19 September Wednesday

ഹോണ്ട സി ബി യുണികോണ്‍ 160 യുവത്വത്തിന് പുതിയ സ്റ്റൈല്‍

വെബ് ഡെസ്‌ക്‌Updated: Sunday Jan 15, 2017

യുവാക്കളെ സ്റ്റൈലന്മാരാക്കുന്നതില്‍ യൂണികോണ്‍ ബൈക്കുകള്‍ക്കുള്ള പങ്ക് ചെറുതല്ല. ഇക്കാര്യം  അറിയുന്ന ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുതുക്കിയ സി ബി യൂണികോണ്‍ 160 മോട്ടോര്‍ സൈക്കിള്‍ പുറത്തിറക്കി കൂടുതല്‍ യുവാക്കളെ ഒപ്പം നിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ്.

ബിഎസ്-നാല് മാനദണ്ഡങ്ങള്‍, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റ്സ് ഓണ്‍ സവിശേഷത എന്നിവയോടെ ഈ വിഭാഗത്തില്‍ പുറത്തിറക്കുന്ന ആദ്യത്തെ മോട്ടോര്‍ സൈക്കിളാണ് സി ബി യൂണികോണ്‍ 160. സി ബി യൂണികോണ്‍ 160ന് ശക്തിനല്‍കിയിരിക്കുന്നത്  ഹോണ്ട ഇക്കോ സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള 162.71 സിസിയുടെ എയര്‍കൂള്‍ഡ്, സിംഗിള്‍ സിലിന്‍ഡര്‍ എന്‍ജിനാണ്. സ്റ്റൈല്‍, ഡിസൈന്‍ എന്നിവയോടൊപ്പം ഉയര്‍ന്ന ഇന്ധനക്ഷമതയും നല്‍കുന്നതാണ് യൂണികോണ്‍ 160.

വലിയ വളവുകള്‍ പെട്ടെന്നെടുക്കുമ്പോള്‍ സ്ഥിരത ലഭ്യമാക്കുന്നതിന് മോണോ ഷോക്ക് സസ്പെന്‍ഷന്‍ സഹായിക്കുന്നു. പൂര്‍ണമായ ഡിജിറ്റല്‍ മീറ്റര്‍ ഡിസ്പ്ളേ  മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നയാളിന് കൃത്യമായ വിവരം നല്‍കുന്നു. അകലെവച്ചുതന്നെ ലൈറ്റ് മിന്നുന്നതു  കാണാന്‍ സാധിക്കുന്ന വിധത്തില്‍  എച്ച് ഷേപ്പിലാണ് പുറകിലെ എല്‍ഇഡി ലാമ്പ് രൂപകല്‍പ്പനചെയ്തിട്ടുള്ളത്.

 ഇംപീരിയല്‍ റെഡ് മെറ്റാലിക്, പേള്‍ ഇഗ്നിയസ് ബ്ളാക്ക്, പേള്‍ അമേസിങ് വൈറ്റ്, മാറ്റ് ആക്സിസ് ഗ്രേ, പുതിയ മാറ്റ് മാര്‍വല്‍ ബ്ളൂ എന്നി അഞ്ചു നിറങ്ങളില്‍ സി ബി യൂണികോണ്‍ 160 ലഭ്യമാണിപ്പോള്‍. മാറ്റ് മാര്‍വല്‍ ബ്ളൂവിലുള്ള പുതിയ യൂണികോണ്‍ 160ന്റെ എക്സ് ഡല്‍ഹി ഷോറൂംവില 73,552 രൂപയാണ്.

പ്രധാന വാർത്തകൾ
Top