21 October Sunday
ചാമ്പ്യന്‍സ് ലീഗ്: ഗോളടിയില്‍ പിഎസ്ജിക്ക് റെക്കോഡ്

ചെല്‍സിയും ബാഴ്സയും എത്തി

വെബ് ഡെസ്‌ക്‌Updated: Friday Nov 24, 2017

പാരീസ് > ബാഴ്സലോണയും ചെല്‍സിയും ചാമ്പ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഹൊസെ മൊറീന്യോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇനിയും കാത്തിരിക്കണം. സ്വിറ്റ്സര്‍ലന്‍ഡ് ക്ളബ്ബായ എഫ്സി ബാസെലിനോട് യുണൈറ്റഡ് ഒരു ഗോളിന് തോറ്റു. നെയ്മറിന്റെ വരവില്‍ ശക്തമായ പാരീസ് സെന്റ് ജെര്‍മെയ്ന്‍ റെക്കോഡിന്റെ തിളക്കത്തോടെ സെല്‍റ്റിക്കിനെ നിലംപരിശാക്കി (7-1). റോമയെ തോല്‍പ്പിച്ച് അത്ലറ്റികോ മാഡ്രിഡ് വിദൂരസാധ്യത നിലനിര്‍ത്തി.

ടുറിനില്‍ യുവന്റസിനെ നേരിടാന്‍ ഇറങ്ങിയ ബാഴ്സലോണ നിരയില്‍ പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദെ ആദ്യം ലയണല്‍ മെസിയെ ഇറക്കിയില്ല. രണ്ടാം പകുതിയില്‍ പകരക്കാരനായി മെസിയെ ഇറക്കിയെങ്കിലും ബാഴ്സ ഗോള്‍ കണ്ടില്ല. മത്സരം ഗോളടിക്കാതെ പിരിഞ്ഞു. ഗ്രൂപ്പ് ഡിയില്‍നിന്ന് ചാമ്പ്യന്‍മാരായിതന്നെ ബാഴ്സ അടുത്തഘട്ടത്തില്‍ പ്രവേശിച്ചു. ബാഴ്സയ്ക്ക് 11 പോയിന്റ്. രണ്ടാമതുള്ള യുവന്റസിന് എട്ടും.

പത്തുപേരായി ചുരുങ്ങിയ ക്വാരാബാഗിനെ മടക്കമില്ലാത്ത നാലു ഗോളിനാണ് ചെല്‍സി തകര്‍ത്തത്. ആഞ്ഞടിച്ച ചെല്‍സിക്കെതിരെ ഈ അസര്‍ബെയ്ജന്‍ ക്ളബ്ബിന് മറുപടിയില്ലായിരുന്നു. രണ്ടു ഗോള്‍ വില്ലിയന്റെ വകയായിരുന്നു. മറ്റ് രണ്ട് ഗോളിനും വഴിയൊരുക്കിയ പെനല്‍റ്റിയും നേടിയത് വില്ലിയന്‍തന്നെ. ആദ്യ കിക്ക് ഏഡന്‍ ഹസാര്‍ഡും രണ്ടാം കിക്ക് സെക് ഫാബ്രിഗസും ലക്ഷ്യത്തിലെത്തിച്ചു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തോല്‍വി ഞെട്ടിക്കുന്നതായി. ആദ്യ പകുതിയില്‍ യുണൈറ്റഡിന്റെ രണ്ട് അടി ബാസെലിന്റെ ക്രോസ്ബാറില്‍ തട്ടി മടങ്ങി. മറൌനെ ഫെല്ലെയ്നിയുടെ അടി പോസ്റ്റ് തടുത്തു. തൊട്ടുപിന്നാലെ മാര്‍ക്കോസ് റോജോ അടിച്ചതും പോസ്റ്റ് രക്ഷിച്ചു. ഗ്രൂപ്പ് എയില്‍ 12 പോയിന്റുമായി മുന്നിലുള്ള യുണൈറ്റഡിന് ഒരു പോയിന്റ് മതിയായിരുന്നു നോക്കൌട്ട് ഉറപ്പിക്കാന്‍. എന്നാല്‍ കളിയുടെ 89-ാം മിനിറ്റില്‍ മൈക്കല്‍ ലാങ് യുണൈറ്റഡിനെ പരിഭ്രമിപ്പിച്ചു. ലാങ് യുണൈറ്റഡിന്റെ വലയില്‍ പന്തെത്തിച്ചു.

സ്കോട്ട്ലന്‍ഡുകാരുടെ സെല്‍റ്റിക്കിനെതിരെ ഗോളടിച്ച് രസിക്കുകയായിരുന്നു പിഎസ്ജി. പിഎസ്ജി തട്ടകത്തില്‍ ഒന്നാം മിനിറ്റില്‍തന്നെ മൌസ ഡെംബെലെയിലൂടെ മുന്നിലെത്തി സെല്‍റ്റിക്ക് ഞെട്ടിച്ചു. എന്നാല്‍ പിന്നെ സെല്‍റ്റിക്കിനെ കാണാനേ ഉണ്ടായിരുന്നില്ല. നെയ്മറിലൂടെ സമനില. നെയ്മര്‍തന്നെ ലീഡിലുമെത്തിച്ചു. നെയ്മര്‍ ഒരുക്കിയ അവസരം ഉപയോഗിച്ച് എഡിന്‍സണ്‍ കവാനി ലീഡ് ഉയര്‍ത്തി. കവാനി ഒരു ഗോള്‍കൂടി നേടി. കൈലിയന്‍ എംബാപെ, വെറാട്ടി, ഡാനി ആല്‍വേസ് എന്നിവരും ഗോള്‍ നേടി. രണ്ടാം പകുതിയില്‍ അഞ്ചുമിനിറ്റിനകമായിരുന്നു മൂന്ന് ഗോള്‍. ഈ ഗോള്‍മേളം പിഎസ്ജിക്ക് റെക്കോഡും നല്‍കി. ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ്ഘട്ടത്തില്‍ ഏറ്റവുമധികം ഗോളടിച്ചവരായി പിഎസ്ജി. അഞ്ച് കളിയില്‍നിന്ന് അവര്‍ 24 ഗോള്‍ നേടി.  ബയേണ്‍ മ്യൂണിക്ക് അന്റര്‍ലെക്ടിനെ 2-1ന് തോല്‍പ്പിച്ച് ഗ്രൂപ്പ് ബിയില്‍ രണ്ടാംസ്ഥാനം നിലനിര്‍ത്തി.

അത്ലറ്റികോ മാഡ്രിഡ് റോമയെ തോല്‍പ്പിച്ച് നേരിയ സാധ്യത നിലനിര്‍ത്തി. രണ്ട് ഗോളിനായിരുന്നു ജയം. ഗ്രീസ്മാനും ഗമീറോയും ഗോള്‍ നേടി. ഗ്രൂപ്പ് സിയില്‍ അത്ലറ്റികോ അവസാനമത്സരത്തില്‍ ചെല്‍സിയെ തോല്‍പ്പിക്കുകയും റോമ ക്വാരാബാഗിനോട് തോല്‍ക്കുകയും ചെയ്താല്‍ രക്ഷപ്പെടാം.

പ്രധാന വാർത്തകൾ
Top