22 June Friday

നേപ്പാളിൽ കമ്മ്യൂണിസ്റ്റ്‌ പാർടികൾ ഒന്നിക്കുന്നു; ലയനം ഇടതു സഖ്യം അധികാരത്തിലെത്തിയതിനു പിന്നാലെ‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 22, 2018

കാഠ്മണ്ഡു > കമ്മ്യൂണിസ്‌റ്റ്‌ നേതാവ്‌ കെ പി ഓലിയുടെ നേതൃത്വത്തിലുള്ള സർക്കാർ നേപ്പാളിൽ അധികാരത്തിൽ വന്നതിനു പിന്നാലെ നേപ്പാളിലെ കമ്മ്യൂണിസ്റ്റ്‌ പാർടികൾ ഒന്നിക്കുന്നു. കമ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ (യുണൈറ്റഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ്), കമ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ്‌ സെന്റർ) എന്നീ പാർടികളാണ്‌ ലയിക്കുന്നത്‌. ഇരുകക്ഷികളും സഖ്യമായി മത്സരിച്ച ഡിസംബറിലെ പൊതുതെരെഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്‌ മികച്ച മുന്നേറ്റമുണ്ടാക്കാനായിരുന്നു.

1950കളിൽ സ്ഥാപിതമായ രാജ്യത്തെ ആദ്യ കമ്മ്യൂണിസ്റ്റ്‌ പാർടിയായ നേപ്പാൾ കമ്മ്യൂണിസ്‌റ്റ്‌ പാർടിയുടെ അതേ പേരിലാകും ഏകീകൃത പാർടി രൂപീകരിക്കുക. യുഎംഎൽ ചെയർമാൻ കൂടിയായ പ്രധാനമന്ത്രി കഡ്‌ഗ പ്രസാദ്‌ ഓലിയും മാവോയിസ്‌റ്റ്‌ സെന്റർ ചെയർമാൻ പ്രചണ്ഡയും തിങ്കളാഴ്‌ച ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. ഔദ്യോഗിക പ്രഖ്യാപനത്തിനു മുൻപായി തെരെഞ്ഞെടുപ്പ്‌ കമ്മീഷനിൽ രെജിസ്‌റ്റർ ചെയ്യുന്നതടക്കമുള്ള സാങ്കേതിക നടപടികൾ മാത്രമാണ്‌ ഇനി പൂർത്തിയാക്കാനുള്ളത്‌.

പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതിനുശേഷം കെ പി ഓലി പ്രചണ്ഡയ്‌ക്കൊപ്പം

പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതിനുശേഷം കെ പി ഓലി പ്രചണ്ഡയ്‌ക്കൊപ്പം



ഇരുപാർടികളും ഒന്നിച്ചു മത്സരിച്ച തെരെഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമാണുണ്ടായത്‌. നേപ്പാൾ പ്രതിനിധിസഭയിൽ ഭരണഘടന ഭേദഗതി ചെയ്യാനാവശ്യമായ മൂന്നിൽ രണ്ടിനടുത്ത്‌ ഭൂരിപക്ഷം ലഭിച്ചപ്പോൾ ഏഴു പ്രവിശ്യകളിൽ ആറിലും സർക്കാരുണ്ടാക്കാൻ ഈ സഖ്യത്തിനായി. സഖ്യത്തിനു ലഭിച്ച ജനപിന്തുണയെ തുടർന്നാണ്‌ തെരെഞ്ഞെടുപ്പിന്‌ മുൻപ്‌ പ്രഖ്യാപിച്ചതനുസരിച്ചുള്ള പാർടികളുടെ ലയനം.

കെ പി ഓലിയും പ്രചണ്ഡയും ഒപ്പുവച്ച കരാറിൽ പ്രധാനമായും ഏഴു കാര്യങ്ങളിലാണ്‌ ധാരണയായത്‌. ദേശീയത, ജനാധിപത്യം, സാമൂഹ്യ നീതി എന്നിവയിലൂന്നിയ സാമൂഹ്യപരിവർത്തനത്തിലൂടെ  സോഷ്യലിസം സ്ഥാപിക്കുന്നതിനുള്ള അടിത്തറയിടുമെന്നാണ് ഈ രേഖയിൽ പറയുന്നത്‌. മാർക്‌സിസം ‐ ലെനിനിസം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഏകീകൃത കമ്മ്യൂണിസ്റ്റ്‌ പാർടി ബഹുകക്ഷി ജനാധിപത്യത്തെ അംഗീകരിക്കുന്നതാകുമെന്നും കരാറിലുണ്ട്‌.

നേപ്പാൾ കമ്മ്യൂണിസ്‌റ്റ്‌ പാർടിയുടെ ഏകീകൃത ജനറൽ കൺവെൻഷൻ പുതിയ നേതൃത്വത്തെ തെരെഞ്ഞെടുക്കുന്നതുവരെ കെ പി ഓലിയും പ്രചണ്ഡയും പുതിയ പാർടിയുടെ ചെയർമാൻമാരായി തുടരാനാണ്‌ ധാരണ.

പ്രധാന വാർത്തകൾ
Top