21 November Wednesday

ചാമ്പ്യൻസ്‌ ലീഗ്‌ : റോേണാ ഇന്ന്‌ മാഞ്ചസ‌്റ്ററിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 23, 2018


ലണ്ടൻ
യുവേഫ ചാമ്പ്യൻസ‌് ലീഗ‌് മൂന്നാംഘട്ട ഗ്രൂപ്പ‌് മത്സരങ്ങൾക്ക‌് ചൊവ്വാഴ‌്ച തുടക്കം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രഭാവത്തിൽ കൂടുതല്‍ കരുത്തരായ യുവന്റ‌‌സ‌് മാഞ്ചസ‌്റ്റർ യുണൈറ്റഡിനെ നേരിടും.  ഹൊസെ മൊറീന്യോയുടെ യുണൈറ്റഡിന‌് കനത്ത വെല്ലുവിളിയാകും ഇറ്റാലിയൻ ചാമ്പ്യന്മാർ. റൊണാള്‍ഡോ തന്റെ  മുന്‍ ക്ലബ്ബായ യുണൈറ്റഡിനെതിരെ ബൂട്ട‌് കെട്ടുന്നുവെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട‌്. യുണൈറ്റഡിനെതിരെ വിജയത്തിൽ കുറഞ്ഞതൊന്നും മാസിമില്ലാനോ അല്ലെഗ്രിയുടെ സംഘം പ്രതീക്ഷിക്കുന്നില്ല. റൊണാള്‍ഡോയിലൂടെ ഇത്തവണ ചാമ്പ്യന്‍സ് ലീഗ് തന്നെയാണ‌് യുവന്റസ‌് നോട്ടമിടുന്നത‌്.

ചാമ്പ്യൻസ‌് ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം യുവന്റസ‌് പുറത്തെടുത്തു. ആദ്യകളിയിൽ സ‌്പാനിഷ‌് ക്ലബ‌് വലെൻസിയയെ തോൽപ്പിച്ചു. രണ്ടാംമത്സരത്തിൽ സസ‌്പെൻഷൻമൂലം റൊണാൾഡോ കളിക്കാതിരുന്നിട്ടും എതിരില്ലാത്ത മൂന്ന‌് ഗോളിന‌് യങ‌് ബോയ‌്സിനെ തകർത്തു. ഗ്രൂപ്പ‌ിൽ ഒന്നാമതാണ‌് യുവന്റസ‌്.

പ്രീമിയർ ലീഗിൽ മൂന്നു ദശാബ്ദത്തിനിടെ ഏറ്റവും മോശം പ്രകടനമെന്ന പ്രതിസന്ധി നേരിടുന്ന യുണൈറ്റഡ‌ിന‌് ചാമ്പ്യൻസ‌് ലീഗിലും നല്ല തുടക്കമില്ല. കഴിഞ്ഞ മത്സരത്തിൽ വലെൻസിയക്കെതിരെ  ടീമിന‌് ഗോൾരഹിത സമനില വഴങ്ങേണ്ടിവന്നു. ആദ്യമത്സരത്തിൽ യങ‌് ബോയ‌്സിനെ കീഴടക്കിയിരുന്നു. ഇതിനുമുമ്പ‌് 12 തവണയാണ‌് യുവന്റസും യുണൈറ്റഡും മുഖാമുഖം വന്നത‌്. രണ്ടു കളികൾ സമനിലയായി. ബാക്കി കളികളിൽ ജയം പങ്കുവച്ചു. ലീഗുകളിൽ കളിച്ച അവസാനമത്സരങ്ങളിൽ സമനില വഴങ്ങിയാണ‌് ഇരുടീമും മുഖാമുഖം വരുന്നത‌്. ഇറ്റാലിയൻ ലീഗിലെ തുടർച്ചയായ വിജയക്കുതിപ്പിനൊടുവിൽ യുവന്റസിനെ ജെനോവ സമനിലയിൽ കുരുക്കിയിരുന്നു. പ്രീമിയർ ലീഗിലെ ചെൽസി–യുണൈറ്റഡ‌് പോരും സമനിലയായിരുന്നു. അവസാനം കളിച്ച അഞ്ചുമത്സരങ്ങളിൽ നാലിലും ഇറ്റാലിയൻ സംഘം ജയിച്ചപ്പോൾ, ഒരുവിജയം മാത്രമാണ‌് മൊറീന്യോക്കുള്ളത‌്.

റൊണാൾഡോ, മരിയോ മാന്‍ഡ്സുകിച്ച്, യുവാന്‍ കൊദ്രാദോ എന്നിവരെ മുന്നിൽ നിർത്തിയാകും അല്ലെഗ്രി ആക്രമണത്തിന‌് ഇറങ്ങുക. പൗളോ ഡിബാല ആദ്യപതിനൊന്നിൽ ഇടംനേടാൻ സാധ്യതയില്ല. ചെൽസിക്കെതിരെ ഇരട്ടഗോൾ നേടിയ ആന്തണി മാർഷ്യൽ യുണൈറ്റഡിനായി ആദ്യ ഇലവനിൽ കളിക്കും.

ഗ്രൂപ്പ‌് ജിയിലെ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ‌് വിക്ടോറിയ പ്ലെസെനെ നേരിടും. മോശം ഫോമിൽ തുടരുന്ന റയലിന‌് മത്സരം ഏറെ നിർണായകമാണ‌്. പരിശീലകൻ ജൂലെൻ ലൊപെട്ടേഗിയുടെ ഭാവി മത്സരഫലം തീരുമാനിക്കും. ആദ്യമത്സരങ്ങളിൽ റയൽ മൂന്ന‌് ഗോളിന‌് എ എസ‌് റോമയെ തോൽപ്പിക്കുകയും സിഎ‌സ‌്കെഎ മോസ‌്കോയോട‌് തോൽവി വഴങ്ങുകയും ചെയ‌്തിരുന്നു. എതിരില്ലാത്ത അഞ്ച‌് ഗോളിന‌് റോമ പ്ലെസെനെ തോൽപ്പിച്ചപ്പോൾ മോസ‌്കോയുമായുള്ള മത്സരം രണ്ട‌് ഗോളിന‌് സമനിലയായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ റോമ മോസ‌്കോയെ നേരിടും‌.

ജർമൻ ലീഗ‌് ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന‌് ഗ്രീക്ക‌് ക്ലബ‌് എഇകെ ഏതൻസാണ‌് എതിരാളികൾ. അവസാനമത്സരത്തിൽ ബയേൺ ഡച്ച‌് ക്ലബ‌് അയാക‌്സിനോട‌് സമനില വഴങ്ങിയിരുന്നു. ആദ്യമത്സരത്തിൽ  പോർച്ചുഗീസ‌് ക്ലബ്ബായ ‌‌ബെൻഫിക്കയെ ബയേൺ തകർത്തിരുന്നു.

ഗ്രൂപ്പിലെ രണ്ടാംമത്സരത്തിൽ അയാക‌്സ‌് ബെൻഫിക്കയെ നേരിടും. മറ്റു മത്സരങ്ങളിൽ മാഞ്ചസ‌്റ്റർ സിറ്റി ഉക്രെയ‌്ൻ ക്ലബ‌് ഷാക‌്തർ ഡൊണെസ‌്തകിനെയും ടോട്ടനം ഹോട‌്സ‌്പ‌ർ പിഎസ‌്‌വി ഐന്തൊവനെയും നേരിടും.


പ്രധാന വാർത്തകൾ
Top