17 August Friday

നദാലും മടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 24, 2018


മെൽബൺ > ഓസ്ട്രേലിയൻ ഓപ്പണിൽ വൻ വീഴ്ചകൾ തുടരുന്നു. ലോക ഒന്നാം റാങ്കുകാരൻ റാഫേൽ നദാലും കിരീടവഴിയുടെ ഇടയ്ക്കുവച്ച് മടങ്ങി. ക്വാർട്ടറിൽ മാരിൻ സിലിച്ചുമായുള്ള മത്സരത്തിനിടെ പരിക്കുകാരണം നദാൽ പിന്മാറി. അഞ്ചാം സെറ്റിൽ 0‐2ന് പിന്നിൽനിൽക്കവെയാണ് നദാൽ പിന്മാറിയത്  (6‐3, 3‐6, 7‐6 (7‐5), 2‐6, 0‐2). മൂന്നാം സീഡ്ഗ്രിഗർ ദിമിത്രോവും പുറത്തായി. വനിതകളിൽ നാലാം സീഡ് എലീന സ്വിറ്റോളിനയും സെമി കാണാതെ മടങ്ങി. കഴിഞ്ഞദിവസം മുൻ ചാമ്പ്യൻ നൊവാക് യൊകോവിച്ചും പുറത്തായിരുന്നു.

സിലിച്ചിനെതിരെ തുടക്കം മികച്ചതായിരുന്നു. രണ്ടുതവണ സിലിച്ചിന്റെ സെർവ് ഭേദിച്ച് നദാൽ ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ സിലിച്ച് തിരിച്ചുവന്നു. മൂന്നാം സെറ്റ് ആവേശകരമായിരുന്നു. സെർവിൽ അസാമാന്യ കരുത്തുള്ള സിലിച്ചിനെതിരെ ഇഞ്ചിനിഞ്ച് പൊരുതി നദാൽ. സിലിച്ചിന്റെ രണ്ട് ബ്രേക്ക് പോയിന്റ് അവസരങ്ങളെ നിർവീര്യമാക്കി കളി ടൈബ്രേക്കിലേക്ക് നീട്ടി. തകർപ്പൻ റിട്ടേണുകൾ കൊണ്ട് ടൈബ്രേക്കും നേടി. പക്ഷേ, അപ്പോഴേക്കും നദാൽ തളർന്നു തുടങ്ങിയിരുന്നു. നാലാം സെറ്റിൽ ക്രൊയേഷ്യക്കാരന്റെ കളിമികവിനു മുന്നിൽ നദാൽ പൂർണമായും തളർന്നു. ഇടയ്ക്ക് മുടന്തി. അഞ്ചാം സെറ്റിന്റെ രണ്ടാം ഗെയിമിൽ സിലിച്ച് സെർവ് ഭേദിച്ചതോടെ നദാൽ അവസാനിപ്പിച്ചു. കഴിഞ്ഞവർഷം ഫൈനലിൽ റോജർ ഫെഡററോടാണ് നദാൽ തോറ്റത്.

സീഡില്ലാ കളിക്കാരൻ കൈൽ എഡ്മുണ്ടാണ് സെമിയിൽ സിലിച്ചിന്റെ എതിരാളി. എഡ്മുണ്ട് അഞ്ചാം സീഡുകാരൻ ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവിനെ അട്ടിമറിച്ചു. നാല് സെറ്റ് പോരാട്ടത്തിലായിരുന്നു ഈ ബ്രിട്ടീഷുകാരന്റെ ജയം (6‐4, 3‐6, 6‐3, 6‐4).

വനിതകളിൽ ബൽജിയത്തിന്റെ എലീസ് മെർട്ടൻസാണ് സ്വിറ്റോളിനയെ അട്ടിമറിച്ചത് (6‐4, 6‐0).         

പ്രധാന വാർത്തകൾ
Top