19 September Wednesday

വെള്ളിത്തിളക്കവുമായി ചക്കിട്ടപാറയുടെ ജിൻസൺ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018


പേരാമ്പ്ര(കോഴിക്കോട്)
പ്രതീക്ഷിച്ചത് സവർണമാണ്. എങ്കിലും ചക്കിട്ടപ്പാറയിലെ ജിൻസൺ ജോൺസണിന്റെ വീട്ടിൽ ആഹ്ലാദം ഒട്ടും കുറയുന്നില്ല. ജക്കാർത്തയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 800 മീറ്റർ ഫൈനൽ മാതാപിതാക്കൾ തത്സയമയം ടിവിയിൽ കണ്ടു. മകൻ രാജ്യത്തിനായി വെള്ളി മെഡൽ നേടിയതിൽ അതീവ സന്തോഷവും. '''സ്വർണം പ്രതീക്ഷിച്ചിരുന്നു, സാരമില്ല, രാജ്യത്തിനായി  വെള്ളി നേടാനായതിൽ സന്തോഷം.'' മാതാപിതാക്കളായ ചക്കിട്ടപാറ കുളച്ചൽ ജോൺസന്റെയും ശൈലജയുടെയും വാക്കുകളിൽ മകനെക്കുറിച്ചുള്ള അഭിമാനം നിറഞ്ഞു.

  42 വർഷം പഴക്കമുള്ള ദേശീയ റെക്കൊഡ് തകർത്താണ് ജിൻസൺ ഏഷ്യൻ ഗെയിംസിന് യോഗ്യത നേടിയത്.  ശ്രീറാം സിങ്ങിന്റെ പേരിലുണ്ടായിരുന്ന ഒരു മിനിറ്റ് 45.77 സെക്കൻന്റ് ആയിരുന്നു റെക്കൊർഡ്. ജിൻസൺ അത്   ഒരു മിനിറ്റ് 45.65 സെക്കൻഡായി ചുരുക്കി.  അപ്പോൾ മുതൽ പ്രതീക്ഷകൾ വാനോളം ഉയർന്നു. അടുത്തു നടന്ന മുഴുവൻ മീറ്റുകളിലും സ്ഥിരതയാർന്ന പ്രകടനമാണ് ഈ 27കാരൻ നടത്തിയത്.

ചക്കിട്ടപാറയിലെ മൺപാതകളിലൂടെയാണ് ജിൻസൺ ഓടി തുടങ്ങിയത്. ഗ്രാമീണ സ്‌പോർട്‌സ് അക്കാദമിയിലെ കെ എം പീറ്ററായിരുന്നു ആദ്യകാല പരിശീലകൻ. കുളത്തുവയൽ സെന്റ് ജോർജ് സ്‌കൂളിൽ പഠിക്കുന്ന കാലത്ത് സ്‌കൂൾ കായികമേളകളിൽ തിളങ്ങി.  കണ്ണൂർ സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ കീഴിൽ ആർമിയിൽ നിന്ന് രാജ്യാന്തര താരമായി ഉയരുകയായിരുന്നു.

വിവിധ ഏഷ്യൻ ഗ്രാന്റ് പ്രീകളിൽ സ്വർണം നേടിയ ജിൻസൻ 2015ൽ ചൈനയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 800 മീറ്ററിൽ വെള്ളിയണിഞ്ഞിരുന്നു. 2017ലും മെഡൽ നേടി. റിയോ ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇന്ത്യൻ ആർമിയിൽ(ഹൈദരാബാദ്) ജൂനിയർ കമീഷൻഡ് ഓഫീസറായ ജിൻസൺ ഇപ്പോൾ ഇന്ത്യൻ ക്യാംപിൽ ആർ എസ് ഭാട്യയുടെ കീഴിലാണ് പരിശീലിക്കുന്നത്. സഹോദരി ജിത്താര(ചെന്നൈ).

ഈ മെഡൽ പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക്
ജക്കാർത്ത
തനിക്ക് ലഭിച്ച വെള്ളി മെഡൽ പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നതായി ജിൻസൺ ജോൺസൺ പ്രതികരിച്ചു. 800 മീറ്ററിൽ സ്വർണവും വെള്ളിയും ഇന്ത്യയ്ക്ക് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. തുടക്കം അൽപം പതുക്കെയായതാണ് തിരിച്ചടിയായത്. ആദ്യ ലാപ്പിൽ വേഗം കുറഞ്ഞത് അവസാന കുതിപ്പിന് തടസ്സമായി. ഒന്നുകൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ കുടുതൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമായിരുന്നുവെന്നും ജിൻസൺ പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top