മഞ്ഞുപാളികളെ, ഇതാ മെസി വരുന്നു

നീലവെള്ള വരയന്‍കുപ്പായത്തിലിറങ്ങുന്ന അര്‍ജന്റീനയെ നെഞ്ചേറ്റുന്ന ഭൂമുഖെത്ത മുഴുവന്‍ ആരാധകരുടെയും പ്രതീക്ഷകള്‍പേറി മെസി റഷ്യയില്‍ ഇന്ന് പന്തുതട്ടാനിറങ്ങും. ഫുട്‌ബോള്‍ ശ്വാസവായുവായ രാജ്യം മുമ്പ് രണ്ടുതവണ സ്വന്തമാക്കിയ കനകക്കപ്പ് മൂന്നാമതൊരിക്കല്‍ക്കൂടി മെസി കൈയിലേന്തുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. പന്തുകളിക്കാന്‍ മാത്രം പിറവിയെടുത്ത മെസിയെ ലോകം അത്രമേല്‍ സ്‌നേഹിക്കുന്നു.
പുറത്തെന്നപോലെ കളത്തിലും ശാന്തന്‍. പന്ത് മുന്നിലെത്തിയാല്‍ ഇടംകാലുകൊണ്ട് പലവട്ടം അതിനെ തഴുകിയുണര്‍ത്തും. അരക്കെട്ടിന്റെ ഇളകിയാട്ടത്തില്‍ അന്ധാളിപ്പിച്ച് ഒരു നിഴല്‍പോലെ കടന്നുപോകുമ്പോള്‍ എതിരാളിക്ക് ഞെട്ടല്‍ അകലാന്‍ സമയമെടുക്കും. അതിനൊടുവില്‍ എതിര്‍വലയിലേക്ക് ഒരു നീളന്‍ പ്രഹരം. അല്ലെങ്കില്‍ ഈ കാലുകളുടെ വഴിയറിഞ്ഞു കാത്തിരിക്കുന്ന കൂട്ടുകാരന്റെ തൊട്ടുമുന്നിലെത്തി നിശ്ചലമാകാന്‍ പോന്ന നിയന്ത്രണത്തില്‍ ഒരു പാസ്. ബിഥോവന്‍ സംഗീതത്തിന്റെ സൗമ്യതയും മാസ്മരികതയും അതേ താളത്തില്‍ കളത്തിലേക്കു പകര്‍ത്തിയ പന്താട്ടത്തിന് അത്രമേല്‍ അഴകുണ്ട്. അര്‍ജന്റീനയിലെ തെരുവ് ഫുട്‌ബോളിന്റെ സ്വാഭാവികതയും ബാഴ്‌സലോണ നടപ്പാക്കുന്ന ടീം കേന്ദ്രീകൃത രീതിയും ഒറ്റമനുഷ്യനില്‍ അസാമാന്യമായി അലിഞ്ഞുചേര്‍ന്നിരിക്കുന്നു.
ലോകകപ്പില്ലാതെ കളി അവസാനിപ്പിക്കേണ്ടിവന്നാല്‍ ആ അസമാന്യ പ്രതിഭാവിലാസത്തിന്റെ കളിജീവിതം അപൂര്‍ണമാകുമെന്ന് വിശ്വസിക്കുന്നവരാണ് ഏറെ. മാരക്കാനയില്‍ നാലുവര്‍ഷം മുമ്പ് കണ്ണീര്‍തുടച്ചു നടന്നുനീങ്ങിയ മെസിയുടെ രൂപം ആരും മറന്നു കാണില്ല. 31 പിന്നിടുന്ന താരം ഇനിയൊരു ലോകകപ്പിനിറങ്ങുമെന്ന് ഉറപ്പുമില്ല. മെസിക്കൊപ്പം സാധ്യമായില്ലെങ്കില്‍ അര്‍ജന്റീനയ്ക്ക് ഒരു ലോകകപ്പ് അടുത്തൊന്നും സ്വപ്നംകാണാനാകില്ലെന്നതും വസ്തുത.
ഈ ലോകകപ്പിലും മെസിയെന്ന സര്‍വസൈന്യാധിപന്റെ ചുമലിലേറിയാണ് അര്‍ജന്റീന വരുന്നത്. ശരാശരി താരങ്ങള്‍ മാത്രമുള്ള ടീമിനെ കിരീടപ്രതീക്ഷകളുടെ നിരയിലേക്കുയര്‍ത്തുന്നത് മെസിയുടെ സാന്നിധ്യം ഒന്നുമാത്രം. സ്വയം കളിക്കുന്നതിനൊപ്പം കൂട്ടുകാരെ കളിപ്പിക്കാനും മെനക്കെടേണ്ടിവരും. കഴിഞ്ഞതവണ ബ്രസീലിലെന്നപോലെ ഇത്തവണയും വയസ്സന്‍പടയെന്ന ചീത്തപ്പേര് ടീമിനുണ്ട്.
ശനിയാഴ്ച ഐസ്ലന്‍ഡിനെതിരെയാണ്് റഷ്യയില്‍ അര്‍ജന്റീനയുടെ ആദ്യ പോര്. ബാഴ്‌സലോണ ഫുട്‌ബോള്‍ അക്കാദമിയായ ലാ മാസിയയില്‍ കൂട്ടുകാരുടെ 'കുള്ളന്‍'വിളി കേട്ട അഞ്ചടി ഏഴിഞ്ചുകാരന്റെ ആദ്യ പരീക്ഷണം ഈ ലോകകപ്പിലെ ഏറ്റവും ഉയരക്കാരടങ്ങുന്ന ടീമിനെതിരെയാണ്. 1.85 ആണ് ഐസ്ലന്‍ഡ് ടീമിന്റെ ശരാശരി ഉയരം. ടൂര്‍ണമെന്റിലെ കുഞ്ഞന്മാരുടെ കൂട്ടത്തിലാണ് അര്‍ജന്റീന. ശരാശരി ഉയരം 1.79.
ഡി ഗ്രൂപ്പിലെ നിര്‍ണായക പോരില്‍ ഐസ്ലന്‍ഡിനെതിരെ പരിശീലകന്‍ ഹോർജെ സാമ്പവോളി പ്രത്യേക തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഉയരത്തിന്റെ ആനുകൂല്യം മറികടക്കാന്‍ ഐസ്ലന്‍ഡ് പന്തുയര്‍ത്തി അടിക്കുമെന്നുറപ്പ്. അതുകൊണ്ടുതന്നെ ഏറെനേരം പന്ത് കാല്‍ക്കല്‍തന്നെ നിര്‍ത്താനാകും താരങ്ങളോട് സാമ്പവോളി നിര്‍ദേശിക്കുക.
നിക്കൊളാസ് ഓട്ടമെന്‍ഡിയും മാര്‍കസ് റോജോയും പ്രതിരോധക്കോട്ടകെട്ടും. ഉയരക്കാരായ മാക്‌സി മിലിയാനോയും ലൂക്കാസ് ബിഗ്ലിയയും ഏഞ്ചല്‍ ഡി മരിയയുമാകും എതിരാളികളെ വിടാതെ പിടിക്കാനുള്ള ചുമതലക്കാര്‍. ഗോണ്‍സാലോ ഹിഗ്വെയിനും പൗലോ ഡിബാലയുമാകും മുന്നേറ്റത്തില്‍. മറുപക്ഷത്ത് യൂറോകപ്പിന്റെ ആവേശം തുടരാന്‍ കൊതിച്ചാകും ഐസ്ലന്‍ഡ് കളത്തിലിറങ്ങുക. അര്‍ജന്റീനയ്‌ക്കെതിരെ ഒരു സമനില ലക്ഷ്യമിട്ട് കളിക്കാന്‍ സാധ്യതയേറെ. ഫിഫാ ലോകകപ്പില്‍ കളിക്കാന്‍ ലഭിച്ച ആദ്യ അവസരം ജയത്തോടെ തുടങ്ങാന്‍പോന്ന ആയുധങ്ങള്‍ ഈ കുഞ്ഞുരാജ്യത്തിന്റെ കൈയിലുണ്ട്. ജില്‍ഫി സിഗുര്‍ഡ്‌സണാണ് കൂട്ടത്തില്‍ തലയെടുപ്പു കൂടുതലുള്ള താരം. ടീമിനെ ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ ഈ മധ്യനിരക്കാരനു മിടുക്കുണ്ട്. നായകന്‍ ആരോണ്‍ ഗുന്നാര്‍സണ്‍, റാഗ്‌നര്‍ സിഗുര്‍ഡ്‌സണും മോശക്കാരല്ല.








0 comments