21 September Friday

ഹോക്കി ഷൂട്ടൗട്ടിൽ ഇന്ത്യ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018


ജക്കാർത്ത
പെനൽറ്റി ഷൂട്ടൗട്ടിന്റെ ഭാഗ്യപരീക്ഷണത്തിൽ ഇന്ത്യ പരാജയപ്പെട്ടു. ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ സെമിയിൽ മലേഷ്യയോട് തോറ്റു.

കളി 2‐2ൽ പിരിഞ്ഞതോടെ ഷൂട്ടൗട്ടായി. ഷൂട്ടൗട്ടും 2‐2ലായതോടെ സഡൻഡെത്തായി. പിരിമുറുക്കം നിറഞ്ഞ സഡൻഡെത്തിൽ 7‐6ന് മലേഷ്യ ഫൈനലിലേക്ക് കുതിച്ചു. ഗോളടിച്ചുകൂട്ടി സെമിയിലെത്തിയ ഇന്ത്യയ്ക്ക് തോൽവി ഞെട്ടിക്കുന്നതായി. ഹോങ്കോങ്ങിനെയും (26‐0) ഇന്തോനേഷ്യയെയും (17‐0) ജപ്പാനെയും (8‐0) ശ്രീലങ്കയെയും (20‐0) കൊറിയയെയും (5‐3) ഗോളിൽ മുക്കിയ ഇന്ത്യയ്ക്ക് മലേഷ്യയുടെ മുന്നിൽ കാലിടറി.
തുടക്കത്തിൽ മുന്നേറി കളിച്ച മലേഷ്യയുടെ കൈയിൽനിന്ന് ഇന്ത്യ നിയന്ത്രണം ഏറ്റെടുത്തു. ഇടവേള വരെ ഗോൾ വീഴാതിരുന്ന മത്സരത്തിൽ  ഇന്ത്യയാണ് മുന്നിലെത്തിയത്. എന്നാൽ ഓരോ തവണയും മലേഷ്യ പിന്നിൽനിന്ന് കയറിവന്നു. അഞ്ച് പെനൽറ്റി കോർണറുകൾ പാഴാക്കിയ ഇന്ത്യ ആറാമത്തെ പെനൽറ്റി കോർണറിൽ ലക്ഷ്യം കണ്ടു. ഹർമാൻപ്രീത് സിങ്ങാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. അധികം വൈകിയില്ല, മലേഷ്യ സമനില പിടിച്ചു. ഒരു പ്രത്യാക്രമണത്തിൽ നിന്നും ഫൈസൽ സാറി ഗോൾ മടക്കി.

ഇതോടെ ഇന്ത്യ ജയത്തിന് വേണ്ടി ആഞ്ഞടിച്ചു. മലേഷ്യയെ കടുത്ത സമ്മർദത്തിലാക്കി ഇന്ത്യ അവരുടെ ഗോൾമുഖം നിരന്തരമായി ആക്രമിച്ചു. പെനൽറ്റി കോർണറിൽനിന്ന് തന്നെയായിരുന്നു ഈ ഗോളും. മലേഷ്യൻ പ്രതിരോധക്കാരെ വിദഗ്ധമായി വകഞ്ഞ് മാറ്റി വരുൺകുമാർ ഗോളിലേക്ക് പായിച്ചു. ഈ ലീഡിൽ പിടിച്ചു നൽക്കാൻ ശ്രമിച്ച് ഇന്ത്യ പ്രതിരോധത്തിലേക്ക് മടങ്ങി. എന്നാൽ കളി തീരാൻ രണ്ട് മിനിറ്റ് ശേഷിക്കെ മലേഷ്യ സമനില നേടി. പെനൽറ്റി കോർണറിൽ നിന്നായിരുന്നു ഗോൾ.

സഡൻഡെത്തിൽ 6‐6 വരെ എത്തി. ഏഴാമത്തെ ഗോൾ ഇന്ത്യൻ ഗോൾകീപ്പർ ശ്രീജേഷിനെ കീഴടക്കി വലയിൽ കടന്നപ്പോൾ ഇന്ത്യയുടെ അടി വലയിലെത്തിയില്ല.


പ്രധാന വാർത്തകൾ
Top