17 October Wednesday

നോക്കൌട്ടിനരികെ കേരളം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 28, 2017

ലാഹ്ലി > ഹരിയാനയുമായുള്ള രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം ജയത്തിനരികെ. കേരളത്തിന്റെ 181 റണ്ണിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് പിന്തുടര്‍ന്ന ഹരിയാന മൂന്നാം ദിവസത്തെ കളി അവസാനിക്കെ അഞ്ചുവിക്കറ്റിന് 83 എന്ന നിലയിലാണ്. ഒരുദിവസത്തെ കളി ശേഷിക്കെ ജയവും നോക്കൌട്ട് പ്രവേശവും അഞ്ചുവിക്കറ്റ് മാത്രം അകലെയാണ് കേരളത്തിന്. സ്കോര്‍: ഹരിയാന 208, 5-83. കേരളം 389.

സെഞ്ചുറിക്ക് ഏഴു റണ്‍ അകലെ പുറത്തായ രോഹന്‍ പ്രേമിന്റെയും അരസെഞ്ചുറി നേടിയ ബേസില്‍ തമ്പിയുടെയും (60) മികവിലാണ് കേരളം ഒന്നാം ഇന്നിങ്സില്‍ നിര്‍ണായക ലീഡ് നേടിയത്. മധ്യനിരയില്‍ മുഹമ്മദ് അസ്ഹറുദ്ദീനും (34) സല്‍മാന്‍ നിസാറും (33) വാലറ്റത്ത് എം ഡി നിധീഷും (22) ഇന്നിങ്സില്‍ മികച്ച സംഭാവന നല്‍കി. അസ്ഹറുദ്ദീനും നിസാറും ചേര്‍ന്ന് 13.1 ഓവറില്‍ നേടിയ 59 റണ്‍ നേടി. ഒരു പന്തിന്റെ ഇടവേളയില്‍ രോഹന്‍ പ്രേമിനെയും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെയും നഷ്ടമായ ഇന്നിങ്സിനെ കരകയറ്റിയതും ഏഴാം വിക്കറ്റിലെ ഈ കൂട്ടുകെട്ടായിരുന്നു. എ കെ ചഹല്‍ ഹരിയാനയ്ക്കുവേണ്ടി അഞ്ചുവിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ അമിത് മിശ്ര മൂന്നും.

മറുപടിയില്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നു ഹരിയാന. സ്കോര്‍ 25ലെത്തുംമുമ്പ് ഓപ്പണര്‍മാര്‍ രണ്ടുപേരും കൂടാരംകയറി.  15 റണ്ണുമായി പിടിച്ചുനിന്ന സി കെ ബിഷ്ണോയിയെ ജലജ് സക്സേന ബൌള്‍ഡാക്കി. എസ് ആര്‍ ചൌഹാന്‍ (6), ആര്‍ പി ശര്‍മ (4) എന്നിവരും വേഗം തിരിച്ചുകയറി. നാലാമനായിറങ്ങിയ രജത് പലിവാളും (25) ക്യാപ്റ്റന്‍ അമിതുമാണ് (15) ക്രീസില്‍.

പ്രധാന വാർത്തകൾ
Top