18 November Sunday

മത്സരിക്കാനുറച്ച് ട്രയല്‍ ബ്ളെയ്സര്‍

സി ജെ ഹരികുമാര്‍Updated: Sunday Nov 29, 2015

വാഹനലോകത്തെ എസ്യുവികളുടെ കിടമത്സരത്തിന് ആക്കംകൂട്ടി ഷെവര്‍ലെ തങ്ങളുടെ ഏറ്റവും പുതിയ എസ്യുവി ട്രയല്‍ ബ്ളെയ്സര്‍ ഇന്ത്യന്‍വിപണിയിലെത്തിച്ചു.

വലിയ വാഹനങ്ങളുടെ വിപണിയില്‍ നഷ്ടമായ സ്വീകാര്യത ട്രയല്‍ ബ്ളെയ്സറിലൂടെ തിരിച്ചുപിടിക്കുകയാണ് ഷെവര്‍ലെയുടെ ലക്ഷ്യം. പ്രീമിയം എസ്യുവി വിഭാഗത്തില്‍ ഏറ്റവും വലുതും ശക്തനുമെന്ന അവകാശവാദത്തോടെയാണ്  ട്രയല്‍ ബ്ളെയ്സര്‍ കടന്നുവരുന്നത്.
2.8 ലിറ്റര്‍ ഡീസല്‍ വേരിയന്റ്  എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. 500 എന്‍എം ടോര്‍ക്ക് പുറപ്പെടുവിക്കുന്ന 200 പിഎസ്  എന്‍ജിന് അകമ്പടിയായി ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്. 18 ഇഞ്ച് വീല്‍ബേസും, 253 മീ.മി ഗ്രൌണ്ട് ക്ളിയറന്‍സുമുള്ള വാഹനം ഏഴു പേര്‍ക്ക് സുഖകരമായ  യാത്ര വാഗ്ദാനംചെയ്യുന്നു.

ബീജ്, ബ്ളാക്ക് നിറങ്ങള്‍ സമ്മേളിക്കുന്ന ഇന്റീരിയറില്‍ ഒട്ടനവധി അത്യന്താധുനിക സൌകര്യങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഏഴ് ഇഞ്ച് ടച്ച് സ്ക്രീന്‍, റിയര്‍ വ്യു ക്യാമറ, ഷെവര്‍ലെ മൈലിങ്ക് ഇന്‍ഫോട്ടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ ഉപയോക്താക്കള്‍ക്കായി സിരിഐസ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിന്നിലെ രണ്ടുനിര മടക്കാവുന്ന സീറ്റുകള്‍ക്ക് വേണ്ടത്ര ലെഗ് സ്പേസ് ഉറപ്പുവരുത്തുന്നുണ്ട്. പിന്‍സീറ്റുകള്‍ക്കായി സീലിങ്ങില്‍ നാല് വെന്റോടുകൂടി എയര്‍ കണ്ടീഷനുകള്‍ ക്രമീകരിച്ചതിനാല്‍ പിന്‍യാത്രക്കാര്‍ക്കും തണുപ്പിന് കുറവുണ്ടാകില്ല.

അനായാസമായ കൈകാര്യക്ഷമത ഉറപ്പുനല്‍കുന്നതോടൊപ്പം പരമാവധി സുരക്ഷയും  ഷെവര്‍ലെ ട്രയല്‍ ബ്ളെയ്സര്‍ വാഗ്ദാനം ചെയ്യുന്നു.  ഡ്യുവല്‍ എയര്‍ബാഗ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക് ബ്രേക്ഫോഴ്സ് ഡിസ്ട്രിബ്യൂഷനോടുകൂടിയ ആന്റി ലോക്ക് ബ്രേക്സ്, കോര്‍ണറിങ് ബ്രേക് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, പാനിക് ബ്രേക് അസിസ്റ്റ്, ഹൈഡ്രോലിക് ബ്രേക് അസിസ്റ്റ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഫ്രണ്ട്  ഗ്രില്ലിന്റെ ഡിസൈന്‍ വാഹനത്തിന് അധികസൌന്ദര്യവും ആകര്‍ഷകത്വവും നല്‍കുന്നുണ്ട്. ഷഡ്ഭുജാകൃതിയോട് സാദൃശ്യമുള്ള  ഗ്രില്ലിന്റെ നടുവിലൂടെ  വീതിയില്‍ നല്‍കിയ ഭാഗത്ത് ഷെവര്‍ലെയുടെ ലോഗോ വളരെ വലുതായി നല്‍കിയിട്ടുണ്ട്.

വൃത്താകൃതിയിലുള്ള ഹെഡ് ലാമ്പ് ക്ളസ്റ്റര്‍ സ്പോര്‍ട്ടി സൌന്ദര്യം നിലനിര്‍ത്തുന്നുതാണ്. പകലും പ്രകാശിക്കുന്ന എല്‍ഇഡി ബള്‍ബുകള്‍ ഉള്‍പ്പെടുത്തിയാണ് ഹെഡ്  ലാമ്പ് ഒരുക്കിയിരിക്കുന്നത്. ലിറ്ററിന് 11.45 കിലോമീറ്റര്‍ മൈലേജാണ് വാഹനത്തിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.  ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള ടോപ് മോഡലിന് ഡല്‍ഹി എക്സ് ഷോറൂം  പ്രകാരം 26,96,466 രൂപയാണ് വില.

പ്രധാന വാർത്തകൾ
Top