19 November Monday

പാനമയെ തകര്‍ത്ത് ഇംഗ്‌ളണ്ട് പ്രീക്വാര്‍ട്ടറില്‍; ഹാട്രിക്കുമായി കെയ്‌‌ന്‍

വെബ് ഡെസ്‌ക്‌Updated: Sunday Jun 24, 2018

മോസ്‌‌‌കോ > ലോകകപ്പിലെ നവാഗതരായ പാനമയെ ഒന്നിനെതിരെ ആറ് ഗോളിന് തരിപ്പണമാക്കി ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ചു. ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഹാട്രിക് കുറിച്ചു. പ്രതിരോധക്കാരന്‍ ജോണ്‍ സ്‌റ്റോണ്‍സ് രണ്ടും ജെസ്സി ലിങ്ഗാര്‍ഡ് ഒരു ഗോളുംനേടി. പാനമയുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോള്‍ ക്യാപ്റ്റന്‍ ഫിലിപ് ബലോയ്‌ നേടി.

ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ ലോകകപ്പ് വിജയമാണിത്. ഇടവേളയില്‍ 5-0ന് മുന്നിലായിരുന്നു.  ഗ്രൂപ്പ് ജിയില്‍ ഒരു മത്സരം ബാക്കിയിരിക്കെ ഇംഗ്ലണ്ടിനൊപ്പം ബല്‍ജിയവും അവസാന 16ലേക്ക് മുന്നേറി. ടുണീഷ്യയും പാനമയും പുറത്തായി.

എട്ടാം മിനിറ്റില്‍ ഗോളടിച്ച് ഇംഗ്ലീഷുകാര്‍ പടയോട്ടം തുടങ്ങി. കെയ്‌രന്‍ ട്രിപ്പിയറിന്റെ കോര്‍ണര്‍കിക്ക് ജോണ്‍ സ്‌റ്റോണ്‍സ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. ഒരു ഗോള്‍ വീണതോടെ രണ്ടുതവണ പാനമ ഇംഗ്ലീഷ് ഗോള്‍മുഖത്തെത്തി. എഡ്ഗര്‍ ബര്‍കനാസിന്റെ ഷോട്ട് പുറത്തുപേയി.

22 മിനിറ്റില്‍ രണ്ട് ഗോളടിച്ച ഇംഗ്ലണ്ട് അടുത്ത മൂന്ന് ഗോള്‍ നേടിയത് ഒമ്പത് മിനിറ്റില്‍. മൂന്നാം ഗോള്‍ ലിങ്ഗാര്‍ഡിന്റെ വൈഭവത്തില്‍ നിന്നായിരുന്നു. പെനല്‍റ്റി ബോക്‌സിന്റെ പുറത്തുനിന്നും പ്രതിരോധക്കാര്‍ക്കും ഗോളിക്കും മുകളിലൂടെ തകര്‍പ്പന്‍ ഷോട്ട്. കെയ്‌നും സ്‌റ്റെര്‍ലിങ്ങും തലയില്‍നിന്നും തലയിലേക്ക് തട്ടിക്കൊടുത്ത പന്ത് സ്‌റ്റോണ്‍സ് തലകൊണ്ടുതന്നെ വലയിലെത്തിച്ചതാണ് നാലാമത്തെ ഗോള്‍.

1966ലെ ലോകകപ്പ് ഫൈനലിനുശേഷം ഇംഗ്ലണ്ട് ഒരു കളിയില്‍ നാല് ഗോളടിക്കുന്നത് ആദ്യം. ഇംഗ്ലണ്ട് ഒരിക്കലും ആദ്യ പകുതിയില്‍ അഞ്ചു ഗോളടിച്ചിട്ടില്ല. 1966ല്‍ ജെഫ് ഹേഴ്‌സ്റ്റും 1986ല്‍ ഗാരി ലിനേക്കറും ഹാട്രിക് നേടിയശേഷമുള്ള ലോകകപ്പിലെ ഇംഗ്ലീഷുകാരുടെ മൂന്നാമത്തെ ഹാട്രിക് കെയ്ന്‍ നേടി.

ഗോളിനായുള്ള പാനമയുടെ നിരന്തരമായ ഇടപെടലിന് ഫലമുണ്ടായി. 78ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കാണ് പാനമയുടെ ചരിത്രമായത്. റികാര്‍ഡോ അവിലയുടെ കിക്കില്‍ ചാടിവീണ ഫിലിപ് ബലോയ് പാനമയുടെ ആദ്യ ലോകകപ്പ് ഗോള്‍ കുറിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top