20 November Tuesday

ബർലിൻ തെരുവുകൾ മൂകം

വെബ് ഡെസ്‌ക്‌Updated: Friday Jun 29, 2018


ബർലിൻ
ലോകകപ്പിന്റെ ആദ്യറൗണ്ടിൽ പുറത്തായതിന്റെ ഞെട്ടലിലാണ് ജർമനി. തെരുവുകൾ നിശബ്ദം. ജർമൻയുവത്വം വിതുമ്പുകയാണ്. അവസാനം നിമിഷംവരെ പോരാടുന്ന ജർമൻവീര്യം നിരാശയുടെ പടുകുഴിയിൽപ്പെട്ടിരിക്കുന്നു. ബർലിനിലെ ബൻഡേൻബർഗ് ഗേറ്റിനുമുമ്പിലെ വലിയ സ്ക്രീനിൽ കളി കണ്ടിരുന്ന യുവാവ് വിതുമ്പിക്കൊണ്ടു പറഞ്ഞു. "തലകൾ ഉരുളാൻപോകുകയാണ്'. ടീം അംഗങ്ങളുടെയും പരിശീലകൻ ജോക്വിം ലോയുടെയും തലകൾക്കായുള്ള മുറവിളി നടത്തുകയാണ് ലോകംതന്നെ നഷ്ടപ്പെട്ട ജർമനിക്കാർ. അമിത ആത്മവിശ്വാസവും തയ്യാറെടുപ്പിലെ പിഴവുമാണ് തിരിച്ചടിക്ക് കാരണമെന്നാണ് ഒരുവിഭാഗം വിശ്വസിക്കുന്നത്. രാജ്യത്തെ ഫുട്ബോൾ നേഴ്സറികളും ആഘാതത്തിൽനിന്നു മോചിതമായിട്ടില്ല.

ജർമൻ സോക്കറിന്റെ മരണമെന്നും, ഒരു മികച്ച ടീമിന്റെയും ലോ യുഗത്തിന്റെയും അന്ത്യമെന്നുമാണ് ജർമൻപത്രങ്ങൾ തോൽവിയെ വിശേഷിപ്പിച്ചത്. പ്രധാന പത്രങ്ങൾ പരിശീലകൻ ലോയുടെ രാജി ആവശ്യപ്പെട്ട് മുഖപ്രസംഗം എഴുതി. ടീമിന്റെ അപമാനത്തെ കിക്കർ പത്രം വിശേഷിപ്പിച്ചത് ചരിത്രപരമായ പുറത്താകൽ എന്നാണ്.

കഴിഞ്ഞ ലോകകപ്പ് സെമിയിൽ ബ്രസീലിനെ തകർത്തപ്പോൾ നൽകിയ തലക്കെട്ടുകൾ ചില പത്രങ്ങൾ വീണ്ടും നൽകിയിട്ടുണ്ട്. ജർമനിയിലെ ഏറ്റവും വലിയ ടാബ്ലോയ്ഡ് ആയ 'റാൻ' ബ്രസീലിനെതിരെ 7‐1 വിജയത്തിന് ടോണി ക്രൂസിന്റെ ആഹ്ലാദചിത്രവും 'നോ വേഡ്സ്' എന്ന തലക്കെട്ടുമാണ് നൽകിയത്. എന്നാൽ വ്യാഴാഴ്ചത്തെ പത്രത്തിൽ അതേ തലക്കെട്ടും കൊറിയക്കെതിരായ  മത്സരത്തിനുശേഷം ദുഃഖിതനായ ക്രൂസും ഇടംപിടിച്ചു. പരിശീലകൻ ലോയുടെയും ക്രൂസിന്റെയും ചിത്രങ്ങളാണ് കൂടുതലായും വാർത്തയ്ക്ക് നൽകിയിരിക്കുന്നത്.
 

പ്രധാന വാർത്തകൾ
Top