26 September Wednesday

യാചകനെന്ന് കരുതി വഴിയാത്രക്കാര്‍ അന്നവന് നാണയത്തുട്ടുകളെറിഞ്ഞുകൊടുത്തു; പോര്‍ച്ചുഗലിനെ നിശ്ചലമാക്കിയ അലിറെസ എന്ന ഗോളി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 26, 2018

മോസ്‌ക്കോ > ഫുട്‌ബോള്‍ താരമാകാന്‍ ആഗ്രഹിച്ച് ടെഹ്‌റാനിലേക്ക് നാടുവിടുകയായിരുന്നു അലിറെസ ബൈറന്‍വാന്‍ഡ്. തെരുവില്‍ കിടന്നുറങ്ങിയും , കാര്‍ കഴുകി പണം കണ്ടെത്തിയും ജീവിച്ചിരുന്ന അദ്ദേഹം തന്റെ ഫുട്‌ബോള്‍ സ്വപ്‌നങ്ങള്‍ ഒരിക്കലും വഴിയില്‍ ഉപേക്ഷിച്ചില്ല. ഇറാന്‍ പോര്‍ച്ചുഗല്‍ മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തൊടുത്ത മിന്നല്‍ പെനാള്‍ട്ടി തടഞ്ഞ ഗോളി അലിറെസ ബൈറന്‍വാന്‍ഡിന്റെ വേദനാജനകമായ ജീവിതകഥയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

 ഫിഫ ലോകകപ്പിലെ ബി ഗ്രൂപ്പ് മല്‍സരത്തില്‍ പോര്‍ച്ചുഗലിനെതിരെ സമനില പിടിക്കാന്‍ ഇറാനെ സഹായിച്ചത് ഗോളി അലിറെസ ബൈറന്‍വാന്‍ഡിന്റെ മികച്ച പ്രകടനമായിരുന്നു.വീടില്ലാത്തവനായിരുന്നു അലിറെസ, പക്ഷെ അയാള്‍ക്കൊരു സ്വപ്‌നമുണ്ടായിരുന്നു' ; ഇറാനി മാധ്യമപ്രവര്‍ത്തകനാണ് അലിറെസയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്.

ഒറ്റ രാത്രികൊണ്ടാണ് ഫുട്‌ബോള്‍ ലോകം ഇറാന്റെ  ഈ താരത്തെ നെഞ്ചേറ്റിയത്. അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന മറ്റു ചില വിവരങ്ങളും ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകന്‍ പുറത്തുവിട്ടു. ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഗേറ്റിന് പുറത്ത് കിടന്നുറങ്ങുന്ന ബൈറന്‍വാന്‍ഡിനെയാണ് പലപ്പോഴും കടന്നുപോവുന്നവര്‍ കാണുക. വീടില്ലാത്ത യാചകനാണെന്ന് കരുതി വഴിയാത്രക്കാര്‍ അദ്ദേഹത്തിന് നാണയതുട്ടുകള്‍ എറിഞ്ഞ് കൊടുക്കും.

വീടില്ലാത്തവനായിരുന്നു ബൈറന്‍വാന്‍ഡ്, പക്ഷെ അയാള്‍ക്കൊരു സ്വപ്നം ഉണ്ടായിരുന്നു. ഇന്ന് ലോകത്തെ എല്ലാ ടെലിവിഷന്‍ സ്‌ക്രീനിലും അയാള്‍ ജ്വലിച്ച് നില്‍ക്കുന്നു;നബീല്‍ വ്യക്തമാക്കി. 1-1 ന് സമനിലയിലായ  ഇറാന്‍- പോര്‍ച്ചുഗല്‍ മത്സരത്തില്‍ 53ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ റോണാള്‍ഡോയ്ക്ക് പെനാള്‍ട്ടി ലഭിച്ചത്‌. എന്നാല്‍ കൃത്യമായി തന്നെ ബൈറന്‍വാന്‍ഡ് അത് കൈപ്പിടിയിലാക്കുകയായിരുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top