Top
22
Tuesday, August 2017
About UsE-Paper

ക്ളോണിങ്ങിന്റെ പരീക്ഷണവഴികള്‍

Thursday Aug 10, 2017
വെബ് ഡെസ്‌ക്‌

പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കസാഖിസ്ഥാനിലാണ് ഷൂഖ്റത്  മിതാലിപോവ് ജനിച്ചത്. സയന്‍സ് ഫിക്ഷനുകളെയും വെല്ലുന്ന തരത്തിലായിരുന്നു പലപ്പോഴും ഇദ്ദേഹത്തിന്റെ  ഗവേഷണങ്ങളും നേട്ടങ്ങളും.

2007ല്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ കുരങ്ങിനെ ക്ളോണ്‍ചെയ്തു. 2013ല്‍ ക്ളോണിങ്ങിലൂടെ മനുഷ്യഭ്രൂണങ്ങളെ സൃഷ്ടിച്ചു. വിത്തുകോശ ചികിത്സയില്‍ രോഗികള്‍ക്ക് അനുയോജ്യമായ വിത്തുകോശങ്ങള്‍ ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. യുഎസ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ഈ വര്‍ഷം ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടോടെയാണ് മിതാലിപോവിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ ജേം ലൈന്‍ എന്‍ജിനിയറിങ്ങിലേക്കു തിരിഞ്ഞത്. ഭ്രൂണാവസ്ഥയിലുള്ള ജനിതക എഡിറ്റിങ്ങിന് പച്ചക്കൊടി കാണിക്കുന്ന റിപ്പോര്‍ട്ടായിരുന്നു അത്. അതീവ ഗുരുതരമായ ജനിതകരോഗങ്ങള്‍ ഒഴിവാക്കാനായി മാത്രം, മറ്റൊരു മാര്‍ഗവുമില്ലെങ്കില്‍  ക്രിസ്പര്‍ ജീന്‍ എഡിറ്റിങ് ഭ്രൂണത്തില്‍ പ്രയോഗിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍  ജീന്‍ എഡിറ്റിങ് നടത്തിയ ഭ്രൂണങ്ങളെ വളര്‍ത്തി ശിശുക്കളാക്കി മാറ്റുന്നത് യുഎസ് കോണ്‍ഗ്രസ് നിയമംമൂലം നിരോധിച്ചിട്ടുണ്ട്‌.

യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ഫണ്ടിങ് ബില്ലിലൂടെ  ഇതിന്റെ ക്ളിനിക്കല്‍ ട്രയലിന് നിരോധം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ പരീക്ഷണശാലകളിലും ഐവിഎഫ് ക്ളിനിക്കുകളിലുമൊക്കെ ജനിതകമാറ്റംവരുത്തിയ ശിശുക്കള്‍ എപ്പോള്‍ വേണമെങ്കിലും പിറവിയെടുത്തേക്കാം.