21 September Friday

റഷ്യൻ ഇടപെടൽ: പുടിനെ ശരിവച്ച ട്രംപിനെതിരെ യുഎസിൽ വൻ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 18, 2018

വാഷിങ‌്ടൺ > അമേരിക്കൻ പ്രസിഡന്റ‌് തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ലെന്ന റഷ്യൻ പ്രസിഡന്റ‌് വ‌്ളാദിമിർ പുടിന്റെ പ്രതികരണത്തെ അനുകൂലിച്ച പ്രസിഡന്റ‌് ട്രംപിന്റെ നടപടിക്കതിരെ കടുത്ത പ്രതിഷേധം. ട്രംപിന്റെ നിലപാടിനെതിരെ സ്വന്തം പാർടിയായ റിപ്പബ്ലിക്കൻ നേതാക്കളും രംഗത്തെത്തി.

ഡെമോക്രാറ്റുകളും ഇന്റലിജൻസ‌് വിഭാഗം ഉദ്യോഗസ്ഥരും ട്രംപിന്റെ നടപടിയെ അപലപിച്ച‌് രംഗത്ത‌് എത്തിയത‌ിന‌ു പുറമെയാണ‌് സ്വന്തം പാർടി നേതാക്കളും ട്രംപിനെതിരെ  തിരിഞ്ഞത‌്. ട്രംപിന്റെ നടപടി നാണക്കേടുണ്ടാക്കുന്നതാണെന്ന‌് ഭരണ പ്രതിപക്ഷ പാർടി നേതാക്കൾ ഒന്നടങ്കം പറഞ്ഞു.  അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടപെടേണ്ട കാര്യം റഷ്യക്കുണ്ടെന്ന് തോന്നുന്നില്ലെന്ന‌ു പറഞ്ഞാണ‌് ട്രംപ‌് പുടിനെ ശരിവച്ച‌് പറഞ്ഞത‌്.  പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ സംബന്ധിച്ച  അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിലപാട് പാടേ തള്ളുന്നതാണ് ട്രംപിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിലെ ഇടപെടൽ സംബന്ധിച്ച് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളെയാണോ അതോ റഷ്യയെ ആണോ വിശ്വസിക്കുന്നതെന്ന ചോദ്യത്തോട് അത് റഷ്യയല്ല എന്നായിരുന്നു ട്രംപിന്റെ മറുപടി. തെരഞ്ഞെടുപ്പു വിവാദം സംബന്ധിച്ച് പുടിന്റെ പ്രതികരണം ശക്തവും ഉറച്ചതുമാണെന്നും ട്രംപ് പറഞ്ഞു.

പുടിനെ പിന്തുണച്ച പ്രസിഡന്റ‌് ട്രംപിന്റെ നടപടി അമേരിക്കൻ പ്രസിഡന്റ‌് ചരിത്രത്തിലെ ഏറ്റവും വലിയ വീഴ‌്ചയാണെന്ന‌് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ മക്കയിൻ പറഞ്ഞു. ഫിൻലാൻഡ‌് തലസ്ഥാനമായ ഹെൽസിങ്കിയിൽ നടന്ന പുടിൻ‐ട്രംപ‌് ഉച്ചകോടി ദുരന്തപര്യവസാനിയായ വീഴ‌്ചയായിരുന്നു. പുടിനുമായി ഉച്ചകോടിക്കുശേഷം ട്രംപ‌് നടത്തിയ സംയുക്ത വാർത്താ സമ്മേളനം അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ സന്ദർഭമാണെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ ദൗർബല്യമാണ‌് ഉച്ചകോടിയിൽ പുറത്തുവന്നതെന്ന‌് മറ്റൊരു റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ‌്സേ ഗ്രഹാം പറഞ്ഞു. ട്രംപിന്റെ നടപടി അങ്ങേയറ്റം ലജ്ജാകരമാണെന്ന‌് റിപ്പബ്ലിക്കൻ സെനറ്റർ ജെഫ‌് ഫ്ലേക്ക‌ും പറഞ്ഞു.

മുഴുവൻ അമേരിക്കക്കാരുടെയും ആത്മാഭിമാനത്തെ  ചോദ്യംചെയ്യുന്നതാണ‌് ട്രംപിന്റെ നടപടിയെന്ന‌് ഡെമോക്രാറ്റുകൾ ആരോപിച്ചു. അമേരിക്കൻ ഇന്റലിജൻസ‌് ‐പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥർ ചിന്തയില്ലാത്തവരും ദുർബലരും അപകടകാരികളുമാണെന്ന പുടിന്റെ അഭിപ്രായത്തെ ട്രംപ‌് സാധൂകരിച്ചത‌് ശരിയായില്ല. ഇത‌് രാജ്യദ്രോഹ നടപടിയാണെന്നും ഡെമോക്രാറ്റുകൾ പറഞ്ഞു. സമാന അഭിപ്രായവുമായി അമേരിക്കൻ മുൻ ഇന്റലിജൻസ‌് വിഭാഗം തലവൻ ജയിംസ‌് ക്ലാപ്പറും പ്രതികരിച്ചു.

പ്രധാന വാർത്തകൾ
Top