18 August Saturday

ഈ തൊപ്പിയിൽ തൂവലേറെ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018


നെയ്മർ (ബ്രസീൽ)
മുന്നേറ്റക്കാരൻ (5‐2‐1992)
ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാൾ. 26 വയസ്സാണ്. ബ്രസീലിന്റെ നായകനായത് ഈയടുത്ത്. ലോകകപ്പിൽ ബ്രസീലിനെ നയിക്കുക എന്നത് നെയ്മർക്ക് ഭാരിച്ച ഉത്തരവാദിത്തമാണ്. നാലുവർഷം മുമ്പ് ജർമനിയോട് സെമിയിൽ തകർന്നടിഞ്ഞതിന്റെ വേദനയിലാണ് ബ്രസീൽ. നെയ്മർ പരിക്കിൽനിന്ന് മോചിതനായതേയുള്ളൂ. സന്നാഹമത്സരത്തിൽ ക്രൊയേഷ്യയോടും ഓസ്ട്രിയയോടും ഗോളടിച്ചു. എങ്കിലും ക്യാപ്റ്റനെന്ന രീതിയിൽ മറ്റേത് ക്യാപ്റ്റനെക്കാളും സമ്മർദമാകും നെയ്മർക്ക്.

ഹാരി കെയ്ൻ (ഇംഗ്ലണ്ട്)
മുന്നേറ്റക്കാരൻ (28‐7‐1993)
ഈ ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ ക്യാപ്റ്റനാണ് കെയ്ൻ. 24 വയസ് മാത്രമാണ് കെയ്ന്. നായകമികവും ഗോൾതൃഷ്ണയും കെയ്നിന് മുതൽക്കൂട്ടാണ്. ഇംഗ്ലണ്ടിന് പൂർണവിശ്വാസമാണ്.
കോച്ച് ഗാരെത് സൗത്ഗേറ്റിന്റെ വിശ്വസ്തൻ. ടോട്ടനം ഹോട്സ്പറിനുവേണ്ടി 100ൽ കൂടുതൽ ഗോൾ നാല് സീസണിലായി കെയ്ൻ നേടി.

റദമേൽ ഫൽകാവോ (കൊളംബിയ)
മുന്നേറ്റക്കാരൻ (10‐2‐1986)
2014 ജനുവരി 22നാണ് കൊളംബിയയുടെ ഹൃദയംതകർത്ത വാർത്ത പുറത്തുവന്നത്. റാദമേൽ ഫൽകാവോയ്ക്ക് കാൽമുട്ടിന് പരിക്ക്, ലോകകപ്പിൽ കളിക്കില്ല. ലോകകപ്പിൽ അരങ്ങേറാനുള്ള ഒരുക്കത്തിലായിരുന്നു ഫൽകാവോ. ബ്രസീൽ ലോകകപ്പിൽ ഫൽകാവോയെന്ന ഏറ്റവും മികച്ച ഗോളടിക്കാരനില്ലാത്ത കൊളംബിയ ക്വാർട്ടർവരെ മുന്നേറി. ഫൽകാവോയ്ക്ക് ജീവിതം രണ്ടാമതൊരു അവസരം കൊടുത്തു. റഷ്യൻ ലോകകപ്പിൽ ക്യാപ്റ്റനായാണ് ഫൽകാവോയുടെ തിരിച്ചുവരവ്.

എസം അൽ ഹദാരി (ഈജിപ്ത്)
ഗോൾകീപ്പർ (15‐1‐1973)
ലോകകപ്പിലെ ഏറ്റവും പ്രായമുള്ള കളിക്കാരനാകും ഈജിപ്ത് ക്യാപ്റ്റൻ എൽ ഹദാരി. കൊളംബിയയുടെ മുൻ ഗോൾകീപ്പർ ഫാരിദ് മൊൻഡ്രഗോണിന്റെ പേരിലാണ് നിലവിൽ റെക്കോഡ്. 2014ലെ ലോകകപ്പിൽ കളിക്കുമ്പോൾ ഫാരിദിന് 42 വയസ്സും മൂന്നുദിവസവുമായിരുന്നു. റഷ്യയിൽ ഹദാരി ഈ റെക്കോഡ് തിരുത്തും. ഹദാരിക്ക് 45 വയസ്സും 150 ദിവസവുമാണ് പ്രായം.

ആരോൺ ഗുന്നാർസൺ (ഐസ്ലൻഡ്)
മധ്യനിരക്കാരൻ (22‐4‐1989)
സമീപകാലത്ത് രാജ്യാന്തര ഫുട്ബോളിൽ ജ്വലിച്ചുയർന്ന ടീമാണ് ഐസ്ലൻഡ്്. 2015ൽ ആദ്യമായി അവർ യൂറോ കപ്പിന് യോഗ്യത നേടി. 2016 യൂറോയിൽ ക്വാർട്ടർഫൈനൽവരെ മുന്നേറി. ക്വാർട്ടറിൽ ഫ്രാൻസിനോടു തോറ്റു. പിന്നാലെ ലോകകപ്പിന് യോഗ്യത നേടി ചരിത്രമെഴുതി. ഗുന്നാർസനാണ് ആ ചരിത്രനിമിഷത്തിൽ ഐസ്ലൻഡിനെ നയിച്ചത്.  റഷ്യയിൽ സ്വപ്നസമാനമായ അരങ്ങേറ്റത്തിനൊരുങ്ങുമ്പോൾ ഗുന്നാർസനാണ് അമരത്ത്.

പ്രധാന വാർത്തകൾ
Top