാസമിതിയില്‍ അമേരിക്ക ഒഴിച്ച് എല്ലാ രാഷ്ട്രവും പ്രമേയത്തെ അനുകൂലിച്ചിരുന്നു. സഖ്യകക്ഷികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, ഉക്രൈന്‍ തുടങ്ങിയ രാഷ്ട്രങ്ങളും രക്ഷാസമിതിയില്‍ പ്രമേയത്തെ അനുകൂലിച്ചത് അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയായി. പൊതുസഭയിലും ഈ രാഷ്ട്രങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യും. പൊതുസഭയില്‍ വീറ്റോ അധികാരം ഇല്ല. ഈ മാസം ആറിനാണ് ട്രംപ് വിവാദ പ്രസ്താവന നടത്തിയത്. അന്താരാഷ്ട്രതലത്തില്‍ അമേരിക്ക ഒറ്റപ്പെടുന്ന അപൂര്‍വ സാഹചര്യമാണ് ഇതോടെ രൂപപ്പെട്ടത്. യുഎന്നിന്റെ പൊതുവായ നിലപാടിനെതിരെ അംഗരാഷ്ട്രങ്ങള്‍ നിലപാടെടുക്കുമ്പോള്‍ അത് തിരുത്തിക്കുന്നതില്‍ രക്ഷാസമിതി പരാജയപ്പെടുന്ന അപൂര്‍വസാഹചര്യത്തില്‍മാത്രമാണ് ഇത്തരത്തില്‍ പൊതുസഭ അടിയന്തരയോഗം ചേരുന്നത്.
 
യുഎന്‍ രൂപീകൃതമായശേഷം ഇതുവരെ പത്തുതവണമാത്രമേ ഇത്തരത്തില്‍ യോഗം ചേര്‍ന്നിട്ടുള്ളൂ. ട്രംപിന്റെ നിലപാടിനെ യുഎന്‍ അംഗരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി തള്ളിപ്പറയുന്നത് അമേരിക്കയ്ക്ക് നയതന്ത്രതലത്തില്‍ കനത്തനാണക്കേടാകും.ഈജിപ്താണ് പ്രമേയത്തിന്റെ കരട് തയ്യാറാക്കിയത്. പലസ്തീനും ഇസ്രയേലും തമ്മിലുണ്ടാക്കുന്ന അന്തിമധാരണയുടെ അടിസ്ഥാനത്തിലായിരിക്കും ജറുസലേമിന്റെ പദവി സംബന്ധിച്ച് തീരുമാനമുണ്ടാക്കുക എന്ന യുഎന്നിന്റെ പ്രഖ്യാപിത നിലപാട് എല്ലാ അംഗരാഷ്ട്രങ്ങളും അംഗീകരിക്കണമെന്ന് പ്രേമയം ചൂണ്ടിക്കാട്ടുന്നു.

ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള ട്രംപിന്റ പ്രസ്താവന പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെടും. പ്രമേയത്തിന് ആവേശകരമായ പിന്തുണയാണ്‌ലോകരാഷ്ട്രങ്ങളില്‍നിന്ന് ഉണ്ടാകുന്നതെന്ന് പലസ്തീന്റെ യുഎന്‍ പ്രതിനിധി റിയാദ് മണ്‍സൂര്‍ പ്രതികരിച്ചു.
 

Related News

കൂടുതൽ വാർത്തകൾ »