18 October Thursday

ബഗാനെ മിനര്‍വ തളച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 26, 2017

ലുധിയാന > 11-ാമത് ഐ ലീഗ് സീസണ് സമനിലയോടെ തുടക്കം. ആവേശംമുറ്റിയ കളിയില്‍ കൊല്‍ക്കത്ത വമ്പന്‍മാരായ മോഹന്‍ ബഗാനെ കളി അവസാനിക്കാന്‍ രണ്ടുമിനിറ്റ് ശേഷിക്കെ നേടിയ ഗോളിന് മിനര്‍വ പഞ്ചാബ് സമനിലയില്‍ തളച്ചു. ആദ്യപകുതിയില്‍ സോണി നോര്‍ദെയുടെ ഗോളില്‍ ബഗാന്‍ മുന്നിലെത്തി. 88-ാം മിനിറ്റില്‍ മൊയിനുദ്ദീന്‍ ഖാനാണ് മിനര്‍വയുടെ സമനിലഗോള്‍ നേടിയത്. നേര്‍ക്കുനേര്‍ വന്ന മൂന്നു കളിയില്‍ ബഗാനെതിരെ മിനര്‍വയുടെ ആദ്യഗോളും ആദ്യപോയിന്റുംകൂടിയാണ് ലുധിയാനയിലെ ഗുരുനാനാക് സ്റ്റേഡിയത്തില്‍ പിറന്നത്. ഇതിനുമുമ്പുള്ള രണ്ട് മത്സരവും ബഗാന്‍ സ്വന്തമാക്കിയിരുന്നു. 

കളിയിലും സ്കോറിലും പിറകില്‍നിന്ന ആദ്യപകുതിക്കുശേഷം തുടരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ട മിനര്‍വ അര്‍ഹിച്ച സമനിലയാണ് നേടിയെടുത്തത്. ബഗാന്റെ വമ്പിനുമുന്നില്‍ തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് പഞ്ചാബുകാര്‍ വീര്യം വീണ്ടെടുത്തു. കൊല്‍ക്കത്തക്കാരുടെ പ്രതിരോധം ആവര്‍ത്തിച്ച് തകര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ ഷില്‍ടണ്‍ പോളും ഒരവസരത്തില്‍ പോസ്റ്റും ഗോളിനും മിനര്‍വയ്ക്കും ഇടയില്‍ നിന്നു. എന്നാല്‍ 88-ാം മിനിറ്റില്‍ ബോക്സില്‍ വലതുവശത്തുനിന്ന് ക്യാപ്റ്റന്‍ സുഖ്ദേവ് സിങ് ഉയര്‍ത്തി നല്‍കിയ ക്രോസ് നിലത്തുവീഴുംമുമ്പ് മൊയിനുദ്ദീന്‍ അടിതൊടുത്തപ്പോള്‍ ഷില്‍ടണ്‍ കീഴടങ്ങി. അടിക്കുകുറുകെ ചാടിയെങ്കിലും ബഗാന്‍ ഗോളിയുടെ ഇടതുചുമലില്‍ ഉരസി പന്ത് വലയില്‍ തുളഞ്ഞുകയറുകയായിരുന്നു.

അപകടകാരിയായ സോണി നോര്‍ദെ നയിച്ച ബഗാന്‍ മുന്നേറ്റത്തിനെതിരെ അതീവ ശ്രദ്ധയോടെയായിരുന്നു മിനര്‍വയുടെ തുടക്കം. നോര്‍ദെയ്ക്കൊപ്പം ലൈബീരിയക്കാരന്‍ അന്‍സുമാന ക്രോമയും കാമറൂണ്‍കാരന്‍ ആസെര്‍ പിയെറിക് ദിപാന്‍ഡയും ഇടതുവലതുവശങ്ങളിലൂടെ ഓടിക്കയറി. എന്നാല്‍ സുഖ്ദേവും ദീപക് ദേവ്റാണിയും ഗയ് എറിക് ഡാനോയും അടങ്ങിയ പ്രതിരോധം ബോക്സിന്റെ അരികുവിടാതെ കോട്ടകെട്ടി. പന്ത് അടിച്ചകറ്റാന്‍ മാത്രം ശ്രമിച്ച മിനര്‍വയുടെ പ്രതിരോധക്കളി പലപ്പോഴും വിരസമായി. മധ്യവൃത്തത്തില്‍ മാത്രം കളി ഒതുങ്ങുകയും ചെയ്തു.

ഇടവേളയ്ക്ക് ഒരുമിനിറ്റ് മാത്രം ശേഷിക്കെ പക്ഷേ, ബഗാന്‍ മുന്നിലെത്തി. ഹെയ്തിക്കാരന്‍ ക്യാപ്റ്റന്‍ നോര്‍ദെയുടെ മിടുക്ക്. ഇടതുവശത്തുനിന്ന് വലതുവശത്തേക്ക് മാറിക്കളിച്ച തന്ത്രം ഫലംകാണുകയായിരുന്നു. മധ്യവരയില്‍നിന്ന് പന്തുമായി കുതിച്ച നോര്‍ദെ പ്രതിരോധിക്കാനെത്തിയ മൂന്ന് എതിര്‍താരങ്ങളെയും കീഴടക്കി ബോക്സില്‍ കയറി. കടുപ്പമേറിയ ആംഗിളില്‍നിന്ന് അടിതൊടുത്തു. ശക്തികുറഞ്ഞതെങ്കിലും ലക്ഷ്യത്തിലേക്കു പാഞ്ഞ പന്ത് കൌമാരക്കാരന്‍ ഗോള്‍കീപ്പര്‍ അര്‍ഷ്ദീപ് സിങ്ങിനെ കീഴടക്കി വലയുടെ എതിര്‍മൂലയിലേക്കു കയറി.

ആദ്യപകുതി നോര്‍ദെയുടെ ഗോളിലൂടെ ബഗാന്‍ സ്വന്തമാക്കിയെങ്കിലും പിന്നീട് മിനര്‍വ കളിപിടിച്ചു. ബഗാന്‍ മധ്യനിര പന്തുകിട്ടാതെ ഉഴറിയപ്പോള്‍ പ്രതിരോധം തടുക്കാന്‍ പണിപ്പെടുകയായിരുന്നു. മിനര്‍വയുടെ മുന്നേറ്റത്തിന്റെ മൂര്‍ച്ചയില്ലായ്മ ബഗാന് പലതവണ തുണയായി. കൊല്‍ക്കത്തക്കാരുടെ പ്രതിരോധത്തെ കാഴ്ചക്കാരാക്കിയശേഷം ഇവാന്‍ ലാഗോ ദാഗ്ബോ ബെയ് തൊടുത്ത ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. വീണ്ടും കാലില്‍ കിട്ടിയെങ്കിലും അടി ബാറിനു മുകളിലൂടെ പറന്നു. തൊട്ടുപിന്നാലെ ഗിരി ഖോസ്ല പോസ്റ്റിന് തൊട്ടുമുന്നില്‍നിന്ന് അവസരം പാഴാക്കി. ദീപക് ദേവ്റാണിയും ക്ളോസ് റേഞ്ചില്‍നിന്ന് പുറത്തേക്കടിച്ചു.

ഒരു ഗോള്‍ ലീഡുമായി കളി അവസാനിപ്പിക്കാമെന്ന മട്ടിലായിരുന്നു ബഗാന്‍. എതിര്‍ ഗോള്‍മുഖത്തേക്ക് ഓടിക്കയറുന്നത് മതിയാക്കി പ്രതിരോധിക്കാന്‍ മാത്രമായി ശ്രമം. അത് തിരിച്ചടിച്ചു. മിനര്‍വ ആത്മവിശ്വാസത്തോടെ പന്തുതട്ടി. തുടരെ തുടരെ ഗോളിലേക്ക് പാഞ്ഞുവന്നു. ഒടുവില്‍ ബഗാന്‍ പ്രതിരോധക്കാര്‍ തളര്‍ന്നു. ഗോളിനുമുന്നില്‍ ആളൊഴിഞ്ഞുനിന്ന മൊയിനുദ്ദീന് സുഖ്ദേവിന്റെ പാസില്‍ ബഗാന് ജയം നിഷേധിച്ചു.
തിങ്കഴാഴ്ച ഷില്ലോങ് ലജോങ് എഫ്സിയും ഗോകുലം എഫ്സിയും തമ്മില്‍ ഏറ്റുമുട്ടും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top