17 November Saturday

അലഞ്ഞുതിരിഞ്ഞ് നൊബേൽ ജേതാവ്; സമീപം ഭാര്യയുടെ മൃതദേഹം

വെബ് ഡെസ്‌ക്‌Updated: Friday Mar 16, 2018


ഷിക്കാഗോ > ജപ്പാനിലെ നൊബേൽ പുരസ്കാരജേതാവ് എയ്ചി നെഗിഷിയെ അമേരിക്കയിലെ വടക്കൻ ഇല്ലിനോയിസിൽ അലഞ്ഞുതിരിഞ്ഞുനടക്കവെ കണ്ടെത്തി. അദ്ദേഹത്തിന്റെ ഭാര്യ സുമിരെ നെഗിഷി (80)യുടെ മൃതദേഹം സമീപത്തുനിന്ന് ലഭിച്ചു. എൺപത്തിരണ്ടുകാരനായ നെഗിഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് നെഗിഷിയെയും ഭാര്യയെയും കാണാതായത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചോടെ ഇല്ലിനോയിസിലെ റോക്ക്ഫോർഡിലാണ് അദ്ദേഹത്തെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ദമ്പതികളുടെ കാറും സുമിരെയുടെ മൃതദേഹവും സമീപത്തെ ഓർക്കാഡ് ഹിൽസ് ലാൻഡ്ഫിലിൽനിന്ന് കണ്ടെത്തി.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും എന്നാൽ, സുമിരെയുടെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് കരുതുന്നതെന്നും പൊലീസ് വക്താവ് പറഞ്ഞു. പാർക്കിൻസൺസ് രോഗബാധിതയായിരുന്നു അവർ.

തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ദമ്പതികളെ കാണാതായ വിവരം ഇൻഡ്യാന സ്റ്റേറ്റ് പൊലീസിൽ റിപ്പോർട്ട് ചെയ്തത്. നെഗിഷി പഠിപ്പിക്കുന്ന സർവകലാശാലാ ക്യാമ്പസിനുസമീപം വെസ്റ്റ് ലഫായെതെയിലെ വീട്ടിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. 2010ലാണ് നെഗിഷിക്ക് രസതന്ത്ര നൊബേൽ പുരസ്കാരം ലഭിച്ചത്.

പ്രധാന വാർത്തകൾ
Top