17 November Saturday

ക്രിയേറ്റീവായി ഹ്യുണ്ടായ്

സി ജെ ഹരികുമാര്‍Updated: Saturday Jun 20, 2015

ഇന്ത്യന്‍ വിപണി യിലെ എസ്‌യു‌വി കള്‍ തമ്മിലുള്ള കിട മത്സ രങ്ങള്‍ക്ക് കരുത്തു പകര്‍ന്ന് ഹ്യുണ്ടായ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ക്രെറ്റ വിപണിയിലിറക്കുന്നു. ക്രിയേറ്റീവ് എന്ന ഇംഗ്ലീഷ് വാക്കിന്റെ ചുരുക്കരൂപമാണ് ക്രെറ്റ. വാക്കിന്റെ അര്‍ഥം അന്വര്‍ഥമാക്കുംവിധമാണ് ഹ്യുണ്ടായ് തങ്ങളുടെ പുതിയ മോഡലിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഹ്യുണ്ടായിയുടെ വിഖ്യാതമായ ഫ്‌ലൂയിഡിക് ശില്‍പ്പത്തിന്റെ ഏറ്റവും പുതിയ പതിപ്പായ ഫ്ലൂയിഡിക് സ്കള്‍പ്ചര്‍ 2.0ആണ് ക്രെറ്റ എസ്യുവിയുടെ ശരീരഭംഗി. വളരെ സ്പോര്‍ട്ടിയായി ഡിസൈന്‍ശൈലിയാണ് ഹ്യുണ്ടായ് ക്രെറ്റയ്ക്കു നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമാകുംവിധം ഇന്ത്യയില്‍ത്തന്നെ വാഹനം നിര്‍മിക്കാനാണ് ഹ്യുണ്ടായിയുടെ പദ്ധതി എന്നാണ് സൂചന. 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും, 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാകും ക്രെറ്റ ഇന്ത്യയിലെത്തുക.

കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് വേരിയന്റുകളില്‍ വാഹനം ലഭ്യമാകും. ചൈനയില്‍ വിപണിയിലുള്ള ഹ്യുണ്ടായിയുടെതന്നെ ഐഎക്സ് 25 നോട് സാദൃശ്യമുള്ള രൂപമാണ് ക്രെറ്റയ്‌ക്കുള്ളത്്. ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമാകുംവിധം വാഹനത്തില്‍ ഗ്രൗണ്ട് ക്ലിയറന്‍സ് അടക്കം മാറ്റംവരുത്തിയിട്ടുണ്ട്.

എന്നാല്‍ 2590 മി.മീറ്റര്‍ വീല്‍ ബേയ്സുള്ള വാഹനത്തിന് 4270 മി.മീറ്റര്‍ നീളവും, 1780 മി.മീറ്റര്‍ വീതിയുമാണുള്ളത്.ആകര്‍ഷകമായ ഫ്രണ്ട് ബമ്പറുകളും, മുന്നിലും പിന്നിലുമുള്ള ഫോക്സ് സ്കിഡ് പ്ലേറ്റുകളും വാഹനത്തിന് കാഴ്ചയില്‍ കരുത്തു വര്‍ധിപ്പിക്കുന്നു. ഫ്രണ്ട് ഗ്രില്ലിന്റെ മധ്യത്തില്‍ പുറത്തേക്ക് അല്‍പ്പം തള്ളിനില്‍ക്കുന്ന തരത്തിലുള്ള എംബ്ലം വാഹനത്തിന് അധികസൗന്ദര്യവും ആകര്‍ഷകത്വവും നല്‍കുന്നു. ബൂമറാങ്ങിനോട് സാമ്യമുള്ള ഹെഡ് ലാമ്പാണ് വാഹനത്തിന്റെ പ്രധാന ആകര്‍ഷണമായി പറയേണ്ടത്.

വശങ്ങളിലേക്ക് പടര്‍ന്നുനില്‍ക്കുംവിധമുള്ള ഇവ പകലും പ്രകാശിക്കുന്ന എല്‍ഇഡി ബള്‍ബുകള്‍ ഉള്‍പ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്. എല്‍സിഡി സ്‌ക്രീന്‍, റേഡിയോ, ബ്ലൂടുത്ത് എന്നിവ സമന്വയിക്കപ്പെട്ട മീഡിയ നാവിഗേഷന്‍ സിസ്റ്റമാണ് വാഹനത്തിന്റെ ഇന്റീരിയറില്‍ നല്‍കിയിരിക്കുന്നത്.

നാല് എയര്‍ബാഗുകളും എബിഎസ്, ഇബിഡി ബ്രേക്കിങ് സിസ്റ്റവുമടക്കം നിരവധി സുരക്ഷാസന്നാഹങ്ങളോടെയാണ് ഈ വാഹനം വിപണി പിടിക്കുക. ജൂലൈ 21നാണ് ക്രെറ്റയുടെ വിപണി അവതരണം നിശ്ചയിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഇന്ധനക്ഷമത, വില എന്നിവ സംബന്ധിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല. എന്നാല്‍ 8-10 ലക്ഷം രൂപവരെയാകും ഇന്ത്യയില്‍ ക്രെറ്റയുടെ വില.

പ്രധാന വാർത്തകൾ
Top