19 November Monday

അൾജീരിയയിൽ സൈനിക വിമാനം തകർന്ന് 257 മരണം

വെബ് ഡെസ്‌ക്‌Updated: Thursday Apr 12, 2018


അൾജിയേഴ്സ് > ആഫ്രിക്കൻ രാജ്യമായ അൾജീരിയയിൽ സൈനികവിമാനം തകർന്ന് 257 പേർ മരിച്ചു. ബുധനാഴ്ച രാവിലെയാണ് അപകടം. അൾജീരിയൻ തലസ്ഥാനമായ അൾജിയേഴ്സിലെ ബൂഫാരിക് വ്യോമസേനാ താവളത്തിൽനിന്ന് പടിഞ്ഞാറൻ നഗരമായ ബെച്ചാറിലേക്കു പോയ വിമാനമാണ് തകർന്നത്. പറന്നുയർന്ന വിമാനം ഉടൻ സമീപത്തെ കൃഷിയിടത്തിൽ തകർന്നുവീണെന്നാണ് റിപ്പോർട്ട്.

സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണ് മരിച്ചതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ സഹാറയെ മൊറോക്കോയിൽനിന്ന് മോചിപ്പിക്കാൻ അൾജീരിയയുടെ പിന്തുണയോടെ പ്രക്ഷോഭം നടത്തുന്ന പോളിസാരിയോ ഫ്രണ്ടിന്റെ 26 പ്രവർത്തകരും അപകടത്തിൽ കൊല്ലപ്പെട്ടതായി ബിബിസി റിപ്പോർട്ട്ചെയ്തു.

വിമാനം തകരാനിടയായ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അൾജീരിയൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സൈനികമേധാവി സംഭവസ്ഥലം സന്ദർശിച്ചു. നാലു വർഷം മുമ്പ് അൾജീരിയയിൽ സമാനമായ അപകടത്തിൽ 77 പേർ കൊല്ലപ്പെട്ടിരുന്നു. അന്നും സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയും വഹിച്ചുള്ള വിമാനമാണ് തകർന്നത്.

പ്രധാന വാർത്തകൾ
Top