14 November Wednesday

രണ്ടാം അങ്കത്തിനായി ജാസ്

സി ജെ ഹരികുമാര്‍Updated: Sunday Jul 12, 2015

കരുത്തിനൊപ്പം ഇന്ധനക്ഷമതയും ആഗ്രഹിക്കുന്ന ഇന്ത്യന്‍ വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഹോണ്ട തങ്ങളുടെ പരിഷ്കരിച്ച മോഡല്‍ ഹോണ്ട ജാസ് പുറത്തിറക്കി. വാഹനത്തിന്റെ ന്യൂനതകളെല്ലാം പരിഹരിച്ചാണ് ജാസിന്റെ രണ്ടാം വരവ്. 2009ല്‍ ജാസ് എന്ന പേരില്‍ത്തന്നെ വാഹനം വിപണിയിലെത്തിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച പ്രതികരണം ലഭിക്കാത്തതിനാല്‍ പിന്‍വലിക്കുകയായിരുന്നു. ഡീസല്‍ വേരിയന്റ് ഇല്ല എന്ന അന്നത്തെ പ്രധാന ആക്ഷേപം പരിഹരിച്ചാണ് ജാസ് പുനരവതരിച്ചത്.

മൈലേജിന് മുന്‍ഗണന നല്‍കുന്ന രണ്ടാം വരവില്‍ ഡീസല്‍ വേരിയന്റില്‍ ലിറ്ററിന് 27.3 കിലോമീറ്ററും പെട്രോള്‍ വേരിയന്റില്‍ ശരാശരി 18.2 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. 1.5 ലിറ്റര്‍ ഐഡിടെക് ഡീസല്‍ വേരിയന്റിലും 1.2 ലിറ്റര്‍ ഐവിടെക് പെട്രോള്‍ വേരിയന്റിലും ജാസ് ലഭ്യമാകും. 1.5 ലിറ്റര്‍ ഐഡിടെക് എന്‍ജിന്‍ 99 കുതിരശക്തിയില്‍ 200 എന്‍എം ടോര്‍ക്കും 1.2 ലിറ്റര്‍ ഐവിടെക് പെട്രോള്‍ 88 കുതിരശക്തിയില്‍ 110 എന്‍എം ടോര്‍ക്കും നല്‍കും. ഹോണ്ടയുടെതന്നെ സിറ്റി, അമേസ്, മൊബീലിയോ എന്നീ ഡീസല്‍വാഹനങ്ങളുടെ അതേ എന്‍ജിന്‍ മോഡല്‍തന്നെയാണ് ജാസിലും ഉപയോഗിച്ചിട്ടുള്ളത്.

എന്നാല്‍ ഇന്ത്യയില്‍ മാത്രമാണ് ജാസിന്റെ ഡീസല്‍പതിപ്പ് ലഭ്യമാകുക. ഡീസല്‍ വേരിയന്റില്‍ സിക്സ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഗിയര്‍ബോക്സ്. പെട്രോള്‍ വേരിയന്റില്‍ ഫൈവ് സ്പീഡ് മാനുവല്‍ ഫൈവ് സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ ട്രാന്‍സ്മിഷന്‍ സിസ്റ്റവുമാണുള്ളത്.രണ്ടു നിരകളിലായി അഞ്ചു പേര്‍ക്ക് യാത്രചെയ്യാവുന്ന കാറിന് 354 ലിറ്ററാണ് ബൂട്ട് സ്പേസ്. പിന്‍സീറ്റ് മടക്കിവച്ചാല്‍ ഇത് എണ്ണൂറിലധികം ലിറ്ററിലേക്ക് ഉയരും.

ഹോണ്ട സിറ്റിയോട് കടമെടുത്തതായി സംശയിക്കത്തക്കവിധമാണ് ജാസിന്റെ മുന്‍ഭാഗം. 2533 മി.മീറ്റര്‍ വീല്‍ബേസുള്ള വാഹനത്തിന് 3955 മി.മീറ്റര്‍ നീളവും, 2530 മി.മീറ്റര്‍ വീതിയുമാണുള്ളത്. 165 മി.മീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. സുരക്ഷയ്ക്കായി മുന്‍ഭാഗത്ത് രണ്ട് എയര്‍ബാഗുകളും എബിഎസ് (ആന്റി ബ്രേക്ക് സിസ്റ്റം) സംവിധാനവും ഇഡിബി സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉയര്‍ന്ന വേരിയന്റില്‍ 6.5 എല്‍സിഡി സ്ക്രീന്‍ അടങ്ങിയ റേഡിയോ, ബ്ലൂടുത്ത് എന്നിവ സമന്വയിക്കപ്പെട്ട മീഡിയാ നാവിഗേഷന്‍ സിസ്റ്റമാണ് വാഹനത്തിന്റെ ഇന്റീരിയറില്‍ നല്‍കിയിരിക്കുന്നത്. മൊത്തം ഏഴു നിറങ്ങളില്‍ ജാസ് ലഭിക്കും. ഡല്‍ഹിയില്‍ എക്സ് ഷോറും നിരക്കുപ്രകാരം പെട്രോള്‍ വേരിയന്റ് 5.3 ലക്ഷംരൂപയില്‍ തുടങ്ങി 7.85 ലക്ഷം രൂപവരെ വിലയെത്തും. ഡീസല്‍പതിപ്പിന്റെ വില 6.49 ലക്ഷം രൂപയിലാണ് തുടക്കം.

പ്രധാന വാർത്തകൾ
Top