22 July Sunday

ഡുക്കാട്ടിയുടെ പുതിയ മോണ്‍സ്റ്റര്‍ 821

വെബ് ഡെസ്‌ക്‌Updated: Monday May 7, 2018

 ഡുക്കാട്ടിയുടെ പുതിയ മോഡലായ മോണ്‍സ്റ്റര്‍ 821 ഇന്ത്യയിലെത്തി. 9.51 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയുള്ള ബൈക്ക് മോണ്‍സ്റ്റര്‍ 900 ന്റെ പൈതൃകത്തോടെയാണ് എത്തിയത്. 25 വര്‍ഷങ്ങള്‍ക്കുമുമ്പ‌് ട്രൂ നേക്കഡ് സ്‌പോര്‍ട്ട് ബൈക്കായി മോട്ടോര്‍സൈക്കിള്‍ ലോകത്തെ ഇളക്കിമറിച്ചതാണ് മോണ്‍സ്റ്റര്‍ 900. സ്റ്റൈല്‍, സോഫിസ്റ്റിക്കേഷന്‍, പെര്‍ഫോമന്‍സ് എന്നിവയുടെ കൂടിച്ചേരലാണ് ഈ ബൈക്ക്.

 പൂര്‍ണമായും റീഡിസൈന്‍ചെയ്ത ടാങ്ക്, ടെയില്‍, പുതിയ എക്‌സ്‌ഹോസ്റ്റ്, ഹെഡ്‌ലൈറ്റ് എന്നിവ പുതിയ മോണ്‍സ്റ്റര്‍ 821ന് കൂടുതല്‍ ആകര്‍ഷണീയത നല്‍കുന്നു. ഏത് ഗിയറിലാണ് വാഹനം ഓടുന്നത്, ഇന്ധന അളവ് തുടങ്ങിയവ അറിയാന്‍സാധിക്കുന്ന കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ ആദ്യമായി ഈ വാഹനത്തിലൂടെ ഡുക്കാട്ടി അവതരിപ്പിക്കുകയാണ്. മഞ്ഞ, ചുവപ്പ‌്, ഡുക്കാട്ടി കറുപ്പ‌് നിറങ്ങളില്‍ വാഹനം ലഭ്യമാണ്.

യൂറോ 4 സ്റ്റാന്‍ഡേർഡിലുള്ള ലിക്വിഡ് കൂള്‍ഡ് ടെസ്റ്റാസ്‌ട്രെറ്റ 11 എന്‍ജിന്‍ 9250 ആര്‍പിഎമ്മില്‍ 109 എച്ച്പി (80 കിലോവാട്ട്) പവറും 7750 ആര്‍പിഎമ്മില്‍ 8.8 കെജിഎം (86 എന്‍എം) ടോര്‍ക്കും നല്‍കുന്നു. ബോഷ് 9.1 എംപി എബിഎസ് സിസ്റ്റം, ഡുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടുന്ന ഡുക്കാട്ടി സേഫ്റ്റി പായ്‌ക്കോടുകൂടിയാണ് മോണ്‍സ്റ്റര്‍ 821 എത്തിയിരിക്കുന്നത്. ഇവ രണ്ടും സ്വയം ക്രമീകരിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഡിസൈന്‍ചെയ്തിരിക്കുന്നത്. അതുപോലെതന്നെ പരമാവധി പവര്‍, ത്രോട്ടില്‍ റെസ്‌പോണ്‍സ് എന്നിവയും റൈഡ് മോഡുകളിലൂടെ ആവശ്യാനുസരണം ക്രമീകരിക്കാന്‍ സാധിക്കും. എബിഎസ്, ഡുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍, പവര്‍ റൈഡ്‌സ് എന്നിവ റൈഡ് മോഡിലൂടെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നതിനാല്‍ മോണ്‍സ്റ്റര്‍ 821നെ മൂന്ന് ബൈക്കുകളായി മാറ്റാന്‍ റൈഡര്‍ക്ക് കഴിയും.

320 എംഎം ഡ്യുവല്‍ ഡിസ്‌ക്കോടുകൂടിയ ബ്രേക്ക്, എം432 റേഡിയല്‍ ക്യാലിപ്പേഴ്‌സ് എന്നിവ ഡുക്കാട്ടി 821 എക്യുപ്‌മെന്റ‌് ശേഖരത്തെ സമ്പന്നമാക്കുന്നു. 43 എംഎം മുന്‍ ഫോര്‍ക്ക്, സ‌്പ്രിങ‌് പ്രീലോഡ് അഡ്ജസ്റ്റ്‌മെന്റോടുകൂടിയ റിയര്‍ മോണോഷോക്ക് എന്നിവയാണ് സസ്പെന്‍ഷന്റെ പ്രത്യേകതകള്‍. മുന്‍ ഡുക്കാട്ടി വാഹനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ പരിഷ‌്കരിച്ച സസ്‌പെന്‍ഷനാണിത്. ഓണ്‍ റോഡിലും ഓഫ് റോഡിലും കൂടുതല്‍ ഗ്രിപ്പുണ്ട‌്. ക്ലച്ചിന്റെ സഹായമില്ലാതെ ഗിയര്‍ മാറാൻ കഴിയുന്ന ഇലക‌്ട്രോണിക് സംവിധാനമാണുള്ളത്.
ജൂണ്‍ ആദ്യം ലഭ്യമാകും. കൊച്ചിക്കു പുറമെ ഡല്‍ഹി, മുംബൈ, പുണെ, അഹമ്മദാബാദ്, ബംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ഡൂക്കാട്ടിക്ക് ഡീലര്‍ഷിപ്പുള്ളത്.

Top