26 September Wednesday

വികൃതിക്കാർക്ക് റെഡ് കാർഡ്

വെബ് ഡെസ്‌ക്‌Updated: Monday Jun 25, 2018

മോസ്കോ

കളത്തിലും പുറത്തും അച്ചടക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ഫിഫ കടുത്ത നടപടികളുമായി രംഗത്ത്. പോളണ്ടിനു പിഴ ചുമത്തിയ ഫിഫ അച്ചടക്കസമിതി അർജന്റീന, ക്രൊയേഷ്യ, സെർബിയ ടീമുകൾക്കെതിരെ അച്ചടക്കനടപടി ആരംഭിച്ചു. മോസ്കോയിൽ ചേർന്ന അച്ചടക്കസമിതി യോഗമാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്. വിവാദ ആംഗ്യംകാണിച്ച സ്വിറ്റ്സർലൻഡ് താരങ്ങളായ ഗ്രാനിത് ഷാക്ക, ഷെർദാൻ ഷക്കീരി എന്നിവർക്കെതിരെ നേരത്തെ അന്വേഷണം തുടങ്ങിയിരുന്നു.

സെനെഗലിനെതിരായ മത്സരത്തിൽ പോളിഷ് ആരാധകർ രാഷ്ട്രീയവും പ്രകോപനപരവുമായ ബാനർ ഉയർത്തിയതിന് പോളിഷ് ഫുട്ബോൾ അസോസിയേഷന് 10,000 സ്വിസ് ഫ്രാങ്ക് (6.87 ലക്ഷം രൂപ) പിഴയിട്ടു. കൂടാതെ താക്കീതും നൽകി. സ്പാർട്ടക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെനെഗൽ ഒന്നിനെതിരെ രണ്ടു ഗോളിനു ജയിച്ചിരുന്നു. നിഷ്നിയിൽ നടന്ന അർജന്റീന‐ ക്രൊയേഷ്യ മത്സരത്തിനിടെ ഇരുടീമുകളുടെയും ആരാധകർ ഗ്യാലറിയിൽ പലതവണ പ്രശ്നങ്ങൾ ഉണ്ടാക്കി. ഇതാണ് ഈ ടീമുകൾക്കെതിരെ അച്ചടക്ക നടപടിയിലേക്കു നയിക്കുന്നത്. ശിക്ഷ പ്രഖ്യാപിച്ചിട്ടില്ല.

സ്വിറ്റ്സർലൻഡ്‐ സെർബിയ മത്സരമാണ് ഏറ്റവും കൂടുതൽ വിവാദം ഉയർത്തുന്നത്. കളിക്കിടെ ഗാലറിയിൽ സെർബിയൻ കാണികൾ ഉണ്ടാക്കിയ പ്രശ്നങ്ങളെക്കുറിച്ച് അച്ചടക്കസമിതി അന്വേഷണം തുടങ്ങി. രാഷ്ട്രീയവും പ്രകോപനപരവുമായ പ്രതികരണങ്ങൾ സെർബിയൻ കാണികളിൽനിന്നുണ്ടായി എന്നാണ് പരാതി. മത്സരശേഷം സെർബിയ പരിശീലകൻ മ്ലാദൻ ക്രസ്റ്റജിച് റഫറിമാരുടെ നിലപാടുകൾക്കെതിരെ പ്രതികരിച്ചിരുന്നു.

ഇതേക്കുറിച്ച് പ്രാഥമികാന്വേഷണവും തുടങ്ങി. ഫിഫയുടെ പക്ഷപാതിത്വമാണ് തോൽവിക്കിടയാക്കിയതെന്ന് സെർബിയ ഫുട്ബോൾ അസോസിയേഷൻ ആരോപിച്ചത് പ്രശ്നം കുടുതൽ വഷളാക്കി. സെർബിയക്കെതിരെ നിലപാട് സ്വീകരിക്കാൻ മത്സരം നിയന്ത്രിച്ചവരോട് ഫിഫ ആവശ്യപ്പെട്ടുവെന്ന കടുത്ത ആരോപണമാണ് സെർബിയ ഉന്നയിച്ചത്. ഈ മത്സരം തങ്ങളിൽനിന്ന് തട്ടിയെടുത്തതിനെ 'കൊടും കൊള്ള' എന്നാണ് അവർ വിശേഷിപ്പിച്ചത്. ജർമൻകാരനായ റഫറിയാണ് കളി നിയന്ത്രിച്ചത്. സ്വിറ്റ്സർലൻഡ് ജനസംഖ്യയിൽ പകുതിയും ജർമൻകാരാണെന്നതാണ് പക്ഷപാതിത്വത്തിനു പിന്നിലെന്ന് സെർബിയൻ എഫ്എ ഭാരവാഹി സ്ലാവിസ കെകേസ ആരോപിച്ചു. പ്രതിഷേധം അറിയിച്ച് ഫിഫയ്ക്ക് കത്തയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യ ലോകകപ്പിൽ ടീമുകളും കാണികളും പാലിക്കേണ്ട അച്ചടക്കത്തെക്കുറിച്ച് വിശദമായ നിർദേശങ്ങൾ കഴിഞ്ഞ മാർച്ചിൽ ഫിഫ പുറത്തിറക്കിയിരുന്നു. ഈ കാര്യങ്ങൾ എല്ലാവരും ഓർക്കേണ്ടതുണ്ടെന്ന് അച്ചടക്കസമിതി മുന്നറിയിപ്പുനൽകി.

ഷാക്കയ്ക്കും ഷക്കീരിക്കും വിലക്ക്

സ്വിറ്റ്സർലൻഡിന്റെ ഗാനിത് ഷാക്കയ്ക്കും ഷെർദാൻ ഷക്കീരിക്കും  ലോകകപ്പിലെ രണ്ടുമത്സരങ്ങളിൽ ഫിഫ വിലക്കേർപ്പെടുത്തി. സെർബിയക്കെതിരായുള്ള ഗോൾനേട്ടം ആഘോഷിച്ചു നടത്തിയ വിവാദ ആംഗ്യമാണ് നടപടിക്ക് കാരണം. കോസ്റ്റ റിക്കക്കെതിരായ മത്സരത്തിനു ഇറങ്ങുന്ന സ്വിറ്റ്സർലൻഡിനു കനത്ത തിരിച്ചടിയാണ് വിലക്ക്. ഗോൾനേടിയ ഷാക്കയും ഷക്കീരിയും അൽബേനിയ ദേശീയ ചിഹ്നമായ 'കഴുകനെ' കൈകൊണ്ടു കാണിച്ചായിരുന്നു ആഹ്ലാദം പങ്കുവച്ചത്.

പ്രധാന വാർത്തകൾ
Top