Top
26
Wednesday, July 2017
About UsE-Paper

ഒരേയൊരു ഫെഡറര്‍

Monday Jul 17, 2017
വെബ് ഡെസ്‌ക്‌

വിംബിള്‍ഡണ്‍ > പുല്‍ക്കോര്‍ട്ടില്‍ ഫെഡറര്‍ വീണ്ടും ചരിത്രംകുറിച്ചു. മാരിന്‍ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-3, 6-1, 6-4) തോല്‍പ്പിച്ച് വിംബിള്‍ഡണില്‍ എട്ടാം കിരീടമെന്ന നേട്ടത്തില്‍ ഈ സ്വിസ്ചാമ്പ്യന്‍ എത്തി. ടെന്നീസിലെ ഇതിഹാസങ്ങളായ വില്യം റെന്‍ഷോയും പീറ്റ് സാംപ്രസും ഇനി ഫെഡറര്‍ക്കു താഴെ മാത്രം. ഒരു നൂറ്റാണ്ടിനുമുമ്പ് റെന്‍ഷോയും ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സാംപ്രസും നേടിയ ഏഴു വിംബിള്‍ഡണ്‍ കിരീടങ്ങളുടെ റെക്കോഡും ഇനി റോജര്‍ ഫെഡറര്‍ എന്ന പേരിനുശേഷം മാത്രം. പുല്‍ക്കോര്‍ട്ടില്‍ ഇനി ഫെഡററുടെ തോളൊപ്പമെത്താന്‍ മറ്റൊരു താരോദയംതന്നെ വേണം.

ഗ്രാന്‍ഡ്സ്ളാം കിരീടങ്ങളുടെ എണ്ണത്തിലും ഫെഡറര്‍ അനിഷേധ്യമായി മുന്നിലാണ്. 19 കിരീടമായി ഈ മുപ്പത്തഞ്ചുകാരന്.
അത്ഭുതങ്ങളൊന്നുമുണ്ടായില്ല. മാരിന്‍ സിലിച്ചെന്ന ക്രൊയേഷ്യക്കാരന്‍ ഫെഡററുടെ മികവിനുമുന്നില്‍ അടിയറവുപറഞ്ഞു.
ആദ്യസെറ്റില്‍ ആദ്യ രണ്ടു പോയിന്റുകളില്‍ മാത്രമായിരുന്നു ഒപ്പത്തിനൊപ്പം പോരാട്ടം. പിന്നെ സിലിച്ചിന്റെ സെര്‍വ് ഭേദിച്ച് ഫെഡറര്‍ കുതിച്ചു. ആ പ്രഭാവത്തില്‍ സിലിച്ചിന് തൊട്ടതെല്ലാം പിഴച്ചു. സെമിയില്‍വരെ പുറത്തെടുത്ത മികവെല്ലാം അതില്‍ ഒലിച്ചുപോയി. പിഴവുകള്‍ക്കു പിറകേ പിഴവുകള്‍ സിലിച്ചിനെ ഓരോ സെര്‍വിലും പിറകോട്ടുകൊണ്ടുപോയി. ഫെഡറര്‍ കിരീടത്തോടടുക്കുകയും ചെയ്തു.

രണ്ടാംസെറ്റിലാണ് ഫെഡററുടെ മികവ് അതിന്റെ ഉച്ചത്തിലെത്തിയത്്. എയ്സുകള്‍കൊണ്ട് സിലിച്ചിനെ വലച്ചു ഫെഡറര്‍. ഏറ്റവും എളുപ്പമായ റിട്ടേണുകള്‍പോലും നെറ്റില്‍ അവസാനിച്ചതോടെ സിലിച്ചിന്റെ ആത്മവിശ്വാസം ചോര്‍ന്നു. അവസാന സെറ്റില്‍ ഒരു ബ്രേക്ക് നേടിയെങ്കിലും ഫെഡറര്‍ അജയ്യനായി തുടര്‍ന്നു.

Categories